'തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ബുദ്ധികേന്ദ്രം,രാഷ്ട്രീയ സിംഹങ്ങളെ നിയന്ത്രിക്കുന്ന ചാണക്യന്‍'; കോണ്‍ഗ്രസിന്റെ രക്ഷകനാകുമോ പ്രശാന്ത് കിഷോര്‍
അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന പേരാണ് പ്രശാന്ത് കിഷോര്‍.ഏറ്റവുമൊടുവില്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരാനുള്ള നിര്‍ദ്ദേശങ്ങളുമായി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകളിലാണ് അദ്ദേഹം നിറഞ്ഞുനില്‍ക്കുന്നത്.രാഷ്ട്രീയ ലോകത്ത് അത്രമേല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ആരാണ് പ്രശാന്ത് കിഷോര്‍? രാഷ്ട്രീയ സിംഹങ്ങളെ നിയന്ത്രിക്കുന്ന ചാണക്യന്‍,തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ബുദ്ധികേന്ദ്രം എന്നീ നിലകളില്‍ പ്രശസ്തനാണ് അദ്ദേഹം.
1977ല്‍ ജനിച്ച പ്രശാന്ത് കിഷോര്‍ രാഷ്ട്രീയത്തിലിറങ്ങും മുന്നേ ഏറെക്കാലം ഐക്യരാഷ്ട്ര സഭയോടൊപ്പം പ്രവര്‍ത്തിച്ച ചരിത്രമുണ്ട്. പൊതു ആരോഗ്യ വിദഗ്ധന്‍ എന്ന നിലയില്‍ ഏകദേശം എട്ട് വര്‍ഷത്തോളം ഐക്യരാഷ്ട്ര സഭയുടെ ഭാഗമായിരുന്ന കിഷോര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്റെ ജൈത്രയാത്ര തുടങ്ങുന്നത് നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയുടെ സിംഹാനത്തില്‍ ഇരുത്തുന്നതിലെ ബുദ്ധികേന്ദ്രം എന്ന നിലയിലാണ്. 2012 ലെ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിലും രണ്ട് വര്‍ഷത്തിന് ശേഷം നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും ബി.ജെ.പി ജയിച്ചു കയറിയത് പ്രശാന്ത് കിഷോറിന്റെ തന്ത്രത്തിന്റെ ഫലമായിരുന്നു. ഗുജറാത്ത് വംശഹത്യയുടെ കറകള്‍ മായ്ച്ചുകളഞ്ഞ് മോദിക്ക് പുണ്യപുരുഷന്‍ എന്ന ഇമേജ് സൃഷ്ടിച്ചുകൊടുത്തതും അദ്ദേഹമായിരുന്നു.
ബി.ജെ.പി വെല്ലുവിളി നിലനില്‍ക്കുമ്പോഴും പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് തുടര്‍ഭരണം നേടാന്‍ സഹായിച്ചയാള്‍. 2015 ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു-ആര്‍.ജെ.ഡി-കോണ്‍ഗ്രസ് സഖ്യത്തിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചയാള്‍. സ്റ്റാലിന്റെ നേതൃത്വത്തിലെ ഡി.എം.കെയുടെ ഉപദേശകനായി പ്രവര്‍ത്തിച്ചയാള്‍. ഇങ്ങനെ രാജ്യം കണ്ട ഏറ്റവും തന്ത്രശാലിയായ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ എന്ന സ്ഥാനത്തിന് അര്‍ഹനാണ് ഈ ബിഹാറുകാരന്‍.
ഇന്ത്യന്‍ രാഷ്ട്രീയത്തിനും തെരഞ്ഞെടുപ്പുകള്‍ക്കും ഒരു പ്രൊഫഷണല്‍ ബിസിനസ് ഫേസ് നല്‍കിയത് പ്രശാന്ത് കിഷോറും സിറ്റിസണ്‍സ് ഫോര്‍ അക്കൗണ്ടബിള്‍ ഗവേണന്‍സ് എന്ന മീഡിയ കമ്പനിയുമാണ്.
'അദ്ദേഹം ഒരു സൂപ്പര്‍ ഇന്റലിജന്റാണ്' പ്രശാന്ത് കിഷോറിനെപ്പറ്റി ആംആദ്മി പാര്‍ട്ടി തലവനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകളാണിത്. അതെ, അതുകൊണ്ട് തന്നെയാണ് അയാളുടെ ഓരോ രാഷ്ട്രീയ കൂടിക്കാഴ്ച്ചകളും രാജ്യത്ത് ഇത്രയും ശ്രദ്ധിക്കപ്പെടുന്നതും. ജെ.ഡി.യു അധ്യക്ഷന്‍ നിതീഷ് കുമാര്‍ തനിക്ക് താഴെ പാര്‍ട്ടിയിലെ രണ്ടാമത്തെ അധികാരമുള്ള വ്യക്തിയായി പ്രശാന്ത് കിഷോറിനെ വാഴിച്ചതും അതുകൊണ്ടൊക്കെ തന്നെയാണ്.
2014 ല്‍ മോദി, 2015 ല്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, 2017 ല്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, 2019 ല്‍ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി,2021 ല്‍ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിക്ക് വേണ്ടിയും, 2020 ല്‍ കെജ്രിവാളിന് വേണ്ടി ഡല്‍ഹി അസംബ്‌ളി തെരഞ്ഞെടുപ്പിലും പ്രശാന്ത് കിഷോര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുകയും ഉജ്വല വിജയങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. ഇങ്ങനെ പലപാര്‍ട്ടികള്‍ക്കായി മാറിയും മറിഞ്ഞും മെനഞ്ഞ തന്ത്രങ്ങളൊക്കെയും പ്രശാന്ത് കിഷോറെന്ന പേര് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു ബ്രാന്‍ഡ് ആക്കി മാറ്റി.
