വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി ദിലീപിന് തിരിച്ചടി അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ആവശ്യവും അംഗീകരിച്ചില്ല
സ്വന്തം ലേഖകൻ
കൊച്ചി
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ദിലീപ് ഒന്നാം പ്രതിയായ വധഗൂഢാലോചന കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഗൂഢോദ്ദേശ്യം ഉള്ളതായി വ്യക്തമാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. അന്വേഷണ ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയാണ് ഈ കേസെന്ന് ആരോപിച്ചാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ അന്വേഷണം പക്ഷപാതപരമാണെന്ന് സ്ഥാപിക്കാന്‍ ദിലീപിന് സാധിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എഫ്.ഐ.ആര്‍ റദ്ദാക്കുന്നില്ലെങ്കിൽ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ദിലീപിൻ്റെ ആവശ്യവും അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി അന്വേഷണ സംഘത്തിന് ഏതെങ്കിലും തരത്തിലുള്ള ദുരുദ്ദേശ്യമുള്ളതായും കണ്ടെത്താനായിട്ടില്ലെന്നും പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണം നിഷ്പക്ഷമാകില്ലെന്ന ദിലീപിന്റെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കിയ കോടതി എഫ്.ഐ.ആര്‍ റദ്ദാക്കേണ്ട സാഹചര്യം ഈ കേസിലില്ലെന്നും അഭിപ്രായപ്പെട്ടു.
അത്രമേല്‍ സവിശേഷമായ സാഹചര്യത്തില്‍ മാത്രമേ ക്രമിനില്‍ നടപടിച്ചട്ടം 482 പ്രകാരം എഫ്.ഐ.ആര്‍ റദ്ദാക്കാനാകൂ. മുന്‍കൂര്‍ ജാമ്യഉത്തരവിലെ കണ്ടെത്തലുകള്‍ ഈ കേസില്‍ കണക്കിലെടുക്കാനാകില്ലെന്നും പ്രഥമദ്യഷ്ടാ ചില കാര്യങ്ങള്‍ വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടർന്നാണ് ദിലീപിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."