HOME
DETAILS

വില്ലനല്ല ഉസ്മാന്‍ട്ട്യാക്ക

  
backup
April 17 2022 | 05:04 AM

%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%a8%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%89%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%af

ഷുക്കൂര്‍ ഉഗ്രപുരം

2009 നവംബര്‍ 4. അരീക്കോട്ടുകാരുടെ മനസ്സില്‍ നൊമ്പരമുണര്‍ത്തുന്ന തീയതിയാണത്. മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ട് വിദ്യാര്‍ഥികള്‍ തോണിയപകടത്തില്‍ മുങ്ങിമരിച്ച ദിനം. അന്ന് തോണിയുടെ അമരം പിടിച്ചിരുന്നത് അടുപ്പക്കാര്‍ സ്‌നേഹപൂര്‍വം ഉസ്മാന്‍ട്ട്യാക്ക എന്ന് വിളിക്കുന്ന ഊര്‍ങ്ങാട്ടീരി മൈത്ര സ്വദേശി ഒടുങ്ങാടന്‍ ഉസ്മാനായിരുന്നു.


സ്‌കൂള്‍ വിടുന്ന സമയത്ത് സ്ഥിരമായി മൂര്‍ക്കനാട് നിന്നും അരീക്കോട്ടേക്ക് സര്‍വിസ് നടത്തിയിരുന്ന ബസ് അന്ന് വന്നിരുന്നില്ല. അതുകൊണ്ട് തന്നെ കടവില്‍ നിറയെ വിദ്യാര്‍ഥികളുണ്ടായിരുന്നു. 'കുറേ പേര്‍ തോണിയിലേക്ക് തിരക്കി കയറിയെങ്കിലും അവരോടൊക്കെ ഇറങ്ങാന്‍ ഞാന്‍ ആവര്‍ത്തിച്ച് പറഞ്ഞു. ചിലരൊക്കെ ഇറങ്ങി. തോണിയില്‍ കയറി ഒട്ടും പരിചയമില്ലാത്ത പത്തോളം പുതിയ കുട്ടികളെ കൂട്ടത്തില്‍ കണ്ടു. തുഴച്ചിലാരംഭിച്ചപ്പോള്‍ തോണിയാത്ര തീരെ പരിചയമില്ലാത്ത കുട്ടികള്‍ ഒച്ചവെക്കാനും എഴുന്നേല്‍ക്കാനും തുടങ്ങി. അവരോട് എഴുന്നേല്‍ക്കരുതെന്ന് പറഞ്ഞ് ഇരുത്താനും ഞാന്‍ ശ്രമിച്ചു. എന്നാല്‍ ഏതാണ്ട് പുഴയുടെ മധ്യഭാഗത്ത് എത്തിയപ്പോള്‍ കുറെ കുട്ടികള്‍ എഴുന്നേറ്റു. അതോടെ തോണി ആടിയുലയാന്‍ തുടങ്ങി. വെള്ളം അകത്തുകയറിയതോടെ തോണി മറിഞ്ഞു- 13 വര്‍ഷം മുമ്പു നടന്ന ദുരന്തം കടവിലിരുന്ന് ഉസ്മാന്‍ട്ട്യാക്ക ഓര്‍ത്തെടുത്തു.


'അന്ന് സ്‌കൂളില്‍ കുട്ടികളെ നീന്തല്‍ പഠിപ്പിക്കുന്ന പദ്ധതി ഉണ്ടായിരുന്നു. കുറെ കുട്ടികള്‍ അതില്‍ പരിശീലനത്തിന് പോകാറുണ്ടായിരുന്നു. അവരൊക്കെ നീന്തി രക്ഷപ്പെട്ടു. പരിശീലനത്തിന് പോയിരുന്നവരില്‍ പെട്ട ആണ്‍കുട്ടികളാണ് കൂടെയുണ്ടായിരുന്ന കുറേ പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയതെന്നും ഉസ്മാന്‍ട്ട്യാക്ക പറയുന്നു.

