അന്വേഷണ വിവരങ്ങൾ ഉദ്യോഗസ്ഥർ ചോർത്തി നൽകുന്നില്ലെന്ന് ഉറപ്പാക്കണം ഡി.ജി.പിക്ക് നിർദേശവുമായി ഹൈക്കോടതി
സ്വന്തം ലേഖകൻ
കൊച്ചി
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വധ ഗൂഢാലോചന കേസിലെ അന്വേഷണ വിവരങ്ങൾ ഉദ്യോഗസ്ഥർ ചോർത്തി നൽകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഡി.ജി.പിക്ക് ഹൈക്കോടതിയുടെ നിർദേശം.
നടിയെ ആക്രമിച്ച കേസിലെയും വധഗൂഢാലോചന കേസിലെയും വിവരങ്ങൾ വിചാരണ പൂർത്തിയാകുന്നതു വരെ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ സഹോദരീ ഭർത്താവ് ടി.എൻ സുരാജ് നൽകിയ ഹരജിയിൽ ജസ്റ്റിസ് സി.പി മുഹമ്മദ് നിയാസാണ് ഈ നിർദേശം നൽകിയത്.
കൂടാതെ ഇരു കേസുകളിലും കോടതികളുടെ ഉത്തരവുകളല്ലാതെ സുരാജിനെക്കുറിച്ചുള്ള മറ്റു വാർത്തകൾ റിപ്പോർട്ടർ ചാനൽ മൂന്നാഴ്ചത്തേക്ക് സംപ്രേഷണം ചെയ്യുന്നതും കോടതി തടഞ്ഞു.
അന്വേഷണത്തിന്റെ വിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകുന്നുവെന്നതടക്കമുള്ള ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്ത്, എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രൻ, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് എന്നിവർ മറുപടി സത്യവാങ്മൂലം നൽകാനും ഉത്തരവിൽ പറയുന്നു. ഹരജി ഈ മാസം 29ന് വീണ്ടും പരിഗണിക്കും.
നടിയെ ആക്രമിച്ച കേസിൽ സുരാജ് പ്രതിയല്ലെന്നും ഇത്തരമൊരു ഹരജി നൽകാനാവില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എന്നാൽ ഹരജിക്കാരൻ ഹാജരാക്കിയ തെളിവുകൾ കൂടി കണക്കിലെടുത്താണ് ഹൈക്കോടതി ഡി.ജി.പിക്ക് നിർദേശം നൽകിയത്. നീതിയുക്തമായ വിചാരണ പ്രതികളുടെയും അവകാശമാണ്. ഇതിനു ഭംഗം വരുന്ന തരത്തിലുള്ള മാധ്യമ വിചാരണ കോടതിയലക്ഷ്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു. കോടതിയുടെ അധികാരം കവർന്നെടുക്കാൻ മാധ്യമങ്ങൾക്ക് അവകാശമില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറ്റുള്ളവരുടെ അവകാശങ്ങൾ ചവിട്ടി മെതിക്കാനുള്ളതല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
വിധി ആത്മവിശ്വാസം പകരുന്നത്:
ക്രൈംബ്രാഞ്ച് എസ്.പി
കൊച്ചി
നടൻ ദിലീപിനെതിരായ ഹൈക്കോടതി വിധി കേസിൻ്റെ മുന്നോട്ടുള്ള അന്വേഷണത്തിന് ആത്മവിശ്വാസം പകരുന്നതാണെന്ന് ക്രൈംബ്രാഞ്ച് എസ്.പി പി. മോഹനചന്ദ്രൻ. അന്വേഷണം ശരിയായ ദിശയിലാണ്. ശക്തമായ തെളിവുകളാണ് ദിലീപിനും സംഘത്തിനുമെതിരേ കേസിൽ ലഭ്യമായിട്ടുള്ളതെന്നും എസ്.പി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന ദിലീപിൻ്റെ ഹരജി ഹൈക്കോടതി തള്ളിയതിനോട് പ്രതികരിക്കുകയായിരുന്നു എസ്.പി.
പ്രതീക്ഷിച്ചതെന്ന് ബാലചന്ദ്രകുമാർ
കൊച്ചി
വധഗൂഢാലോചന കേസിൽ ദിലീപിനെതിരായ ഹൈക്കോടതി വിധി പ്രതീക്ഷിച്ചതാണെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. താൻ നൽകിയ തെളിവുകൾ കോടതി സ്വീകരിച്ചു.കോടതി ഉത്തരവോടെ തൻ്റെ വിശ്വാസ്യത തിരിച്ചുകിട്ടിയെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
തൻ്റെ വിശ്വാസ്യത മോശമാക്കാൻ എതിർകക്ഷി ശ്രമിച്ചു. മുമ്പ് പെറ്റിക്കേസിൽ പോലും താൻ പ്രതിയായിട്ടില്ല. പുറത്തുകേട്ട ശബ്ദരേഖ ടീസർ മാത്രമാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ബാലചന്ദ്രകുമാർ അന്വേഷണസംഘത്തിന് നൽകിയ ശബ്ദരേഖയാണ് കേസിൽ നിർണായകമായത്. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പൊലിസ് ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപും ബന്ധുക്കളും സുഹൃത്തുക്കളും ഗൂഢാലോചന നടത്തിയിരുന്നതായി ബാലചന്ദ്രകുമാറാണ് അന്വേഷണസംഘം മുമ്പാകെ വെളിപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."