ചെറുധാന്യങ്ങളുടെ ഗുണങ്ങൾ അവഗണിക്കരുത്
കാലം മാറി, ജീവിത ശൈലിയും മാറി. അതോടെ ആരോഗ്യം രോഗത്തിന് വഴിമാറിയ യാഥാർത്ഥ്യം നിത്യജീവിതത്തിൽ അനുഭവിക്കുകയാണ് നമ്മളിപ്പോൾ. തിരക്കുപിടിച്ച യന്ത്രവൽകൃത ജീവിതത്തിൽ ശാരീരിക വ്യായാമത്തിനുള്ള അവസരം നഷ്ടമാകുന്നു. ഒപ്പം ഭക്ഷണത്തിൻ്റെ ധാരാളിത്തവും വയറുനിറച്ച് ഭക്ഷണം കഴിക്കുക എന്ന ശീലവും വർധിച്ചു. പൊണ്ണത്തടി, പ്രമേഹം എന്നിവ സർവ സാധാരണയായി.
ഭക്ഷണ കാര്യത്തിൽ നാം ഒട്ടും ആരോഗ്യകരമല്ലാത്ത സംസ്‌കാരം പിന്തുടരാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇന്ത്യയിൽ പ്രധാന ഭക്ഷ്യധാന്യം അരിയോ ഗോതമ്പോ ആണ്. കാർബോഹൈഡ്രേറ്റിന്റെ അനിയന്ത്രിത ഉപഭോഗമോ വ്യായാമരഹിത ജീവിതമോ കാരണം രാജ്യം പ്രമേഹത്തിന്റെ ഹബ്ബായി മാറിയിരിക്കുന്നു. ജീവിതശൈലി രോഗങ്ങളിലെ പ്രധാന വില്ലനും ആരോഗ്യം കാർന്നുതിന്നുന്ന നിശബ്ദ കൊലയാളിയുമാണ് പ്രമേഹം. ഹൃദ്രോഗം ഉൾപ്പെടെ വർധിക്കുന്നതിൽ വലിയ പങ്ക് പ്രമേഹത്തിനുണ്ട്.
ലോകത്തിന്റെ അന്ന ദാതാവായി അറിയപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഗോതമ്പും അരിയും മിക്ക രാജ്യങ്ങളിലേക്കും രാജ്യം കയറ്റി അയക്കുന്നു. എന്നാൽ, ഇതിലൊരു മാറ്റം ലക്ഷ്യമിട്ട് അന്താരാഷ്ട്ര മില്ലെറ്റ് (ചെറു ധാന്യം) വർഷമായി 2023 നെ തെരഞ്ഞെടുത്തിരിക്കുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചെറുധാന്യങ്ങളുടെ കൃഷിയും ഉപഭോഗവും പരിപോഷിപ്പിക്കാൻ പദ്ധതി തുടങ്ങി. മില്ലെറ്റുകൾ ഗോതമ്പിനെയും അരിയെയും അപേക്ഷിച്ച് പോഷക സമൃദ്ധമാണ്. രോഗപ്രതിരോധ ശേഷി കൂട്ടാനും ഉപകരിക്കും.
ഇന്ത്യയുടെ ശുപാർശ പ്രകാരം യു.എൻ പൊതുസഭയിലാണ് അന്താരാഷ്ട്ര ചെറുധാന്യ വർഷാചരണ പ്രമേയം വന്നത്. ഇന്ത്യയെ ചെറുധാന്യങ്ങളുടെ ഹബ്ബാക്കി മാറ്റുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഇന്ത്യയിലെ കൃഷിയിൽ ചെറുധാന്യങ്ങളെ ഒന്നാം സ്ഥാനത്ത് എത്തിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. കഴിഞ്ഞ കേന്ദ്ര ബജറ്റ് അവതരണ വേളയിൽ പാർലമെന്റ് കാന്റീനിലെ മുത്താറി ദോശയും ചെറുധാന്യത്തിന്റെ പ്രാധാന്യം കാണിക്കാനാണ് വിളമ്പിയത്.
