മരണഭയത്തില്‍ ഒരു ജനത(കേരളത്തിലല്ല)
സുഹൃത്തിന്റെ ബന്ധു കൊവിഡ് ബാധിച്ച് കഴിഞ്ഞദിവസം ഡല്‍ഹിയില്‍ മരിച്ചു. മുപ്പത്തിമൂന്ന് വയസുകാരനായിരുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി അവിടെ താമസിച്ചു ജോലിചെയ്തു വരികയായിരുന്നു കിരണ്‍ (യഥാര്‍ഥ പേരല്ല) എന്ന ആ യുവാവ്. സാധാരണ കൊവിഡ് മരണമൊന്നും രാജ്യതലസ്ഥാനത്തെ ഞെട്ടിക്കുന്ന വാര്‍ത്തയൊന്നുമല്ല. മരണത്തേക്കാള്‍ ഭീകരമാണ് നിലയ്ക്കാറായ ശ്വാസം പിടിച്ചുനിര്‍ത്താനായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കായുള്ള കാത്തിരിപ്പും ഏതെങ്കിലും ആശുപത്രിയില്‍ ഒന്നു അഡ്മിറ്റ് ചെയ്തുകിട്ടാനായി മരണം മുന്നില്‍കണ്ടുള്ള രോഗികളുടെ ഓട്ടവും. അതിനിടയില്‍ തികച്ചും സാധാരണക്കാരനായ ഒരു മലയാളിയുടെ മരണത്തിന് ഒരു പ്രത്യേകതയും അവകാശപ്പെടാനാവില്ല.
എന്നാല്‍, കിരണിന്റെ മരണം ഓക്‌സിജന്‍ ലഭിക്കാതെയോ ആശുപത്രിയില്‍ മതിയായ ചികിത്സ കിട്ടാത്തതിനാലോ അല്ല. ഓരോ ദിവസവും ഓക്‌സിജന്‍ കിട്ടാതെ ഡല്‍ഹിയില്‍ 20 കൊവിഡ് രോഗികളെങ്കിലും മരിച്ചുവീണപ്പോള്‍ കിരണിന്റെ മരണം ഭീതിയെ തുടര്‍ന്നായിരുന്നു. തന്റെ ശരീരത്തില്‍ കൊറോണ വൈറസ് ബാധിച്ചാല്‍ ശ്വാസംകിട്ടാതെ, ചികിത്സ കിട്ടാതെ മരിച്ചുപോകുമെന്ന് ഓരോ ഡല്‍ഹിക്കാരനെപോലെ കിരണും ചിന്തിച്ചു. പിന്നെ രോഗത്തെ ഭയപ്പെട്ടു. മാനസികനില തെറ്റി. മരുന്നുകള്‍ തട്ടിത്തെറിപ്പിച്ചു. ആശുപത്രി ബെഡില്‍ കെട്ടിയിട്ടുവരെ മരുന്നുകള്‍ കഴിപ്പിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ കിണഞ്ഞു ശ്രമിച്ചു. പക്ഷേ, ഒന്നും ഫലം കണ്ടില്ല. കിരണും രക്തസാക്ഷിയായി. ഭരണകൂടത്തിന്റെ അനാസ്ഥയുടെ രക്തസാക്ഷി. ഇത് കിരണിന്റെ മാത്രം ഭയമല്ല, കേരളം ഒഴികെയുള്ള കൊവിഡ് അതിവേഗം പടരുന്ന സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ മരണഭയത്തോടെയാണ് ജനങ്ങള്‍ ജീവിക്കുന്നത്. നരേന്ദ്രമോദിയുടെ ഇന്ത്യക്കു കീഴിലെ ഗുജറാത്തിലും ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമെല്ലാം ജനതയെ മരണഭയം പിടികൂടിയിരിക്കുന്നു. ഏതു നിമിഷവും രോഗം തങ്ങളെയും പിടികൂടുമെന്നും ഒഴിവില്ലാത്ത ആശുപത്രികളും കാലിയായ ഓക്‌സിജന്‍ സിലിണ്ടറുകളും തങ്ങളുടെ ജീവന്‍ അപഹരിക്കുമെന്നും ശരാശരി ഇന്ത്യക്കാരന്‍ ഉറച്ചുവിശ്വസിക്കുന്നു. ആശുപത്രികള്‍ക്ക് പകരം ആരാധനാലയങ്ങള്‍ കെട്ടിപ്പൊക്കാന്‍ ആഹ്വാനം ചെയ്യുന്ന ഒരു ഭരണകൂടം ഇതല്ലാതെ പിന്നെ എന്താണ് ബാക്കിയാക്കുക.
