വനത്തിനുള്ളില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുട്ടി മരിച്ചു
മംഗലംഡാം: വനത്തിനുള്ളില്‍ ആദിവാസി യുവതി പ്രസവിച്ച കുട്ടി മരിച്ചു. കടപ്പാറ തളികക്കല്ല് ആദിവാസി കോളനിയിലെ കണ്ണന്‍ സുജാത ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. സുജാത ആറ് മാസം ഗര്‍ഭിണിയായിരിക്കെയാണ് പ്രസവം നടന്നത്. അതിനാൽ കുഞ്ഞിന് തൂക്കക്കുറവ് ഉണ്ടായിരുന്നു. 680 ഗ്രാം മാത്രമായിരുന്നു കുട്ടിയുടെ തൂക്കം.
കഴിഞ്ഞ 17 ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സുജാതയെ അഡ്മിറ്റ് ചെയ്‌തെങ്കിലും ആശുപത്രിയിലെ പരിചരണത്തില്‍ തൃപ്തിയില്ലാതെ പിറ്റേദിവസം ആശുപത്രി അധികൃതരോട് പറയാതെ സുജാതയും കുടുംബവും കോളനിയിലേക്ക് തിരിച്ചു വന്നു. കോളനിയില്‍ വെള്ളത്തിന് ക്ഷാമമുള്ളതിനാല്‍ ഇവര്‍ ഉള്‍ക്കാട്ടിലേക്ക് പോവുകയായിരുന്നു. ദുര്‍ഘടമായ വഴിയിലൂടെ നടന്ന് നാല് കിലോമീറ്ററോളം അകലെയുള്ള വനത്തിനുള്ളിലെ തോട്ടോരത്താണ് ഇവര്‍ തങ്ങിയത്. ഇവിടെ വെച്ചാണ് വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെ സുജാത പെണ്‍കുട്ടിയെ പ്രസവിച്ചത്.
വെള്ളിയാഴ്ച കാലത്ത് കുടുംബക്കാരിലൂടെ വിവരമറിഞ്ഞ പ്രമോട്ടര്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. വണ്ടാഴി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍ക്കാട്ടിലെത്തി സുജാതയേയും കുട്ടിയേയും വൈകുന്നേരം അഞ്ചരയോടെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലും ശേഷം വിദഗ്ധ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ശനിയാഴ്ച പുലര്‍ച്ചെ 3 മണിക്ക് കുട്ടി മരിച്ചു.
ഉച്ചക്ക് 12 മണിയോടെ കോളനിയിലെത്തിച്ച കുട്ടിയുടെ മൃതദേഹം വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍. രമേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എസ്. ഷക്കീര്‍ എന്നിവരുടെ നേതൃത്വത്തില്‍ സംസ്‌ക്കരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, ട്രൈബല്‍ വകുപ്പ് അധികൃതരും സന്നിഹിതരായിരുന്നു. സുജാത മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരികയാണെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."