പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പൊലിസ് സൗകര്യമൊരുക്കിയില്ല മകളുടെ മൃതദേഹവുമായി പിതാവ് നടന്നത് 35 കിലോമീറ്റര്‍
ഭോപ്പാല്‍: കൊവിഡ് ഭയന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ സൗകര്യമൊരുക്കാത്തതിനെതുടര്‍ന്ന് മധ്യപ്രദേശില്‍ മകളുടെ മൃതദേഹമടങ്ങിയ കട്ടിലുമായി പിതാവ് നടന്നത് 35 കിലോമീറ്റര്‍.
സിന്‍ഗ്രൗലിയിലാണ് സംഭവം. പതിനാറുകാരി മെയ് അഞ്ചിന് ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെടുകയായിരുന്നു. കൂടുതല്‍ പരിശോധനയ്ക്കായി പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് പൊലിസ് ആവശ്യപ്പെട്ടു.
ഇതിനായി 35 കിലോമീറ്റര്‍ അകലെയുള്ള സിന്‍ഗ്രൗലിയിലെ ആശുപത്രിയില്‍ എത്തിക്കാനും ആവശ്യപ്പെട്ടു. ഇവര്‍ക്ക് ആവശ്യമായ യാത്രാസൗകര്യം ഒരുക്കുന്നതിന് പൊലിസിന്റെ ഭാഗത്തുനിന്ന് നടപടിയൊന്നുമുണ്ടായില്ല.
വാഹനം വിളിച്ചുപോകാനുള്ള സാമ്പത്തിക ശേഷിയും ഇവര്‍ക്കില്ലായിരുന്നു. തുടര്‍ന്നാണ് പിതാവ് ദിറപതി സിങ്ങും മറ്റു ചില ഗ്രാമവാസികളും മൃതശരീരം കട്ടിലില്‍ കിടത്തി കട്ടില്‍ കയറുകെട്ടി വടിയില്‍ ബന്ധിച്ച് തോളിലേറ്റി നടന്നത്.ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. രാവിലെ ഒന്‍പതുമണിക്ക് യാത്ര പുറപ്പെട്ട ഇവര്‍ ആശുപത്രിയില്‍ എത്തുന്നത് വൈകീട്ട് നാലു മണിയോടെയാണ്. യാത്രാസൗകര്യം ഒരുക്കി നല്‍കാനുള്ള ബജറ്റ് തങ്ങള്‍ക്കുമില്ലെന്നാണ് പൊലിസ് വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."