ജോർജ് എം. തോമസിനെതിരേ സി.പി.എം നടപടിയെടുത്തേക്കും
സ്വന്തം ലേഖകൻ
കോഴിക്കോട്
കോടഞ്ചേരി പ്രണയവിവാഹത്തില്‍ പാര്‍ട്ടിവിരുദ്ധ നിലപാടെടുത്ത തിരുവമ്പാടി മുന്‍ എം.എല്‍.എയും സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ജോര്‍ജ് എം. തോമസിനെതിരേ സി.പി.എം നടപടിയെടുത്തേക്കും. സംസ്ഥാന സമിതിയുടെ നിര്‍ദേശമനുസരിച്ച് ഇന്നു നടക്കുന്ന ജില്ലാ കമ്മിറ്റി യോഗം അന്തിമ തീരുമാനമെടുക്കും. ജില്ലാ സെക്രട്ടേറിയറ്റ് യോഗവും ഇന്ന് ചേരുന്നുണ്ട്.
ജോര്‍ജ് എം. തോമസ് എടുത്ത നിലപാട് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം നടപടിക്കൊരുങ്ങുന്നത്. വിദ്യാഭ്യാസം നേടിയ യുവതികളെ പ്രേമം നടിച്ച് മതംമാറ്റി വിവാഹം ചെയ്യാന്‍ നീക്കം നടക്കുന്നതായി പാര്‍ട്ടി രേഖകളിലുണ്ടെന്നായിരുന്നു പരാമര്‍ശം. പാര്‍ട്ടി തള്ളിപ്പറഞ്ഞ ലൗ ജിഹാദ് യാഥാര്‍ഥ്യമാണെന്ന തരത്തിലുള്ള ഈ പരാമര്‍ശം ബി.ജെ.പി ഉള്‍പ്പെടെയുള്ളവര്‍ ആയുധമാക്കി. ജോര്‍ജ് എം. തോമസിന്റെ വാക്കുകള്‍ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വരെ തള്ളിപ്പറഞ്ഞു. തനിക്കുണ്ടായ നാക്കുപിഴയാണെന്ന് ജോർജ് ഏറ്റുപറയുകയും ചെയ്തു.
യുവതിയെ യുവാവിനൊപ്പം വിടാനുള്ള ഹൈക്കോടതി വിധികൂടി വന്ന സാഹചര്യത്തിൽ നടപടിയെടുക്കാതെ തരമില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയോ പരസ്യമായി ശാസിക്കുകയോ ചെയ്യണമെന്ന ആവശ്യമാണ് ഉയർന്നത്.
അതിനിടെ, നടപടി ഒഴിവാക്കാൻ ജോർജ് എം. തോമസിനെ അനുകൂലിക്കുന്നവർ സമ്മർദം ശക്തമാക്കിയിട്ടുണ്ട്. അച്ചടക്ക നടപടി വേണോ എന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം തേടാനാണ് തിങ്കളാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം. നടപടി ഉണ്ടാകുമോ എന്ന കാര്യം പാർട്ടി നേതൃത്വം തീരുമാനിക്കുമെന്ന് ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."