പിൻവാതിൽ വീണ്ടും തുറക്കുന്നു ; ഡയറ്റിൽ 89 അധ്യാപകരെ സ്ഥിരപ്പെടുത്താൻ നീക്കം
കോഴിക്കോട്
വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അധ്യാപക പരിശീലന കേന്ദ്രമായ ഡയറ്റിൽ ലക്ചറർ തസ്തികയിൽ 89 പേരെ പിൻവാതിൽവഴി സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നതായി ആരോപണം. പി.എസ്.സിയെ നോക്കുകുത്തിയാക്കി ചട്ടങ്ങളും നിയമങ്ങളും മറികടന്നാണ് സി.പി.എം അനുഭാവികളെ സ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നത്. സി.പി.എമ്മിന്റെ അധ്യാപക സംഘടനാ ഭാരവാഹികളും നേതാക്കളുടെ ഭാര്യമാരും സ്ഥിരപ്പെടുത്തൽ പിരിഗണനയിലുള്ളവരിൽപ്പെടും.
പി.ജി, എം.എഡ്, എംഫിൽ അല്ലെങ്കിൽ പിഎച്ച്.ഡി യോഗ്യതയുള്ളവർക്കാണ് നിലവിൽ ഡയറ്റിലെ ലക്ചറർ പോസ്റ്റിന് അർഹതയുള്ളത്. എന്നാൽ ഡെപ്യൂട്ടേഷനിൽ എത്തിയവർക്ക് ഈ യോഗ്യതയില്ല. ഉയർന്ന യോഗ്യതയുള്ള ഉദ്യോഗാർഥികൾ പുറത്തുനിൽക്കുമ്പോഴാണ് കുറഞ്ഞ യോഗ്യതയുള്ളവരെ സ്ഥിരപ്പെടുത്താൻ നീക്കം നടത്തുന്നത്. 2018 നവംബറിലാണ് 89 പേരെ പ്രൈമറി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽനിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഡയറ്റിൽ ലക്ചറർ ആയി നിയമിച്ചത്.
സ്‌പെഷൽ റൂൾസിൽ ഭേദഗതി ആവശ്യമുണ്ടെന്ന കാരണം പറഞ്ഞാണ് അന്ന് പി.എസ്.സി വഴി നിയമനം നടത്താതെ ഡെപ്യൂട്ടേഷനിലൂടെ നിയമിച്ചത്. എന്നാൽ 2021 ഫെബ്രുവരി 19ന് പി.എസ്.സി സ്‌പെഷൽ റൂൾസിലെ അപാകതകൾ പരിഹരിച്ച് വിജ്ഞാപനമിറക്കി. എന്നാൽ ഇതിനു ശേഷവും ഡയറ്റിലുണ്ടായ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ വിദ്യാഭ്യാസവകുപ്പ് തയാറായില്ല.
ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത് പരീക്ഷയിലൂടെയും ഇന്റർവ്യൂവിലൂടെയും യോഗ്യരായവരെ തെരഞ്ഞെടുത്ത് നിയമനം നടത്തുന്നതിനു പകരമാണ് പിൻവാതിലിലൂടെ നിയമനം നടത്താൻ നീക്കം നടത്തുന്നത്.
കഴിഞ്ഞ മാർച്ച് 25നും ഏപ്രിൽ ഏഴിനും പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡയറ്റ് പ്രിൻസിപ്പൽമാരോട് യോഗ്യതാവിവരങ്ങൾ ഉൾപ്പെടുത്തി അടിയന്തിര റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഇത് സ്ഥിരപ്പെടുത്തൽ നടപടിയുടെ ഭാഗമായാണെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."