ഏഷ്യ, ആഫ്രിക്ക രാജ്യങ്ങളിലെ 50 കോടി ജനങ്ങളുടെ പ്രധാന ഭക്ഷണമാണ് മില്ലെറ്റുകൾ. മഴക്കാലത്ത് കൃഷി ചെയ്യാവുന്നതും കുറഞ്ഞ വെള്ളം കൊണ്ട് കൃഷി പൂർത്തിയാക്കാൻ കഴിയുന്നതുമാണിത്. ഇന്ത്യയിൽ പരമ്പരാഗതമായി ചെറുധാന്യങ്ങൾ കൃഷി ചെയ്യുന്നുണ്ട്. എന്നാൽ അവ പ്രധാന ഭക്ഷണമായി ഉപയോഗിക്കപ്പെടാറില്ല. ബജ്‌റ, ചോളം, റാഗി, ചാമ, തിന തുടങ്ങിയവയാണ് ഇന്ത്യയിൽ വ്യാപകമായി കൃഷി ചെയ്യുന്ന ചെറു ധാന്യങ്ങൾ.
പോഷകങ്ങളുടെ കലവറയായി അറിയപ്പെടുന്ന മുഖ്യ ഭക്ഷ്യങ്ങളാണ് ഇവ. രോഗ പ്രതിരോധശേഷി കൂട്ടുകയും അമിതവണ്ണം കുറയ്ക്കുകയും ചെയ്യുന്നു. പ്രോട്ടീനുകൾ, വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, ഭക്ഷ്യയോഗ്യമായ നാരുകൾ (ഫൈബറുകൾ) എന്നിവ ചെറു ധാന്യങ്ങളിലുണ്ട്. എന്നാൽ അരിയിലും ഗോതമ്പിലും കൂടുതലും അടങ്ങിയിട്ടുള്ളത് കാർബോഹൈഡ്രേറ്റുകളെന്ന അന്നജമാണ്. ചെറു ധാന്യങ്ങൾ ദിവസവും ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് ആരോഗ്യകരമായ ജനതയെ സൃഷ്ടിക്കും.
മില്ലെറ്റുകളിൽ കാർബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. അരിഭക്ഷണം പോലെ പെട്ടെന്ന് ദഹിച്ച് കൂടുതൽ ഗ്ലൂക്കോസ് രക്തത്തിലേക്ക് മില്ലെറ്റുകൾ കടത്തിവിടുന്നില്ല. സാവധാനം മാത്രമേ മില്ലെറ്റുകൾ രക്തത്തിലേക്ക് ഗ്ലൂക്കോസിനെ ലയിപ്പിക്കുന്നൊള്ളൂ എന്നതിനാൽ പ്രമേഹ രോഗികൾക്കും ചെറു ധാന്യങ്ങൾ ഉപയോഗിക്കാനാകുന്നു. ഫൈബറുകളുടെ അളവ് കൂടുതലായതിനാൽ കൊളസ്‌ട്രോൾ നില കുറയ്ക്കുകയും ചെയ്യും. ഹൃദ്രോഗത്തിൽ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ രാജ്യമായി മാറിയിരിക്കുകയാണ്. ചെറുധാന്യങ്ങൾ പതിവാക്കിയാൽ ഹൃദ്രോഗബാധ സാധ്യത കുറയുമെന്നാണ് പഠനങ്ങൾ.
ദഹന സംബന്ധമായ അസുഖങ്ങൾ, വായുക്ഷോഭം തുടങ്ങിയ പ്രശ്‌നങ്ങളുള്ളവർക്കും ചെറുധാന്യങ്ങൾ അനുയോജ്യ ഭക്ഷണമാണ്. ചെറുകുടൽ പുണ്ണ്, മലബന്ധം എന്നിവയുള്ളവർക്കും ഇതു ഗുണം ചെയ്യും. ഗോതമ്പുകളിൽ കാണപ്പെടുന്ന ഗ്ലൂട്ടൺ മില്ലെറ്റുകളില്ലാത്തതിനാൽ അലർജി, ആമാശയ സംബന്ധമായ അസുഖമുള്ളവർക്കും ചെറുധാന്യങ്ങൾ ശീലമാക്കാം.
