സെന്‍ട്രല്‍ വിസ്ത: കുറ്റകരമായ പാഴ്‌ച്ചെലവ്
കൊവിഡ് ബാധിതര്‍ നിത്യേന പ്രാണവായുവിനായി യാചിച്ചു മരിച്ചുവീഴുമ്പോള്‍, കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ വിസ്ത നിര്‍മാണവുമായി മുന്നോട്ടുപോവുകയാണ്. ഇത് കുറ്റകരമായ പാഴ്‌ച്ചെലവാണെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം നൂറുശതമാനം ശരിയാണ്. രാജ്യത്തിനു ഇപ്പോള്‍ വേണ്ടത് പ്രാണവായുവാണ്. പ്രധാനമന്ത്രിയുടെ വസതി ഉള്‍ക്കൊള്ളുന്ന സെന്‍ട്രല്‍ വിസ്തയല്ല. ഈ നേരത്ത് അതൊരു അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന വിഷയവുമല്ല.
വാക്‌സിന്‍, ഓക്‌സിജന്‍ സിലിണ്ടറുകളുടെ ദൗര്‍ലഭ്യം എന്നിവ പരിഹരിക്കുന്നതില്‍ അമ്പേ പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാരിനെ പ്രസ്തുത ഉത്തരവാദിത്വത്തില്‍ നിന്നു മാറ്റിനിര്‍ത്തി ജോലികള്‍ കൃത്യമായി നിര്‍വഹിക്കാന്‍ സുപ്രിംകോടതി വിദഗ്ധരടങ്ങിയ കര്‍മസമിതിയെ നിയമിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. രോഗവ്യാപനം തടയുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാരിനെതിരേ സമര്‍പ്പിക്കപ്പെട്ട ഒരു കൂട്ടം ഹരജികള്‍ പരിഗണിച്ചായിരുന്നു ഇത്. എന്നാല്‍ സര്‍ക്കാര്‍ ഇതില്‍ നിന്നൊന്നും പാഠം പഠിക്കുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ രാജ്യം ഗുരുതരമായ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ 20,000 കോടിയുടെ പാഴ്‌ച്ചെലവിന് സര്‍ക്കാര്‍ ഇപ്പോള്‍ മുതിരുമായിരുന്നോ? ഇതിന്റെ പകുതി പണമെങ്കിലും ഓക്‌സിജന്‍ പ്ലാന്റ് നിര്‍മിക്കാനും വാക്‌സിന്‍ ദൗര്‍ലഭ്യം പരിഹരിക്കാനുമായിരുന്നില്ലേ ഈ സന്നിഗ്ധ ഘട്ടത്തില്‍ സര്‍ക്കാര്‍ ചെലവാക്കേണ്ടിയിരുന്നത്.
ജനത മരിച്ചുകൊണ്ടിരിക്കുന്ന ഒരവസരത്തില്‍ പ്രജകള്‍ നിലനില്‍ക്കുക എന്നതല്ലേ അനിവാര്യമായി വരുന്നത്. രാജാവും കൊട്ടാരവും പിന്നീടാണു വരുന്നത്. കൊവിഡ് പ്രതിരോധരംഗത്ത് സര്‍ക്കാര്‍ പരാജയപ്പെട്ടതിനെതിരേ സമര്‍പ്പിക്കപ്പെട്ട ഹരജികളെത്തുടര്‍ന്ന് സുപ്രിംകോടതി പുതിയൊരു കര്‍മസമിതിക്ക് രൂപം കൊടുത്തതുപോലെ, സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ മറ്റൊരുഹരജി സമര്‍പ്പിക്കപ്പെട്ടിരിക്കുകയാണ്. വാദം കേള്‍ക്കാമെന്ന് കോടതി സമ്മതിച്ചിട്ടുമുണ്ട്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ കോടതിയില്‍ നിന്നു പ്രതികൂലമായ പരാമര്‍ശം വരും മുന്‍പ് സെന്‍ട്രല്‍ വിസ്തയുമായി ബന്ധപ്പെട്ട ജോലികള്‍ കേന്ദ്ര സര്‍ക്കാര്‍ താല്‍ക്കാലികമായിട്ടെങ്കിലും നിര്‍ത്തിവയ്ക്കുകയല്ലേ വേണ്ടത്. സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികളെല്ലാം സുപ്രിംകോടതി ഇടപെട്ട് തടയണമെന്ന് വന്നാല്‍ എന്‍.ഡി.എ സര്‍ക്കാറിന് ഇതില്‍പ്പരം എന്ത് അപമാനമാണ് വരാനുള്ളത്.