മൊയ്തീനെ പോലെ ഒരു സിറാജ്

ഏതാണ്ട് ഏഴ് പെണ്‍കുട്ടികളെ ആണ്‍കുട്ടികള്‍ തന്നെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചിട്ടുണ്ട്. മരിച്ച കുട്ടികളുടെ കൂട്ടത്തില്‍ സിറാജ് എന്ന ഒരു പയ്യനുണ്ടായിരുന്നു. മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തിയത് അവനാണ്. അതുകൊണ്ട് തന്നെ അവന്‍ നന്നായി ക്ഷീണിച്ചിരുന്നു. കടവിലെ കുട്ടികളൊക്കെ പറഞ്ഞു ഒന്ന് റെസ്റ്റെടുത്തിട്ട് ഇനി വെള്ളത്തിലിറങ്ങിയാല്‍ മതിയെന്ന്. എന്നാല്‍ അവന് വിശ്രമിക്കാന്‍ കഴിയുമായിരുന്നില്ല. ഇവരെ എടുത്ത സ്ഥലത്ത് ഒരാള്‍ കൂടിയുണ്ട്. അവനെ കൂടി രക്ഷിച്ചശേഷം റസ്റ്റെടുക്കാം എന്ന് പറഞ്ഞുകൊണ്ട് സിറാജ് വെള്ളത്തിലേക്ക് എടുത്തുചാടി. പക്ഷേ, താന്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ച കുട്ടിയേയുമായി സിറാജിന് പൊങ്ങാന്‍ കഴിഞ്ഞില്ല. അവന്‍ പടച്ചോന്റെ അടുത്തേക്ക് വിശ്രമിക്കാന്‍ പോയി- ഒരു നെടുവീര്‍പ്പോടെ ഉസ്മാന്‍ട്ട്യാക്ക പറഞ്ഞുനിര്‍ത്തി. ഇരുവഴിഞ്ഞിപ്പുഴയില്‍ തോണി മറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച മൊയ്തീനെ പോലെ സിറാജും പോയി.
ഇരു കരയിലേക്കും വലിച്ചുകെട്ടിയ കയറില്‍ പിടിച്ച് യാത്രചെയ്യാവുന്ന തരത്തിലായിരുന്നു അന്ന് തോണി ഉണ്ടായിരുന്നത്. അപകടത്തിന് ഒട്ടും സാധ്യതയില്ലാത്ത സാഹചര്യം. പക്ഷെ തോണിയാത്ര ഒട്ടും പരിചയമില്ലാത്ത കുട്ടികള്‍ തോണിയില്‍ എഴുന്നേറ്റു നിന്നത് അപകടം വിളിച്ചുവരുത്തി. ആ സമയത്താണെങ്കില്‍ പുഴയില്‍ മണല്‍ തൊഴിലാളികളും ഉണ്ടായിരുന്നില്ല. ഇത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു- ഉസ്മാന്‍ട്ട്യാക്ക ഗദ്ഗദത്തോടെ പറയുന്നു.

കടത്തുപണി ഇനിയില്ല

ആ അപകടത്തിനുത്തരവാദി ഉസ്മാന്‍ട്ട്യാക്ക ആയിരുന്നില്ലെങ്കിലും സ്വന്തം മക്കളെ പോലെ താന്‍ കണ്ട കുട്ടികള്‍ മുങ്ങിമരിച്ച പുഴയില്‍ വീണ്ടും തോണിയോട്ടാന്‍ അദ്ദേഹത്തെ മനസ് സമ്മതിച്ചില്ല. അതോടെ കടത്തുജോലിക്ക് സുല്ലിട്ടു. പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും മറ്റു പല പ്രമുഖരും വീണ്ടും കടവിലേക്ക് ക്ഷണിച്ചെങ്കിലും കടവുജോലി എന്നന്നേക്കുമായി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു അദ്ദേഹം. ''എന്റെ കണ്‍മുന്നില്‍ നിന്നാണ് അന്ന് ആ കുട്ടികള്‍ മരിക്കുന്നത്. പിന്നെയും എങ്ങനെയാണ് എനിക്ക് ആ ജോലി ചെയ്യാനാവുക''- ഉസ്മാന്‍ട്ട്യാക്ക ചോദിക്കുന്നു.
തുഴയും തോണിയും അതോടെ ഉപേക്ഷിച്ചെങ്കിലും തന്റെ 70ാം വയസ്സിലും ജീവിതം കരയ്ക്കടുപ്പിക്കാനായി ഇന്നും തൊഴിലെടുക്കുകയാണ് ഇദ്ദേഹം. ഊര്‍ങ്ങാട്ടീരി പഞ്ചായത്തിലെ മൈത്ര വലിയ ജുമാമസ്ജിദിന്റെ അടുത്താണ് ഉസ്മാന്‍ താമസിക്കുന്നത്. ഭാര്യയും അഞ്ചു പെണ്‍മക്കളും ഒരു ആണ്‍കുട്ടിയും അടങ്ങുന്നതാണ് കുടുംബം. ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലും മൈത്ര യത്തീംഖാനയുടെ റസീവറായി ജോലി ചെയ്യുന്നു. യത്തീംഖാന പിരിവിനായി ദിവസവും കിലോമീറ്ററുകളോളം നടക്കും. ഭാര്യ അര്‍ബുദത്തിന്റെ പിടിയിലാണ്.

