സന്യാസിമാരിൽനിന്ന് പോലും ബി.ജെ.പി കമ്മീഷൻ വാങ്ങുന്നു ആരോപണവുമായി ലിംഗായത്ത് സന്യാസി
ബംഗളൂരു
കരാറുകാരിൽ നിന്ന് മാത്രമല്ല, സന്യാസിമാരിൽ നിന്ന് പോലും കർണാടകയിലെ ഭരണകക്ഷിയായ ബി.ജെ.പി 30 ശതമാനം കമ്മീഷൻ വാങ്ങുന്നുണ്ടെന്ന് ലിംഗായത്ത് സന്യാസി ദിംഗലേശ്വർ സ്വാമി. നാലു കോടിയുടെ കരാറിന് 40 ശതമാനം കമ്മിഷൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഉഡുപ്പിയിലെ കരാറുകാരൻ ആത്മഹത്യ ചെയ്തതിനെ തുടർന്ന് കർണാടക സർക്കാർ അഴിമതി ആരോപണം നേരിടുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ.
മഠങ്ങളിലെ വിവിധ പദ്ധതികൾക്ക് പണം അനുവദിക്കുമ്പോൾ 30 ശതമാനം കമ്മീഷൻ ബി.ജെ.പിക്ക് നൽകേണ്ടിവരുന്നതായും ഉദ്യോഗസ്ഥർ നേരിട്ട് ഇക്കാര്യം പറയുകയാണ് ചെയ്യുന്നതെന്നും ദിംഗലേശ്വർ സ്വാമി പറഞ്ഞു. കർണാടക മന്ത്രിയായിരുന്ന കെ.എസ് ഈശ്വരപ്പയ്‌ക്കെതിരേ അഴിമതി ആരോപണം നടത്തിയ ബി.ജെ.പി നേതാവും കോൺട്രാക്ടറുമായ സന്തോഷ് പാട്ടീൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഈശ്വരപ്പയ്ക്കും സഹായികളായ ബസവരാജ്, രമേഷ് എന്നിവർക്കുമെതിരേ കേസെടുത്തിരുന്നു. ദിംഗലേശ്വർ സ്വാമിയുടെ ആരോപണത്തെ തുടർന്ന് കോൺഗ്രസ് ബി.ജെ.പിക്കെതിരേ രംഗത്തെത്തി. ബി.ജെ.പി എപ്പോഴും ദൈവത്തിന്റെ പേര് ഉപയോഗിക്കുന്നത് സംസ്ഥാനത്തെ കൊള്ളയടിക്കുന്നതിന് വേണ്ടിയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."