സൈനികനെ വെടിവെച്ച് കൊന്ന പ്രതിയുടെയും പ്രകൃതി വിരുദ്ധ പീഡനം നടത്തിയ പ്രതിയുടെയും വധശിക്ഷ നടപ്പാക്കി സഊദി
ജിദ്ദ: സഊദിയിൽ രണ്ടു പേരുടെ വധശിക്ഷ നടപ്പാക്കി. സഊദി പൗരൻ മുഹമ്മദ് ബിൻ അബ്ദുറസാഖ് ബിൻ സഅദ് അൽഫൈദി, ഉമർ ബിൻ അബ്ദുല്ല ബിൻ ഉബൈദുല്ല അൽബറകാത്തി എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ജിദ്ദയിൽ വെച്ചായിരുന്നു ശിക്ഷ നടപ്പാക്കിയത്.
ഔദ്യോഗിക ഡ്യൂട്ടിക്കിടെ സുരക്ഷാ സൈനികനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മുഹമ്മദ് ബിൻ അബ്ദുറസാഖ് ബിൻ സഅദ് അൽഫൈദി. കൗമാരക്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കി എന്നതാണ് ഉമർ ബിൻ അബ്ദുല്ല ബിൻ ഉബൈദുല്ല അൽബറകാത്തി ചെയ്ത കുറ്റം.
മുഹമ്മദ് ബിൻ അബ്ദുറസാഖ് പൊലിസ് വാഹനങ്ങൾക്കും സുരക്ഷാ സൈനികർക്കും നേരെ നിറയൊഴിക്കുകയും, എണ്ണ വ്യവസായ കേന്ദ്രത്തിൽ അതിക്രമിച്ചു കയറി തീയിടുകയും ചെയ്തിരുന്നു. ഇതിൽ സൈനികൻ കൊല്ലപ്പെടുകയും ചെയ്തു. പ്രതി ഭീകരപ്രവർത്തനങ്ങളെ പിന്തുണക്കുന്ന തീവ്രവാദ ആശയങ്ങളിൽ വിശ്വസിക്കുകയും തോക്കുകളും വെടിയുണ്ടകളും വാങ്ങുകയും കൈവശം വയ്ക്കുകയും ആയുധ പരിശീലനം നടത്തുകയും ചെയ്തതായും തെളിഞ്ഞിരുന്നു. ഇതേത്തുടർന്നാണ് വധശിക്ഷ വിധിച്ചത്.
ഉമർ ബിൻ അബ്ദുല്ല കൗമാരക്കാരനെ വിജനമായ സ്ഥലത്തേക്ക് തട്ടിക്കൊണ്ടു പോവുകയും പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കുകയും ചെയ്തതായി തെളിഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് കോടതി വധശിക്ഷ വിധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."