കൊവിഡിന്റെ രണ്ടാം വരവിന്റെ മുന്നറിയിപ്പു നല്‍കാന്‍, പ്രതിരോധത്തിനായുള്ള വാക്‌സിന്‍ കഴിയുന്നത്ര പേരിലേക്ക് എത്തിക്കാനും പൂര്‍ണമായും പരാജയപ്പെട്ട നരേന്ദ്രമോദി സര്‍ക്കാരിന്റെ നിസംഗതയുടെ ഫലമാണ് ഇപ്പോള്‍ രാജ്യത്തെ ശ്മശാനങ്ങളില്‍ നിന്നും ശേഷക്രിയകള്‍ പോലും ഇല്ലാതെ കൂട്ടമായി എരിഞ്ഞടുങ്ങുന്ന ചിതകള്‍ക്കുള്ളിലെ ശരീരങ്ങള്‍. പ്രതിരോധം സാധ്യമാണെന്ന പാഠം കേരളത്തില്‍ നിന്നെങ്കിലും ബി.ജെ.പി സര്‍ക്കാര്‍ പഠിച്ചിരുന്നുവെങ്കില്‍ രാജ്യത്തെ നിരവധി ജീവനുകള്‍ രക്ഷിക്കാമായിരുന്നു.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ മഹാമാരിക്കു മുന്‍പില്‍ ജനതയും ഭരണകൂടവും അടിയറവുപറയുമ്പോള്‍ കേരളം എന്ന കൊച്ചു സംസ്ഥാനം ഇങ്ങനെ പ്രതിരോധിച്ചു നില്‍ക്കുന്നതില്‍ ഇവിടുത്തെ ഭരണാധികാരികള്‍ക്കുള്ള പങ്ക് ചെറുതല്ല. തന്റെ പ്രജകള്‍ മരിച്ചുവീഴുന്നതു കാണുന്നില്ലേയെന്ന് വിലപിക്കുന്ന ഒരു മുഖ്യമന്ത്രിയെ ഡല്‍ഹിയില്‍ നാം കാണുമ്പോള്‍ പ്രതിസന്ധിയെ യാഥാര്‍ഥ്യബോധത്തോടെ നേരിടുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലേത് എന്നതില്‍ സംശയമില്ല. ഏത് മഹാമാരിയേയും ഒരു പരിധിവരെ നേരിടാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുന്നതിനു പിന്നില്‍ കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെക്കാലം കൊണ്ട് ഇവിടെ കെട്ടിപ്പൊക്കിയ ആതുരാലയങ്ങളുടെ കരുത്തുതന്നെയാണ്. അതിന് മാറിമാറി കേരളം ഭരിച്ച എല്ലാ ഭരണാധികാരികളും അവരുടേതായ സംഭാവനകളും നല്‍കി. രാഷ്ട്രീയ വിദ്വേഷം മറന്ന് പാര്‍ട്ടികളും ജനതയും പിന്തുണച്ചു. അവിടെ മതവും രാഷ്ട്രീയവുമില്ലായിരുന്നു. അതിന്റെ തണലിലാണ് ഇപ്പോള്‍ മലയാളികള്‍ ജീവഭയമില്ലാതെ കിടന്നുറങ്ങുന്നത്.