പിതാവിന്റെ വഴിയേ

പിതാവ് ഒടുങ്ങാടന്‍ മുഹമ്മദിന്റെ വഴിയേ തൊഴില്‍ തേടി കടവിലിറങ്ങിയതാണ് ഉസ്മാന്‍. ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തിലേക്ക് പോകാനും ചരക്കു ഗതാഗതത്തിനുമൊക്കെ ആളുകള്‍ പുഴയെ ആശ്രയിച്ചിരുന്ന കാലത്ത് തന്റെ 18ാം വയസ്സിലാണ് മുഴുസമയ കടത്തുകാരനായി ഉസ്മാന്‍ കടവിലെത്തുന്നത്. നാലാം ക്ലാസില്‍ വച്ച് പഠനം നിര്‍ത്തുകയായിരുന്നു. പുഴയും തോണിയും കടവും കടത്തും തെരപ്പന്‍കെട്ടും നാട്ടറിവുകളുമായി സഞ്ചരിക്കുന്ന ഒരു ഗ്രന്ഥം തന്നെയാണ് ഉസ്മാന്‍ട്ട്യാക്ക! ചാലിയാറുമായും പുഴത്തൊഴിലുമായും ബന്ധപ്പെട്ട എഴുതിവെക്കപ്പെടാത്ത അനേകം വിജ്ഞാനങ്ങള്‍ സൂക്ഷിക്കുന്ന നല്ലൊരു ഗൈഡ്. ജീവിതത്തില്‍ ഒന്നും സമ്പാദിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അദ്ദേഹം സംതൃപ്തനാണ്.
ഒരാളെ കടവ് കടത്തുമ്പോള്‍ അയാള്‍ തരുന്ന ചില്ലറക്കാശിന് പുറമെ പടച്ചോന്‍ നമുക്ക് കൂലി തരും. ഒരു മനുഷ്യന്റെ പ്രയാസത്തെയാണ് നാം ദൂരീകരിച്ച് കൊടുക്കുന്നത്. മനുഷ്യന്‍ മനുഷ്യനെ സഹായിക്കുന്നത് വലിയ സല്‍ക്കര്‍മമാണ്. ആ തലത്തില്‍ ഞാന്‍ ചെയ്ത കടത്തുജോലി ഒരു ഇബാദത്താണ്. എത്രയോ കുട്ടികളെ അറിവ് നേടാന്‍ സ്‌കൂളിലേക്കെത്തിക്കാനും ഒരുപാട് മനുഷ്യരെ തൊഴിലിടങ്ങളിലേക്കെത്തിക്കാനുമൊക്കെ തന്റെ കടത്തുജോലി ഉപകരിച്ചിട്ടുണ്ടെന്ന് ഓര്‍ക്കുമ്പോഴുള്ള സംതൃപ്തിയാണ് തന്റെ സമ്പാദ്യമെന്ന് ഉസ്മാന്‍ട്ട്യാക്ക പറയുന്നു.

