ജാതി ചോദിക്കുന്നു നാം സോദരാ…; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജാതിപ്പേരില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍; സ്ഥലംമാറ്റം അടക്കമുള്ളവയില്‍ ഇടപെടല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ ജാതിക്കൂറ് പ്രകടമാക്കി വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവം. സ്വന്തം ജാതിയുമായി ബന്ധപ്പെട്ട വ്യത്യസ്ത പേരുകളിലാണ് ഗ്രൂപ്പുകള്‍. സെക്രട്ടേറിയറ്റ്, കലക്ടറേറ്റ്, പൊലിസ്, എക്‌സൈസ്, കെ.എസ്.ആര്‍.ടി.സി, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കിടയിലും ജില്ലകള്‍ കേന്ദ്രീകരിച്ചും ഗ്രൂപ്പുകളുണ്ട്.
സ്വജാതിയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍, വിവാഹം, ചികിത്സാ ഫണ്ട് കണ്ടെത്തല്‍ എന്നിവയ്ക്കുപുറമേ മറ്റു ജാതികളിലെ ജീവനക്കാര്‍ക്കെതിരേ ആക്ഷേപങ്ങള്‍ ചൊരിയാനും ഗ്രൂപ്പുകള്‍ ഉപയോഗിക്കുന്നു. കേരള സര്‍വിസ് റൂള്‍ 67എയില്‍ ജീവനക്കാര്‍ മത, ജാതിപരമായ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതു വിലക്കുമ്പോഴാണ് തികഞ്ഞ വര്‍ഗീയ പ്രചാരണങ്ങള്‍ക്കായി ജീവനക്കാര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ തിരഞ്ഞെടുക്കുന്നത്.
നായര്‍, ഈഴവ, വിശ്വകര്‍മ സമുദായങ്ങള്‍ക്കാണ് പ്രധാനമായും ഇത്തരത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളുള്ളത്. ചില ദളിത് സംഘടനകള്‍ക്ക് ഗ്രൂപ്പുണ്ടെങ്കിലും ജീവനക്കാരുടെ എണ്ണം കുറവായതിനാല്‍ സജീവമല്ല.
ഗ്രൂപ്പിലെ കീഴ്ജീവനക്കാരെ സംരക്ഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഏതറ്റംവരെ പോകാനും തയാറാണ്. പൊലിസ്, എക്‌സൈസ് വകുപ്പുകളില്‍ ജാതിത്തണലില്‍ സ്ഥലംമാറ്റമില്ലാതെ 'സുഖവാസമനുഭവിക്കുന്നത്' നിരവധി പേരാണ്.
മറ്റു ജാതിയിലുള്ളവരെ കൂട്ടത്തോടെ സ്ഥലംമാറ്റത്തിന് വിധേയമാക്കുമ്പോള്‍ ഗ്രൂപ്പിലുള്ളവരെ സംരക്ഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുണ്ടാകും.
ഇടതുമുന്നണിയിലെ വിവിധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരും മറ്റു രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഗ്രൂപ്പുകളില്‍ അംഗങ്ങളാണ്. വകുപ്പുകളിലുണ്ടാകുന്ന പരിശോധന, ഉന്നത ഉദ്യോഗസ്ഥരുടെ സന്ദര്‍ശനം തുടങ്ങി എല്ലാ കാര്യങ്ങളും ഗ്രൂപ്പില്‍ സന്ദേശമെത്തും.
എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍മാരുടെ സ്ഥലംമാറ്റങ്ങളില്‍ അനര്‍ഹരെ ഉള്‍പ്പെടുത്തിയെന്നാരോപിച്ച് കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."