സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മരം മുറി; പഞ്ചായത്ത് സെക്രട്ടറി 25,000 നഷ്ടപരിഹാരം നൽകണം
തൊടുപുഴ
സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ നിന്ന മരങ്ങൾ ഉടമയ്ക്ക് നോട്ടീസ് നൽകാതെയും കോടതി തീർപ്പു വരെ കാത്തു നിൽക്കാതെയും അന്നത്തെ കരിമണ്ണൂർ പഞ്ചായത്ത് സെക്രട്ടറി മനപ്പൂർവം മുറിച്ചു മാറ്റിയെന്ന പരാതിയിൽ വസ്തു ഉടമയ്ക്ക് 25000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവായി.
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉടൻ നഷ്ടപരിഹാരം നൽകണമെന്നും അന്വേഷണം പൂർത്തിയാക്കിയ ശേഷം മുൻ പഞ്ചായത്ത് സെക്രട്ടറി സാജു ജോസഫിൽ നിന്നും തുക ഈടാക്കണമെന്നും കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിൽ പറഞ്ഞു. നിയമ വിരുദ്ധമായി മരങ്ങൾ മുറിച്ച മുൻ പഞ്ചായത്ത് സെക്രട്ടറിക്കെതിരേ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോ ഇല്ലെങ്കിൽ നിയമപ്രകാരം അധികാരമുള്ള ഉദ്യോഗസ്ഥരോ വകുപ്പുതല അന്വേഷണം നടത്തി നിയമപരമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി.
വസ്തു ഉടമയും പരാതിക്കാരിയുമായ കരിമണ്ണൂർ നെയ്യശേരി സ്വദേശിനി ആഗ്‌നസ് ഫ്രാൻസിസിന് കൂടുതൽ നഷ്ടം ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഉത്തരവാദപ്പെട്ടവരിൽ നിന്നും കോടതി മുഖാന്തിരം ഈടാക്കണം. വിഷയത്തിൽ അന്നത്തെ ഇടുക്കി പഞ്ചായത്ത് ഡപ്യൂട്ടി ഡയരക്ടറുടെ ഇടപെടൽ അനധികൃതമായിരുന്നോ എന്നതിനെ കുറിച്ച് അന്വേഷിക്കണമെന്നും നിർദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."