സുബൈർ വധം: മൂന്ന് ആർ.എസ്.എസ് - ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ സൂത്രധാരൻ രമേശ് ആണെന്ന് പൊലിസ്
പ്രത്യേക ലേഖകൻ
പാലക്കാട്
പോപുലർ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു. ശരവൺ, ആറുമുഖൻ, രമേശ് എന്നിവരാണ് അറസ്റ്റിലായതെന്ന് എ.ഡി.ജി.പി വിജയ് സാഖറെ അറിയിച്ചു. മുൻപ് കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ ഉറ്റസുഹൃത്താണ് രമേശ്. സുബൈർ വധത്തിലെ മുഖ്യ സൂത്രധാരനും ഇയാൾ തന്നെയാണ്. സഞ്ജിത്തിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് സുബൈറിനെ കൊന്നതെന്ന് രമേശ് പറഞ്ഞതായി വിജയ് സാഖറെ വ്യക്തമാക്കി.
സഞ്ജിത് കൊല്ലപ്പെട്ടതിന് പിന്നാലെ സുബൈറിനെ വധിക്കാൻ രമേശ് പദ്ധതിയിടുകയായിരുന്നുവെന്നും എ.ഡി.ജി.പി അറിയിച്ചു. മുൻപ് രണ്ട് വട്ടം സുബൈറിനെ കൊല്ലാൻ ശ്രമം നടത്തിയിരുന്നു. ഏപ്രിൽ ഒന്നിനും എട്ടിനും ഇതേ സംഘം സുബൈറിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടുവെങ്കിലും പട്രോളിങിനെത്തിയ പൊലിസിനെ കണ്ട് ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികളെ വിവിധ സ്ഥലങ്ങളിലെത്തിച്ചു തെളിവെടുത്തു. മണ്ണുക്കാട് കോരയാറിൽ നിന്നും സുബൈറിനെ കൊല്ലാനുപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. ഗൂഢാലോചന സംബന്ധിച്ച കാര്യമായ വിവരങ്ങൾ പ്രതികളിൽ നിന്ന് ലഭ്യമായിട്ടില്ല. ശ്രീനിവാസൻ കൊലക്കേസിൽ അന്വേഷണം ഊർജ്ജിതമാണെന്നും മറ്റു ആരോപണം തള്ളുന്നതായും എ.ഡി.ജി.പി വ്യക്തമാക്കി.
അതേസമയം ശ്രീനിവാസന്റെ കൊലയാളികൾ സുബൈറിന്റെ പോസ്റ്റുമോർട്ടം സമയത്ത് പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിയതിന്റെ തെളിവുകൾ പൊലിസിന് ലഭിച്ചു. ആശുപത്രിയിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലിസിന് ലഭിച്ചത്. 15ാം തീയതിയാണ് സുബൈർ കൊല്ലപ്പെട്ടത്. 16ന് രാവിലെയാണ് പോസ്റ്റ്‌മോർട്ടം നടന്നത്. ഈ സമയത്ത് രാവിലെ ഒമ്പതോയോടെയാണ് പ്രതികൾ ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നത്. അതേ ദിവസം ഉച്ചക്ക് ഒരു മണിയോടെയാണ് ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകവും ഉണ്ടായത്. ആശുപത്രിയിൽ നിന്നാണ് പ്രതികൾ ശ്രീനിവാസനെ കൊലപ്പെടുത്താനായി പോയതെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നതായി പൊലിസ് വ്യക്തമാക്കുന്നു. പ്രതികൾ അവരുടെ മൊബൈൽ ഫോണുകൾ പലയിടത്തായി ഉപേക്ഷിച്ചതായും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. കൃത്യത്തിനു ശേഷം പ്രതികൾ രക്ഷപ്പെടുന്ന സി.സി.ടി.വി ദൃശ്യങ്ങളും പൊലിസിന് ലഭിച്ചു.
അതിനിടെ ശ്രീനിവാസൻ കൊലപാതകത്തിൽ പൊലിസിനെതിരേ ആരോപണവുമായി വീണ്ടും ബി.ജെ.പി രംഗത്തെത്തി. അന്വേഷണം തൃപ്തികരമല്ലെന്നും പ്രതികളെ പിടിക്കുന്നതിൽ അനാസ്ഥയുണ്ടെന്നും സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ആരോപിച്ചു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തുമ്പോൾ ഇക്കാര്യം ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."