ചാലിയാറിന്റെ പുത്രന്‍

ഒരു വര്‍ഷക്കാലത്ത് പെരുമഴ നീണ്ടുനിന്നപ്പോള്‍ മൈത്ര റേഷന്‍ഷോപ്പിലേക്ക് പുതിയ ബാരല്‍ മണ്ണെണ്ണ എത്തിക്കാനാവാതെ സ്റ്റോക്ക് മുഴുവന്‍ തീര്‍ന്നുപോയി. ആളുകള്‍ക്ക് കാര്‍ഡിന് വെച്ച് കൊടുക്കാന്‍ മണ്ണെണ്ണ ഇല്ലാതെ നാട് ഇരുട്ടിലേക്ക് നീങ്ങുന്ന അവസ്ഥ. ഇത് തരണംചെയ്യാനായി ഉസ്മാന്‍ അരീക്കോട്ടു നിന്നും മൈത്രയിലേക്ക് എട്ട് വലിയ ബാരല്‍ മണ്ണെണ്ണ കുത്തിയൊലിച്ച് നിറഞ്ഞൊഴുകുന്ന ചാലിയാറിലൂടെ തനിച്ച് ഒറ്റത്തവണയായി തോണിയില്‍ ഇക്കരെയെത്തിച്ചത് നാട്ടില്‍ വലിയ അത്ഭുതമായിരുന്നു.
മുമ്പ് ഗതാഗത സൗകര്യം കുറഞ്ഞ കാലത്ത് എത്രയോ ഗര്‍ഭിണികളെ ആശുപത്രികളിലെത്തിക്കാന്‍ വേണ്ടി പാതിരാ നേരത്തും തോണി കുത്തിയ അനുഭവവുമുണ്ട് ഉസ്മാന്. മുക്കം കടവ്, മൈത്ര കടവ്, മൂര്‍ക്കനാട് കടവ് എന്നിവിടങ്ങളിലൊക്കെ അദ്ദേഹം കടത്തുകാരനായി ജോലി ചെയ്തു. മൈത്ര കടവിലാണ് ആദ്യം കടത്തുകാരനായി എത്തുന്നത്. ഒടുവില്‍ മൂര്‍ക്കനാട് കടവിലും.
ഒരുവര്‍ഷത്തില്‍ താഴെയാണെങ്കിലും മക്കത്ത് പ്രവാസിയായും ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ഒരു ഹജ്ജ്കാലത്ത് മിനായിലും അറഫയിലും മുസ്തലിഫയിലും ഹാജിമാര്‍ക്ക് തമ്പൊരുക്കാന്‍ സാധനസാമഗ്രികള്‍ എത്തിച്ച് കൊടുക്കുന്ന ജോലിയായിരുന്നു അത്. ജീവിതത്തില്‍ ആദ്യമായി അന്ന് ഹജ്ജ് ചെയ്യാന്‍ കഴിഞ്ഞ സന്തോഷം അദ്ദേഹം മറച്ചുവെക്കുന്നില്ല. ജീവിതത്തില്‍ ഇനിയുള്ള ആഗ്രഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ 'ഒരു തവണ കൂടി ഹജ്ജ് ചെയ്യാന്‍ കഴിഞ്ഞെങ്കില്‍' എന്ന് അദ്ദേഹം പുഞ്ചിരിയോടെ പറയുന്നു.

തെരപ്പന്‍കെട്ട്

പഴയകാലത്തെ പുഴത്തൊഴിലുകളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു തെരപ്പന്‍കെട്ട്. ഉരുപ്പടികളും തോണിയും ഫര്‍ണിച്ചറുകളും മറ്റും നിര്‍മിക്കാനാവശ്യമായ മരങ്ങള്‍ പുഴയിലൂടെ കല്ലായി പോലുള്ള നിര്‍മാണകേന്ദ്രങ്ങളിലേക്ക് എത്തിച്ചിരുന്നത് പുഴമാര്‍ഗമായിരുന്നു. നിലമ്പൂരില്‍ നിന്നും മറ്റും ചാലിയാര്‍ വഴി ധാരാളം മരങ്ങള്‍ ഇങ്ങനെ പണിശാലകളിലേക്ക് എത്തിക്കുമായിരുന്നു. പുഴയെ ശരിയായി അറിയുന്നവര്‍ക്ക് മാത്രമേ തെരപ്പന്‍കുത്തിലൂടെ മരങ്ങള്‍ കടത്താനാകൂ. ചാലിയാറില്‍ മുമ്പ് ധാരാളം തെരപ്പന്‍കെട്ട് കടവുകളുണ്ടായിരുന്നു. നിലമ്പൂരിനും മമ്പാടിനും ഇടക്കുള്ള ടാണ കടവായിരുന്നു പ്രധാന തെരപ്പന്‍കെട്ട് കേന്ദ്രം. ചെറിയ തെരപ്പനുകള്‍ കുത്തിക്കൊണ്ടുവന്ന് അവയൊക്കെ കൂട്ടിക്കെട്ടി വലിയ തെരപ്പനുകളാക്കി മാറ്റിയിരുന്നത് ടാണ കടവില്‍ വെച്ചായിരുന്നു. ടാണ കടവിന് കീഴ്‌പ്പോട്ട് പല കടവുകളിലും ഉസ്മാന്‍ തെരപ്പന്‍ കെട്ടിയിട്ടുണ്ട്.