നമ്മൾ കഴിക്കാതെ പക്ഷികൾക്കും മറ്റും നൽകാറുള്ള തിനയിൽ കാൽസ്യവും ധാതു ലവണങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. വാത രോഗികൾ, എല്ലുകളിലും സന്ധികളിലും വേദനയുള്ളവർ നീർക്കെട്ടുള്ളവർ എന്നിവർക്ക് മില്ലെറ്റുകൾ ഔഷധം പോലെ പ്രവർത്തിക്കുന്ന ഭക്ഷണമാണ്. പ്രായമായവരിൽ സാധാരണ കണ്ടുവരുന്ന അൽഷിമേഴ്‌സ്, പാർക്കിൻസൺസ് രോഗികൾക്ക് മസ്തിഷ്‌കത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഇവയിലടങ്ങിയ ആന്റി ഓക്‌സിഡന്റുകളായ പോളിഫിനോളുകൾ സഹായിക്കും. ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുകയും അതുവഴി മസ്തിഷ്‌കത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുകയും ചെയ്യാൻ ചെറുധാന്യങ്ങളുടെ ഉപയോഗം സഹായിക്കും.
ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ചെറുധാന്യങ്ങൾ പോഷകമുള്ള ഭക്ഷ്യമാണ്. വിളർച്ച ഒഴിവാക്കാൻ ഇവ സഹായിക്കും. കൂവരക്, കോഡോ മില്ലെറ്റുകളിൽ പോഷകങ്ങളുടെ കവലറ തന്നെയുണ്ട്. തൃപ്തികരമായ ആരോഗ്യത്തിനും രോഗികളുടെ എണ്ണം കുറയ്ക്കുന്നതിനും നല്ല ഭക്ഷണ രീതി തിരയുമ്പോൾ അത് നമുക്ക് മുന്നിൽ തന്നെയുണ്ട് എന്നതാണ് വസ്തുത. പൂർവീകർ കഴിച്ച ഭക്ഷണങ്ങളിൽ പലതും നമുക്കിപ്പോൾ രുചി തോന്നുന്നില്ല.
ഹൃദ്രോഗം, പ്രമേഹം, കൊളസ്‌ട്രോൾ, ദഹനപ്രശ്‌നങ്ങൾ, കാൻസർ തുടങ്ങി ഇന്നു നേരിടുന്ന രോഗങ്ങളുടെ പ്രതിവിധി കൂടിയാണ് ചെറുധാന്യങ്ങൾ. പുതു തലമുറയ്ക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ഇവ അവതരിപ്പിക്കാനും ഭക്ഷണത്തിൽ ഉൾപ്പെടുത്താനും തയാറാവുകയാണ് നമ്മൾ ചെയ്യേണ്ടത്. ഉപഭോക്താവിനും പ്രകൃതിക്കും കൃഷിക്കാരനും ഒരുപോലെ പ്രയോജനപ്രദവുമാണ് മില്ലെറ്റുകൾ. ഭക്ഷ്യവൈവിധ്യവും കാർഷിക വൈവിധ്യവും ആരോഗ്യകരമായ ജനതയെയും സൃഷ്ടിക്കാൻ ചെറുധാന്യങ്ങൾക്ക് ചെറുതല്ലാത്ത പങ്കുവഹിക്കാൻ കഴിയും. റേഷൻ കടകളിലൂടെ ഗോതമ്പിന് പകരം മുത്താറി വിതരണം ചെയ്യാൻ സർക്കാർ ആലോചിക്കുന്നുണ്ട്. അത്തരം സാഹചര്യങ്ങളിൽ അവ ഉപയോഗിക്കാനും അതിന്റെ നേട്ടങ്ങൾ അറിയാനും കഴിയണം. രുചികരമായ ചെറുധാന്യങ്ങളുടെ വിഭവങ്ങൾ കൂടി തീൻമേശയിലെത്തിയാൽ മില്ലെറ്റുകൾ നമ്മുടെ ഭക്ഷ്യ വിപണി കീഴടക്കും. ന്യായമായ വിലക്ക് മില്ലറ്റുകൾ ലഭ്യമാക്കാനും ഇവയെ കുറിച്ചുള്ള അറിവ് പരത്താനും ബന്ധപ്പെട്ടവർ മുന്നിട്ടിറങ്ങിയെ തീരൂ. അതിഗുരുതര രോഗങ്ങളുടെ പിടിയിലമർന്ന കേരളത്തിന് അതല്ലാതെ വേറെ വഴിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."