കൊവിഡ് ബാധിതനെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച അശ്വിനേയും രേഖയേയും അഭിനന്ദിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ആലപ്പുഴയില്‍ കൊവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച ഡി.വൈ.എഫ്.ഐ സന്നദ്ധ പ്രവര്‍ത്തകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗിയുടെ ആരോഗ്യനില മനസിലാക്കിയ അവസരത്തിനൊത്ത് ഉണര്‍ന്ന് പ്രവര്‍ത്തിച്ച യുവാക്കളെ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
'പുന്നപ്രയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ ശ്വാസ തടസ്സം അനുഭവപ്പെട്ട കൊവിഡ് ബാധിതനെ ആംബുലന്‍സ് എത്താനുള്ള സമയം പോലും പാഴാക്കാതെ ആശുപത്രിയിലെത്തിച്ച രണ്ട് ചെറുപ്പക്കാരുടെ സന്നദ്ധതയെയാണ് മറ്റൊരു തരത്തില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചത്. ആ രോഗി ഇപ്പോള്‍ സുഖം പ്രാപിച്ച് വരുന്നതായാണ് മനസിലാകുന്നത്. അങ്ങനെ ഉണര്‍ന്ന് പ്രവര്‍ത്തിച്ച യുവതീ യുവാക്കളെ ഈ ഘട്ടത്തില്‍ അഭിനന്ദിക്കുന്നു,' എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഓക്സിജന്‍ ഇല്ല, ശ്മശാനങ്ങളില്‍ ക്യൂ, കൊവിഡ് രോഗിയെ ബൈക്കില്‍ കൊണ്ടു പോയി തുടങ്ങിയ വാര്‍ത്തകള്‍ ഉദ്വേഗജനകമായി അവതരിപ്പിക്കുന്ന മാധ്യമങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുന്നപ്ര വടക്ക് പഞ്ചായത്തിലെ സഹകരണ എന്‍ജിനീയറിങ് കോളേജ് ഹോസ്റ്റലില്‍ പ്രര്‍ത്തിക്കുന്ന കോവിഡ് ഡൊമസ്റ്റിക് കെയര്‍ സെന്ററില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ഇവിടെ 97 രോഗികളുണ്ട്. രാവിലെ 8.15 ഓടെയാണ് വാളന്റിയര്‍മാരായ അശ്വിനും രേഖയും ഇവിടെ എത്തിയത്. പി.പി.ഇ കിറ്റ് ധരിച്ച ഇരുവരും ചേര്‍ന്ന് താഴത്തെ നിലയില്‍ രോഗികള്‍ക്ക് പ്രഭാത ഭക്ഷണം വിളമ്പുന്നതിനിടെയാണ് മൂന്നാം നിലയിലെ യുവാവ് അവശനിലയിലാണന്ന് മറ്റൊരു രോഗി അറിയിച്ചത്. ഉടനെ മൂന്നാം നിലയിലെത്തിയ ഇവര്‍ യുവാവിനെ താങ്ങിയെടുത്ത് താഴെ എത്തിച്ച് ടേബിളില്‍ കിടത്തി.
ശ്വാസമെടുക്കാന്‍ ഏറെ പ്രയാസപ്പെടുകയും കണ്ണ് പുറത്തേക്കുതള്ളി വരുകയും ചെയ്ത യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് വിളിച്ചെങ്കിലും എത്തിയില്ല. തുടര്‍ന്ന് ബൈക്കില്‍ 50 മീറ്ററിനുള്ളിലുള്ള സാഗര സഹകരണ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ പ്രാഥമിക ചികിത്സ ലഭ്യമാക്കിയതോടെ അപകടനില തരണം ചെയ്ത രോഗിയെ പിന്നീട് ഓക്‌സിജന്‍ സംവിധാനമുള്ള ആംബുലന്‍സ് വരുത്തി ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ പ്രത്യേക കോവിഡ് ചികിത്സാ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."