കൊടകര കുഴല്‍പ്പണ കവര്‍ച്ചക്കേസില്‍ അന്വേഷണം ബി.ജെ.പി നേതൃത്വത്തിലേക്ക്: വാഹന ഉടമ ധര്‍മരാജന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെന്ന് പൊലിസ്
തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കവര്‍ച്ചക്കേസില്‍ അന്വേഷണം ബി.ജെ.പി ആര്‍.എസ്.എസ് നേതൃത്വത്തിലേക്ക്. പണം നഷ്ടപെട്ട വാഹന ഉടമ ധര്‍മരാജന്‍ ആര്‍.എസ്. എസ് പ്രവര്‍ത്തകനാണെന്ന് പൊലിസ് വ്യക്തമാക്കി. റൂറല്‍ എസ്.പി തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. കേസില്‍ കഴിഞ്ഞ ദിവസം ഒന്‍പത് പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
അതിനുശേഷം രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് വാഹന ഉടമ ധര്‍മരാജന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്ന് വ്യക്തമായിരിക്കുന്നത്.
പരാതിയില്‍ പറഞ്ഞതിലധികം പണവുമാണ് പിടിച്ചെടുത്തതെന്നും പൊലിസ് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ബി.ജെ.പി നേതൃത്വം പ്രതിരോധത്തിലാവുകയാണ്. കഴിഞ്ഞ ദിവസം പോലും ബി.ജെ.പി പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്നാണ് വ്യക്തമാക്കിയത്. എല്ലാ സ്ഥാനാര്‍ഥികള്‍ക്കും പണം നല്‍കിയത്
ഡിജിറ്റല്‍ വഴിയാണെന്നുമായിരുന്നു വിശദീകരണം.
കൊടകര കുഴല്‍പ്പണ കവര്‍ച്ചക്കേസില്‍ 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന കോഴിക്കോട് സ്വദേശിയുടെ പരാതിയിലാണ് ചാലക്കുടി ഡി.വൈ.എസ്പി യുടെ നേതൃത്ത്വത്തിലുള്ള ഇരുപത് അംഗ സംഘം അന്വേഷണം നടത്തുന്നത്.
ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ കൊടകര പാലത്തിന് സമീപത്ത് വച്ചാണ് കാറില്‍ വന്ന സംഘം പണം കവര്‍ന്നത്. വ്യാപാര ആവശ്യത്തിനായുള്ള 25 ലക്ഷം രൂപയും കാറും കവര്‍ന്നുവെന്നാണ് കോഴിക്കോട് സ്വദേശി ധര്‍മ്മരാജന്റെ പരാതി. എന്നാല്‍ കാറില്‍ മൂന്നരക്കോടി രൂപയുണ്ടായിരുന്നെന്നും ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഒരു ദേശീയ പാര്‍ട്ടിക്ക് വേണ്ടി കൊണ്ടുപോയ പണമാണെന്നുമായിരുന്നു ആരോപണം.
സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ടുവരണമെന്ന് സി.പി.എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ അവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."