കടബാധ്യത വന്ന് ഒരാള്‍ പോലും തെരുവില്‍ കിടക്കേണ്ട അവസ്ഥ അനുവദിക്കില്ലെന്ന് മന്ത്രി എ.കെ. ബാലന്‍
പാലക്കാട്: ഭൂപരിഷ്‌കരണം നടപ്പിലാക്കി ലോകത്തിന് മാതൃകയായ സംസ്ഥാനത്ത് ഒരാള്‍ പോലും ജീവിത ചുറ്റുപാടുകൊണ്ട് കടം വന്ന് ഭൂമിയും വീട് നഷ്ടപ്പെട്ട് തെരുവില്‍ കിടക്കേണ്ട അവസ്ഥ ഇനി അനുവദിക്കില്ലെന്ന് നിയമ സാംസ്‌കാരിക പട്ടികജാതിവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നല്‍കുന്ന വിവിധ ആനുകൂല്യങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ലോണെടുത്ത് മുതലും പലിശയും തിരിച്ചടച്ചിട്ടും കടക്കെണിയിലാകുന്ന അവസ്ഥ സംസ്ഥാനത്ത് തുടരുകയാണ്. ഇതിനെതിരെ ഗവണ്‍മെന്റ് ശക്തമായ നിലപാടെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. റവന്യൂ റിക്കവറിയും പാത്രങ്ങളും വീട്ടുമുതലും വലിച്ച് പുറത്തിടുന്ന അവസ്ഥയും അവസാനിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
അട്ടപ്പാടിയില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തിയതായും ഇതിന്റെ ഫലം ലഭിച്ചു വരുന്നതായും മന്ത്രി പറഞ്ഞു. കുട്ടികളുടെ മരണനിരക്കില്‍ ഗണ്യമായ കുറവുണ്ടായി. പോഷകാഹാര വിതരണം ഫലപ്രദമായി നടക്കുന്നു, കമ്മ്യുണിറ്റി കിച്ചന്‍ പ്രവര്‍ത്തനക്ഷമമാണ്. സമൂഹത്തിന്റെ ക്യത്യമായ ഇടപെടലുണ്ടായാല്‍ അട്ടപ്പാടി മേഖലയില്‍ കൂടുതല്‍ മാറ്റവുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി.കെ.ശശി എം.എല്‍.എ അധ്യക്ഷനായി. വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, ആനുകൂല്യ വിതരണവും മന്ത്രി നിര്‍വ്വഹിച്ചു. മണ്ണാര്‍ക്കാട് നഗരസഭ, തെങ്കര ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 100 പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും ഓണക്കോടിയും മന്ത്രി നല്‍കി, ജോസ് ബേബി, പി.ജെ പൗലോസ്, ടി സലാം മാസ്റ്റര്‍, പി.എന്‍. ജയകുമാര്‍. ബാസിത് അലി, കെ.സുരേന്ദ്രന്‍, സെക്രട്ടറി പുരുഷോത്തമന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."