2012ല്‍ സെന്‍ട്രല്‍ വിസ്ത പദ്ധതി ആവിഷ്‌ക്കരിച്ചത് യു.പി.എ സര്‍ക്കാരാണെന്നും ഇപ്പോള്‍ കോണ്‍ഗ്രസ് പദ്ധതിയെ എതിര്‍ക്കുന്നത് വിചിത്രമാണെന്നും പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള കേന്ദ്ര ഭവന നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ പ്രസ്താവന പരിഹാസ്യമാണ്. 2012 ലെ അവസ്ഥയാണോ ഇപ്പോള്‍ രാജ്യം അഭിമുഖീകരിക്കുന്നത്. കൊവിഡ് മഹാമാരി കാലത്ത് സെന്‍ട്രല്‍ വിസ്ത പണിയുന്നതിനാണോ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനാണോ കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത്.
രാജ്പഥ് കേന്ദ്രീകരിച്ചു നടക്കുന്ന പ്രവൃത്തിയില്‍ പ്രധാനമന്ത്രിയുടെ വസതി ഉള്‍പ്പെടുന്ന മന്ദിരങ്ങള്‍, 10 ഓഫിസ് കെട്ടിടങ്ങള്‍, പാര്‍ലമെന്റ് മന്ദിരം, എസ്.പി. ജി സേനയ്ക്കുള്ള താമസസ്ഥലം, കോണ്‍ഫറന്‍സ് സെന്റര്‍, ഉപരാഷ്ട്രപതിയുടെ ഓഫിസ്, വസതി തുടങ്ങി നിരവധി കെട്ടിടങ്ങളാണ് പദ്ധതിയില്‍ ഉള്ളത്. പദ്ധതിക്കുവേണ്ടി ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സ് നിലനിന്നിരുന്ന സ്ഥലം പൊളിച്ചുമാറ്റുന്നതിലൂടെ ഇന്ത്യയുടെ ഇന്നത്തെ പുരോഗതിക്ക് കാരണക്കാരിയായ മുന്‍ പ്രധാനമന്ത്രിയുടെ ചരിത്ര സ്മാരകം പൊളിച്ചുമാറ്റുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഉപരാഷ്ട്രപതിക്ക് വസതി നിര്‍മിക്കാനാണ് ഈ ചരിത്ര സ്മാരകം പൊളിച്ചുമാറ്റുന്നത്. ഉപരാഷ്ട്രപതിക്ക് സെന്‍ട്രല്‍ വിസ്ത പദ്ധതിയില്‍പെടുത്തി വസതി പണിയേണ്ട അടിയന്തര സാഹചര്യമൊന്നും ഇപ്പോഴില്ല. അതുപോലെ ചരിത്രപ്രധാനമായ പല കെട്ടിടങ്ങളും സ്മാരകങ്ങളും പ്രഗത്ഭരായ ദേശീയ നേതാക്കളുടെ നാമത്തിലുള്ള റോഡുകളും തെരുവുകളും സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ പേരില്‍ പൊളിച്ചുമാറ്റപ്പെടും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുകയും, ജീവാര്‍പ്പണം നടത്തുകയും ചെയ്ത മഹാന്മാരുടെ ഓര്‍മകള്‍ ഇതുവഴി തുടച്ചുനീക്കപ്പെടും. പൈതൃക കെട്ടിടങ്ങളും സ്മാരകങ്ങളും മാറ്റി സ്ഥാപിക്കുമെന്നും മ്യൂസിയങ്ങളാക്കി നിലനിര്‍ത്തുമെന്നും പറയുന്നുണ്ടെങ്കിലും അത് എത്രത്തോളം യാഥാര്‍ഥ്യത്തോടടുക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. മുഗള്‍ രാജവംശ കാലത്ത് പണികഴിപ്പിച്ച കെട്ടിടങ്ങളും സ്മാരകങ്ങളും തെരുവുകളും അതേപടി നിലനിര്‍ത്തുമെന്ന ഉറപ്പുകളൊന്നും ഇതുവരെ കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടായിട്ടില്ല.