കോണ്‍ഗ്രസിന് പ്രശാന്ത് കിഷോര്‍ രക്ഷകനാകുമോ?
കോണ്‍ഗ്രസിന്റെ ജനപിന്തുണയിലുണ്ടായ വലിയ അപചയം പരിഹരിച്ച് അതിനെ വീണ്ടും മാസ് അപ്പീലുള്ള പാര്‍ട്ടിയാക്കി മാറ്റാന്‍ തക്ക ആയുധങ്ങള്‍ ഈ പൊളിറ്റിക്കല്‍ സ്ട്രാറ്റജിസ്റ്റിന്റെ കയ്യിലുണ്ടോ? എന്താണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സംഭവിച്ച യഥാര്‍ത്ഥ തിരിച്ചടി എന്ന കാര്യത്തില്‍ പ്രശാന്ത് കിഷോറിന് കൃത്യമായ ധാരണകളുണ്ടോ? ഈ സമയത്ത് സ്വാഭാവികമായി ഉയരുന്ന ചോദ്യങ്ങളാണിത്.
കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന സംഘപരിവാരിന്റെ എക്കാലത്തെയും വലിയ സ്വപ്നത്തെ 2024 ഓടെ സാക്ഷാല്‍ക്കരിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണവര്‍. ഒരിക്കല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനങ്ങളിലെല്ലാം തന്നെ കോണ്‍ഗ്രസ് ഇന്ന് മൂന്നാമത്തെയോ നാലാമത്തെയോ പാര്‍ട്ടിയാണ്.
മഹാരാഷ്ട്ര മാത്രം ഉദാഹരണമായി എടുത്താല്‍ മതി. കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്ര അടിത്തറ ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്നു കഴഞ്ഞു. എന്തിന് ഞങ്ങള്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യണം എന്ന് ഏതെങ്കിലും പ്രദേശത്തെ ജനങ്ങള്‍ ചോദിച്ചാല്‍ അതിന് കൃത്യമായി മറുപടി നല്‍കാന്‍ പറ്റുന്ന അവസ്ഥയിലല്ല കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍. ബി ജെ പിയാകട്ടെ ഹിന്ദു മുസ്‌ളീം എന്ന വിഭാഗീതയത വളരെ കൃത്യമായി രാജ്യത്ത് സൃഷ്ടിച്ചു കഴിഞ്ഞു. വളരെ ദീര്‍ഘകാലം നിലനില്‍ക്കേണ്ട പദ്ധതിയുമായാണ് സംഘപരിവാര്‍ മുന്നോട്ട് പോകുന്നത്.
ബി ജെ പിയെ സംബന്ധിച്ചിടത്തോളം ഒരു കോടിയലധികം വരുന്ന ആര്‍ എസ് എസ് കേഡര്‍മാര്‍ എപ്പോള്‍ വേണമെങ്കിലും സുസജ്ജമാക്കാന്‍ കഴിയും. കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് ദൃശ്യമായിരുന്നു. വോട്ടേഴ്‌സ് ലിസ്റ്റിലെ ഒരു ഷീറ്റിന് ഒരാള്‍ എന്ന കണക്കിലാണ് അവിടെ പ്രവര്‍ത്തനങ്ങള്‍ അവര്‍ ഏകോപിപ്പിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന് കേരളമുള്‍പ്പെടെയുള്ള ഒരു സംസ്ഥാനത്തും അത്തരത്തില്‍ സുസംഘടിതമായ രീതിയില്‍ കേഡര്‍മാരെ സൃഷ്ടിക്കാന്‍ കഴിയില്ല. അവിടെയാണ് കോണ്‍ഗ്രസ്‌നേരിടുന്ന ഏറ്റവും വലിയ തിരിച്ചടി. കേരളം പോലുള്ള സംസ്ഥാനത്ത് പോലും അസംബളി തെരഞ്ഞെടുപ്പില്‍ അടുക്കും ചിട്ടയുമോടെ പ്രവര്‍ത്തിക്കാന്‍ ഉള്ള ഒരു സംവിധാനമില്ലായിരുന്നു.
അതേസമയം പ്രശാന്തിന്റെ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സോണിയ ഗാന്ധിയുടെ വസതിയില്‍ യോഗം ചേര്‍ന്നിട്ടുണ്ട്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തെരഞ്ഞെടുപ്പ് പ്രശാന്ത് കിഷോര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കണോ വേണ്ടയോ എന്നുള്ള കാര്യത്തില്‍ ഇന്ന് തീരുമാനമാകും.
പ്രശാന്തുമായി വിവിധ കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചര്‍ച്ച നടത്തിയിരുന്നു. പ്രശാന്തിന്റെ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നിര്‍ണായക യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. സോണിയക്ക് റിപ്പോര്‍ട്ട് നല്‍കിയ ഏഴംഗ സമിതിയിലെ അംഗങ്ങളും യോഗത്തിനെത്തിയിട്ടുണ്ട്.
പി ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയില്‍ കെ സി വേണുഗോപാല്‍, മുകുള്‍ വാസ്‌നിക്ക്, അംബിക സോണി, ജയറാം രമേശ്, ദിഗ് വിജയ് സിങ്, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നീ നേതാക്കളാണ് ഉള്ളത്. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും എ കെ ആന്റണിയും യോഗത്തില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."