സംസ്ഥാനത്ത് ഇന്നും മഴ കനക്കും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, വെള്ളിയാഴ്ച മുതല്‍ മഴ കുറഞ്ഞേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഉച്ചക്കു ശേഷം ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
വെള്ളിയാഴ്ചയോടെ മഴ ദുര്‍ബലമാകുമെന്നാണ് നിലവില്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം കരുതുന്നത്. എന്നാല്‍ ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് വടക്കോട്ട് നീങ്ങാനും സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ വരും ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും. കേരളാ തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
ഇന്നലെ പെയ്ത കനത്ത മഴയില്‍ കുട്ടനാട്ടില്‍ ശക്തമായ മടവീഴ്ചയുണ്ടായി. കുട്ടനാട് കൈനകരി സി ബ്ലോക്കില്‍ ഈയാഴ്ച കൊയ്യാനിരുന്ന 600 ഏക്കര്‍ പാടമാണ് മട വീണ് നശിച്ചത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്ന് കര്‍ഷകര്‍ പറയുന്നു. വേനല്‍ മഴ മാറാതെ നില്ക്കുമ്പോള് കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയിലെ മറ്റ് പാടങ്ങളും മടവീഴ്ച ഭീഷണിയിലാണ്.
ഇന്നലെ കോഴിക്കോട് തോട്ട്മുക്കം സര്‍ക്കാര്‍ യുപി സ്കൂളിലെ 40 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂര മഴയില്‍ തകര്‍ന്ന് നിലംപതിച്ചു. സ്കൂള്‍ പൂട്ടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. എല്‍കെജി വിദ്യാര്‍ത്ഥികളുടെ ക്ലാസിലാണ് അപകടമുണ്ടായത്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."