പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സ്വയംഭരണാധികാരം; റിപ്പോർട്ട് സമർപ്പിച്ചു
അടുത്ത വർഷത്തോടെ 30 സ്ഥാപനങ്ങളെ ലാഭത്തിലാക്കുമെന്ന് മന്ത്രി
തിരുവനന്തപുരം
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സ്വയംഭരണാവകാശം നൽകുന്നതിനായി വിദഗ്ധ സമിതി തയാറാക്കിയ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. ഇന്നലെ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവിന് വിദഗ്ധ സമിതി ചെയർമാനും മുൻ ചീഫ് സെക്രട്ടറിയുമായ പോൾ ആന്റണി റിപ്പോർട്ട് കൈമാറി. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെപ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് കാതലായ മാറ്റങ്ങൾ നിർദേശിക്കുന്ന റിപ്പോർട്ടാണ് കൈമാറിയത്.
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കാലികമായ പുനഃസംഘടനയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.നിലവിൽ 21 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാണ്. അടുത്ത വർഷത്തോടെ 30 സ്ഥാപനങ്ങളെ ലാഭത്തിലാക്കാനാണ് ലക്ഷ്യമിടുന്നത്. സ്ഥാപനങ്ങൾ സ്വയം പര്യാപ്തമായിരിക്കണം. സ്വയം പര്യാപ്തമല്ലാതെ ഒരു സ്ഥാപനത്തിനും പ്രവർത്തിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് മാനേജിങ് ഡയരക്ടർ കെ.ഹരികുമാർ, കൊച്ചിൻ റിഫൈനറി മുൻ എക്‌സിക്യൂട്ടീവ് ഡയരക്ടർ പ്രസാദ് കെ പണിക്കർ എന്നിവരായിരുന്നു സമിതി അംഗങ്ങൾ. ആറു മാസം കൊണ്ടാണ് സമിതി റിപ്പോർട്ട് തയാറാക്കിയത്. ചടങ്ങിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."