ഇപ്പോഴത്തെ പാര്‍ലമെന്റ് മന്ദിരം കാലപ്പഴക്കം ചെന്നതാണെന്നത് അംഗീകരിക്കാം. 1927ല്‍ നിര്‍മിച്ച ഈ കെട്ടിടത്തിനു പകരം പുതിയൊരു പാര്‍ലമെന്റ് മന്ദിരം പണിയേണ്ടതുമുണ്ട്. പക്ഷേ അതിന്റെ പേരില്‍ ആവശ്യമുള്ളതും ഇല്ലാത്തതുമായ കെട്ടിടങ്ങള്‍ പണിത് ഇന്ത്യയുടെ ചരിത്ര പൈതൃകങ്ങള്‍ പിഴുതെറിയേണ്ടതുണ്ടോ. മഹത്തായ ഈ രാഷ്ട്രത്തെ ഇന്നു കാണുന്നവിധത്തില്‍ പടുത്തുയര്‍ത്തുന്നതിന് ത്യാഗനിര്‍ഭരമായ ജീവിതം നയിച്ച മഹാന്മാരെ ചരിത്രത്തില്‍ നിന്നു നിഷ്‌ക്കാസനം ചെയ്യുക എന്ന ഗൂഢോദ്ദേശ്യം ധൃതിപിടിച്ച നിര്‍മാണത്തിനു പിന്നിലുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ആ ഉദ്ദേശ്യം എത്രയും വേഗത്തില്‍ പ്രാവര്‍ത്തികമാക്കാനായിരിക്കാം ചിലപ്പോള്‍ ഈ മഹാമാരിയിലും സെന്‍ട്രല്‍ വിസ്ത നിര്‍മാണവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
2020 ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ശിലാസ്ഥാപനം നടത്തിയത് സമ്മതിക്കാം. അത് ആവശ്യവുമാണ്. പിന്നീട് ഉപരാഷ്ട്രപതിയുടെ വസതിക്കെന്നപോലെ, അത്യാവശ്യമില്ലാത്ത കെട്ടിടങ്ങള്‍ക്കുവേണ്ടി ഇന്ത്യയുടെ ചരിത്ര നിര്‍മിതിയില്‍ പ്രമുഖ സ്ഥാനം വഹിച്ച അടയാളങ്ങള്‍ മായിച്ചു കളയേണ്ടതുണ്ടോ? 2021 ജനുവരിയില്‍ ആരംഭിച്ച നിര്‍മാണം കൊവിഡ് വ്യാപനം മുന്‍നിര്‍ത്തി സുപ്രിംകോടതി ഏതാനും ദിവസത്തേക്കു നിര്‍ത്തിവയ്പ്പിച്ചിരുന്നത് ഇത്തരണത്തില്‍ ഓര്‍ക്കാവുന്നതാണ്. ജനുവരിയിലേതിനേക്കാള്‍ അതീവ ഗുരുതരമായ ഒരവസ്ഥയിലൂടെയാണിപ്പോള്‍ രാജ്യം കടന്നു പോകുന്നത്. പദ്ധതി നിര്‍മാണത്തിനെതിരേ വീണ്ടും സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെട്ടിരിക്കുകയാണ്. വാദം കേള്‍ക്കാമെന്ന് സുപ്രിംകോടതി സമ്മതിച്ചിട്ടുണ്ട്. നല്ല വാര്‍ത്തക്കായി കാത്തിരിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."