കൊവിഡ്: മരണാസന്നനായ അച്ഛന് വെള്ളം കൊടുക്കാന്‍ ശ്രമിച്ച മകളെ തടഞ്ഞ് അമ്മ
അമരാവതി: കൊവിഡ് ബാധിച്ചതിനാല്‍ ഗ്രാമത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ട് വയലില്ക്കഴിയേണ്ടി വന്ന 50കാരന് ബന്ധുക്കള്‍ നോക്കിനില്‍ക്കെ വീണുമരിച്ചു. മരിക്കുന്നതിന് മുന്‍പ് 17കാരിയായ മകള്‍ വെള്ളം നല്കാന് ശ്രമിച്ചപ്പോള്‍ മാതാവ് തടഞ്ഞു.
തുടര്‍ന്ന് മാതാവിനെ തള്ളിമാറ്റി മകള്‍ വെള്ളം നല്കാന് ശ്രമിച്ചെങ്കിലും തൊട്ടുപിന്നാലെ പിടഞ്ഞു മരിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ കോയ്യനപ്പേട്ട് ജഗന്നാഥവല്സയിലാണ് ഞെട്ടിക്കുന്ന സംഭവം. തൊഴിലാളിയായ അസിരി നായിഡുവാണ് മരിച്ചത്. ഈ സംഭവങ്ങളുടെയെല്ലാം വേദനിപ്പിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
വിജയവാഡയില്‍ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്ന നായിഡു കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്നാണ് നാട്ടിലെത്തിയത്. എന്നാല്‍ നായിഡുവിനെ നാട്ടുകാര്‍ ഗ്രാമത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ഗ്രാമത്തിനു പുറത്ത് വയലില്‍ കെട്ടിയുണ്ടാക്കിയ കുടിലില്‍ കഴിയേണ്ടി വരികയായിരുന്നു.
ചികിത്സ ലഭിക്കാതായതോടെ നായിഡുവിന്റെ നില വഷളായെങ്കിലും ആരും ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തയാറായില്ല. പിന്നാലെ നായിഡു മരിച്ചു പോകുന്നതിന്റെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. നിലത്തു വീണുകിടക്കുന്ന അച്ഛന് വെള്ളം കൊടുക്കാന്‍ മകള്‍ ശ്രമിക്കുന്നതിന്റെയും എന്നാല്‍ മാതാവ് മകളെ തടഞ്ഞു വച്ചിരിക്കുന്നതിന്റെയും ദൃശ്യങ്ങളോടെയാണ് വിഡിയോ തുടങ്ങുന്നത്.
നായിഡു മരണാസന്നനായി പിടയുന്നത് കണ്ട മകള്‍ മാതാവിനെ തട്ടിമാറ്റി കുപ്പി പിടിച്ചുവാങ്ങി പിതാവിനടുത്തെത്തി വെള്ളം നല്കി.
ഇതിനിടയിലെല്ലാം മാതാവ് മകളെ തടയാന്‍ ശ്രമിക്കുന്നുണ്ട്.
അതൊന്നും കണക്കിലെടുക്കാതെ മകള്‍ വെള്ളം നല്‍കുകയും പിതാവിനെ കൈപിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തൊട്ടടുത്ത നിമിഷം ഒരു പിടച്ചിലോടെ പിതാവ് മരിച്ചു. മകള്‍ വേദനയോടെ നിലത്തു വീണു പൊട്ടിക്കരയുന്നതും വിഡിയോയില്‍ കാണാം. ഇതെല്ലാം നിരവധി ഗ്രാമവാസികള്‍ കണ്ടു നില്‍ക്കുന്നത് വിഡിയോയിലെ അവരുടെ ശബ്ദത്തില്‍ നിന്ന് വ്യക്തമാണെങ്കിലും ആരും സഹായിക്കാനെത്തിയില്ല.
വിഡിയോ പുറത്തുവന്നപ്പോള്‍ മാത്രമാണ് സംഭവം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ചെഞ്ചയ്യ മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."