പുഴമാടുകള്‍ കിടപ്പറയായ കാലം

വില്യം ലോഗന്‍ മലബാര്‍ മാന്വലില്‍ ചാലിയാറിനെ കുറിച്ച് പറയുന്നത് 'പശ്ചിമഘട്ട നിരകളുടെ മലമടക്കുകളില്‍ നിന്ന് തീരപ്രദേശത്തേക്ക് കാര്യമായതോതില്‍ വെള്ളം എത്തിക്കുന്ന മലബാറിലെ ഒരേയൊരു പുഴ' എന്നാണ്. മുമ്പ് ചാലിയാറില്‍ ശക്തമായ നീരൊഴുക്കുണ്ടായിരുന്നു. കാഞ്ഞിരപ്പുഴ, കുറുവമ്പുഴ, മാടപ്പുഴ, കരിമ്പുഴ, പുന്നപ്പുഴ, ചാലിയാര്‍ എന്നീ ആറ് പുഴകള്‍ ചേര്‍ന്നാണ് ചാലിയാറായി ഒഴുകുന്നത്. ഇവയില്‍ ഏറ്റവും തെളിഞ്ഞ ശുദ്ധമായ വെള്ളം വഹിച്ച് കൊണ്ടുവരുന്നത് കരിമ്പുഴ ആയിരുന്നു. പുഴ ഒഴുകുന്ന വഴികളില്‍ ധാരാളം കറുത്ത മണ്ണിന്റെ സാന്നിധ്യമുണ്ട്, അതുകൊണ്ടായിരിക്കാം ആ വെള്ളത്തിന് ഇത്ര വൃത്തിയെന്നാണ് ഉസ്മാന്റെ വിലയിരുത്തല്‍.
പഴയകാലത്ത് പുഴയുമായി ജനങ്ങള്‍ക്ക് ആത്മബന്ധമായിരുന്നു. അന്നത്തെ ചാലിയാറിന് നല്ല ശുദ്ധിയായിരുന്നു. ആളുകള്‍ പുഴയില്‍ നിന്ന് വെള്ളം കോരി കുടിക്കല്‍ പതിവ് കാഴ്ചയായിരുന്നു. വീട്ടിലെ കുടിവെള്ളമായും ചാലിയാറിലെ ജലം ഉപയോഗിച്ചിരുന്നുവെന്ന് ഉസ്മാന്‍ട്ട്യാക്ക.
മുമ്പ് ധനാഢ്യന്മാര്‍ വരെ കിടന്നുറങ്ങാന്‍ പുഴമാടുകളില്‍ സ്ഥിരമായി വരാറുണ്ടായിരുന്നു. ഇപ്പോള്‍ പുഴയെ ആര്‍ക്കും വേണ്ടാതായി. എല്ലാവര്‍ക്കും മാലിന്യം തട്ടാനുള്ള കുപ്പത്തൊട്ടിയായി മാറി ചാലിയാര്‍. മണലില്ലാത്തത് കാരണം വെള്ളത്തിന് തെളിമ നഷ്ടമായി. അമിതമായി പ്ലാസ്റ്റിക് മാലിന്യങ്ങളും പുഴയിലെത്തി. പലപ്പോഴും കക്കൂസ് മാലിന്യങ്ങളും പുഴയിലെത്തുന്നു എന്ന വാര്‍ത്തയും വരാന്‍ തുടങ്ങിയപ്പോള്‍ ജനം പൂര്‍ണമായും പുഴവെള്ളത്തെ ഒഴിവാക്കി. പുഴയില്‍ മാലിന്യമെത്താതെ നോക്കാനുള്ള സംവിധാനമൊരുക്കാന്‍ സര്‍ക്കാറും സമൂഹവും തയാറായാല്‍ ഒരുപരിധിവരെ നദിയെ സംരക്ഷിക്കാനാവുമെന്ന് ഉസ്മാന്‍ട്ട്യാക്ക അഭിപ്രായപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  14 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  14 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  14 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  14 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  14 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  14 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  14 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  14 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  14 days ago