മനീഷ് സിസോദിയയും സത്യേന്ദ്ര ജെയിനും മന്ത്രിസ്ഥാനം രാജിവെച്ചു
ന്യൂഡല്‍ഹി: അഴിമതി കേസുകളില്‍ അറസ്റ്റിലായ ഡല്‍ഹി സര്‍ക്കാറിലെ രണ്ട് മന്ത്രിമാരും രാജിവച്ചു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെയും ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന്റെയും രാജി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സ്വീകരിച്ചു. തെരഞ്ഞെടുപ്പ് അടുക്കവേ സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് നടപടി.
ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന് പിന്നാലെ മന്ത്രിസഭയിലെ രണ്ടാമനായ മനീഷ് സിസോദിയ കൂടി അകത്തായതോടെ ആംആദ്മി പാര്‍ട്ടി വലിയ പ്രതിരോധത്തിലായിരിക്കുകയാണ്.
സിസോദിയയുടെ അറസ്റ്റ് റദ്ദാക്കണമെന്ന ഹരജിയില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി. അടിയന്തര യോഗം ചേര്‍ന്ന് രണ്ട് പേരോടും രാജി വയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നാണ് ലറിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സത്യം തെളിയും വരെ പുറത്ത് നില്‍ക്കും. ഇനിയും തനിക്കെതിരെ കൂടുതല്‍ കേസുകള്‍ വന്നേക്കാമെന്നും സിസോദിയയുടെ രാജിക്കത്തിലുണ്ട്.
മനീഷ് സിസോദിയ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മന്ത്രിമാരായ കൈലാഷ് ഗെലോട്ട്, രാജ്കുമാര്‍ എന്നിവര്‍ക്ക് തല്‍ക്കാലികമായി നല്‍കിയിട്ടുണ്ട്. അടുത്ത മാസം നടക്കുന്ന നിയമസഭ ബജറ്റ് സമ്മേളനത്തിന് പിന്നാലെ മന്ത്രിസഭ പുനസംഘടന ഉണ്ടാകും. ബജറ്റ് കൈലാഷ് ഗെലോട്ട് അവതരിപ്പിക്കും.
കേസില്‍ അറസ്റ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സിസോദിയ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുന്നതടക്കമുള്ള വഴികള്‍ തേടാനും കോടതി നിര്‍ദ്ദേശം നല്‍കി.
കള്ളപ്പണക്കേസില്‍ കഴിഞ്ഞ ജൂണിലാണ് സത്യേന്ദ്ര ജയിനെ തിഹാര്‍ ജയിലടച്ചത്. മദ്യനയക്കേസില്‍ കഴിഞ്ഞ ദിവസമാണ് മനീഷ് സിസോദിയയെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടത്. മാര്‍ച്ച് നാല് വരെയാണ് മനീഷ് സിസോദിയയെ സിബിഐ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
അതേസമയം കേസില്‍ അറസ്റ്റിലായ രണ്ട് മന്ത്രിമാരും മന്ത്രിസഭയില്‍ തുടരുന്നതില്‍ ബിജെപി കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു. അഴിമതി വിരുദ്ധ പാര്‍ട്ടിയെന്നവകാശപ്പെട്ട് വന്ന ആംആദ്മി പാര്‍ട്ടി അഴിമതിക്കാരായ മന്ത്രിമാരെ സംരക്ഷിക്കുന്നുവെന്ന വിമര്‍ശനം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ക്ഷീണമായി. തെരഞ്ഞെടുപ്പുകള്‍ അടുത്ത വരുന്ന സാഹചര്യത്തില്‍ അറസ്റ്റും തുടര്‍ന്നുള്ള രാജിയും ആംആദ്മി പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."