യു.ഡി.എഫ് 90 മണ്ഡലങ്ങളില്‍ ബി.ജെ.പി വോട്ടുകള്‍ വാങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: കച്ചവടത്തിലൂടെ ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫ് നേടിയെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വോട്ടെണ്ണലിന്റെ മുന്‍പു വരെ യു.ഡി.എഫിന്റെ ആത്മവിശ്വാസത്തിന്റെ വലിയ ഘടകം അതായിരുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു.
അവസാന നിമിഷം വരെ ജയിക്കാന്‍ പോകുന്ന എന്ന ആത്മവിശ്വാസമായിരുന്നു യു.ഡി.എഫിന്. ചില കച്ചവടക്കണക്കാണ് ആ ആത്മവിശ്വാസത്തിനു പിന്നില്‍. ബി.ജെ.പി അവകാശപ്പെടുന്നത് അടിവച്ചടിവച്ച് അവര്‍ മുന്നേറിക്കൊണ്ടിരിക്കുന്നു എന്നാണ്. എന്നാല്‍ 2016 ലെ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തിയാല്‍ 90 മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞിരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിനു ശേഷം വന്ന പുതിയ വോട്ടുകളുണ്ട്. സ്വാഭാവികമായും ആ വര്‍ധനവ് ഏതൊരു പാര്‍ട്ടിക്കും ലഭിക്കേണ്ടതാണ്. എന്നാല്‍ എന്തുകൊണ്ടാണ് ബി.ജെ.പിക്ക് അത് നേടാനായില്ലെന്നും പിണറായി വിജയന്‍ ചോദിച്ചു.
നമ്മുടെ നാടിന്റെ ചരിത്രത്തില്‍ ഇത്ര വലിയ ചോര്‍ച്ച ഒരു കാലത്തും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്തു സീറ്റുകളില്‍ ഈ കച്ചവടത്തിലൂടെ വിജയം നേടാനായിട്ടുണ്ട്. പല മണ്ഡലങ്ങളിലും എല്‍.ഡി.എഫിന്റെ ഭൂരിപക്ഷം കുറയ്ക്കാനും ഈ കച്ചവടത്തിലൂടെ സാധിച്ചിട്ടുണ്ട്. ഇതില്ലായിരുന്നുവെങ്കില്‍ യു.ഡി.എഫിന്റെ പതനം ഇതിലും വലുതാവുമായിരുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."