ഒന്നര വര്‍ഷം മുന്‍പ് ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മാത്രം ആരംഭിച്ചതല്ല കേരളത്തിലെ ആരോഗ്യമേഖലയിലെ ഒരുക്കം. അതിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ പോലും വേണ്ട ഒരുക്കങ്ങള്‍ നടത്താന്‍ യോഗിയുടെ യു.പിക്കോ ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിനോ ആം ആദ്മിയുടെ ഡല്‍ഹിക്കോ, കോണ്‍ഗ്രസ് - ശിവസേന കൂട്ടുകെട്ടിന്റെ മഹാരാഷ്ട്രയ്‌ക്കോ കഴിഞ്ഞില്ല. രാജ്യത്തെ കൊവിഡ് പിടിമുറിക്കുമ്പോള്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഒന്നരവര്‍ഷം മുന്‍പ് തന്നെ മുന്നറിയിപ്പു നല്‍കിയിട്ടും കേരളം ഒഴിച്ചുള്ള മറ്റൊരു സംസ്ഥാനവും ഓക്‌സിജന്‍ ഉല്‍പാദനം കൂട്ടാന്‍ തയാറായില്ല എന്ന ഒറ്റ കാര്യം മതി ഈ തിരിച്ചറിവിന്റെയും കരുതലിന്റെയും മൂല്യം വ്യക്തമാകാന്‍. കേരളത്തില്‍ ഇപ്പോള്‍ ഓക്‌സിജന്‍ ക്ഷാമമില്ല. മാത്രമല്ല, അയല്‍ സംസ്ഥാനങ്ങള്‍ക്കുള്ള വിതരണവും തുടരുന്നു. ഇതിലേക്ക് നയിച്ചത് 2020 മാര്‍ച്ച് 23ന് തന്നെ ഓക്‌സിജന്‍ ഫില്ലിങ് പ്ലാന്റുകളുടെയും ഉല്‍പാദകരുടെയും യോഗം വിളിച്ചു സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശമായിരുന്നു. ഇതിനെ തുടര്‍ന്ന് വ്യാവസായിക ആവശ്യത്തിനുള്ള സിലിണ്ടറുകള്‍ മെഡിക്കല്‍ സിലിണ്ടറുകളാക്കി മാറ്റി. നൈട്രജന്‍ സിലിണ്ടറുകളെയും ഓക്‌സിജന്‍ സിലിണ്ടറുകളാക്കി. ഡല്‍ഹി പോലും കേന്ദ്ര സഹായം തേടി കാത്തിരിക്കുമ്പോഴായിരുന്നു കേരളത്തിന്റെ ഈ കരുതലൊക്കെ. പ്രളയകാലത്തെയും ആദ്യ കൊവിഡ് തരംഗത്തിലേയും കൂട്ടായ്മ നമ്മുടെ മുന്‍പിലുണ്ട്.
സൗജന്യ വാക്‌സിനായി 'വാക്‌സിന്‍ ചലഞ്ച്' പ്രഖ്യാപിച്ചപ്പോള്‍ പ്രതിപക്ഷ കക്ഷികളും പൂര്‍ണ മനസോടെ പിന്തുണച്ചു. വാക്‌സിന്‍ വാങ്ങാനായി വേണ്ട 1300 കോടിയിലേക്ക് ഇപ്പോള്‍ സംഭാവനകളുടെ പ്രവാഹമാണ്. കോടികളുടെ തിളക്കമായി അതില്‍ ബീഡിത്തൊഴിലാളിയുടെ രണ്ടു ലക്ഷം മുതല്‍ എല്‍.കെ.ജിക്കാരന്റെ ചില്ലിക്കാശ് വരെയുണ്ട്.
പക്ഷേ, ഇതേ രാഷ്ട്രീയ നേതൃത്വത്തിനുണ്ടായ വീഴ്ചയും ചൂണ്ടിക്കാട്ടാതിരിക്കാനാവില്ല. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ രോഗവ്യാപനത്തിന്റെ തോത് കുത്തനെ ഉയര്‍ന്നിട്ടും നിയമസഭാ തെരഞ്ഞെടുപ്പിലെ നേട്ടം മാത്രം മുന്നില്‍ കണ്ട് വലിയ പ്രചാരണറാലികളും ആള്‍ക്കൂട്ടങ്ങളും സൃഷ്ടിക്കാന്‍ ആരും മടികാണിച്ചില്ല. രോഗം സമൂഹത്തില്‍ നിന്ന് വിട്ടൊഴിഞ്ഞില്ലെന്ന് അറിയാമായിരിന്നിട്ടും ടെസ്റ്റുകള്‍ പരിമിതപ്പെടുത്തി രോഗികളുടെ പ്രതിദിന എണ്ണം കുറച്ചു ജനങ്ങളുടെ 'ഭീതി അകറ്റി'. തെരഞ്ഞെടുപ്പിനുശേഷം രോഗവ്യാപനം കൂടിയ സമയത്ത് സര്‍ക്കാരും മന്ത്രിമാരും പൊടുന്നനെ പ്രതിരോധത്തിന്റെ നേതൃത്വത്തില്‍ നിന്ന് ഉള്‍വലിഞ്ഞു. പകരം ഉദ്യോഗസ്ഥര്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചതോടെ പലയിടത്തും താളംതെറ്റി. ഒരിടവേളയ്ക്കു ശേഷം വിണ്ടും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലേക്ക് വന്നിരിക്കുകയാണ്. ഇനി കൊവിഡിനെ തുരത്താന്‍ ജനങ്ങളുടെ വന്‍പങ്കാളിത്തമാണ് കേരളത്തിന് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."