കൊവിഡ് കാലത്തെ ഫിത്വ്ര്‍ സകാത്ത്
ശരീരത്തിനുള്ള സകാത്ത്, സമ്പത്തിനുള്ള സകാത്ത് എന്നിങ്ങനെ ഇസ്‌ലാമിലെ സകാത്ത് രണ്ട് വിധമാണ്. ഇസ്‌ലാം നിശ്ചയിച്ച എട്ടിനം സമ്പത്തുകള്‍ക്ക് നിശ്ചിത അളവും കാലയളവും എത്തുമ്പോഴുള്ള സകാത്തിനെയാണ് സമ്പത്തിന്റെ സകാത്ത് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഫിത്വ്ര്‍ സകാത്തിനാണ് ശരീരത്തിന്റെ സകാത്ത് എന്നു പറയുന്നത്. ഫിത്വ്ര്‍ എന്നാല്‍ നോമ്പ് മുറിക്കുക എന്നാണ് അര്‍ഥം. ശവ്വാല്‍ മാസപ്പിറവി കാണലോട് കൂടിയും റമദാന്‍ അവസാനി ക്കലോടു കൂടിയുമാണ് ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാകുന്നത്. അത് കൊണ്ടാണ് നോമ്പ് മുറിക്കുമ്പോഴുള്ള സകാത്ത് എന്നര്‍ഥം വരുന്ന ഫിത്വ്ര്‍ സകാത്ത് എന്ന് അതിന് നാമകരണം ചെയ്തിട്ടുള്ളത്. 'നോമ്പ്കാരനില്‍ നിന്ന് സംഭവിച്ച എല്ലാ പോരായ്മകളെയും ഫിത്വ്ര്‍ സകാത്ത് ശുദ്ധിവരുത്തും' എന്ന് നബി (സ) തങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഈ ഹദീസ് സ്വഹീഹാണ് എന്ന് ഇബ്‌നു ഹജര്‍ (റ) പറയുന്നു (തുഹ്ഫ 3:337). 'റമദാന്‍ മാസം ആകാശ ഭൂമികള്‍ക്കിടയില്‍ ബന്ധിക്കപ്പെട്ടിട്ടാണുള്ളത്.
ഫിത്വ്ര്‍ സകാത്തോടുകൂടെയാണ് അതിനെ അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടുക' എന്ന നബി(സ)യുടെ വചനവും സ്വീകാര്യയോഗ്യമാണ് (തുഹ്ഫ 3:337).
ശവ്വാല്‍ മാസപ്പിറവി കാണുന്ന സമയത്ത് പ്രായപൂര്‍ത്തിയും ബുദ്ധിയും ഉള്ള ആളുകള്‍ക്ക്, അവന്റെയും അവന്റെ ആശ്രിതരുടെയും പെരുന്നാള്‍ രാവും പകലും കഴിയാനുള്ള സമ്പത്ത്, താമസിക്കുന്ന വീട്, ആവിശ്യമുള്ളവര്‍ക്ക് വേലക്കാര്‍, കടബാധിതര്‍ക്ക് കടം വീടാനുള്ള മുതല്‍ എന്നിവ കഴിച്ച് വല്ല മുതലും അവശേഷിക്കുന്നുവെങ്കില്‍ അവനും അവന്റെ ആശ്രിതര്‍ക്കും വേണ്ടി അവന്‍ ഫിത്വ്ര്‍ സകാത്ത് നല്‍കണം. ആനാട്ടിലെ മുഖ്യ ആഹാരമാണ് (നമ്മുടെ നാട്ടില്‍ അരി) ആണ് ഫിത്വ്ര്‍ സകാത്തായി നല്‍കേണ്ടത്. ഒരു സാഅ് അഥവാ നാല് മുദ്ദ് (തൂക്കമനുസരിച്ച് ഏകദേശം 2.800 കിലോഗ്രാം) ആണ് നല്‍കേണ്ടത്. റമദാന്‍ മാസം കഴിയുന്ന സമയത്ത് ശവ്വാല്‍ മാസപ്പിറവി കാണലോട് കൂടെയാണ് അത് നിര്‍ബദ്ധമാവുക. പെരുന്നാള്‍ ദിനം അസ്തമിക്കുന്നതിന് മുന്‍പ് അത് നിര്‍ബദ്ധമായും നല്‍കണം. പെരുന്നാള്‍ നിസ്‌കാരത്തിന് മുന്‍പ് നല്‍കലാണ് ഉത്തമം.
പെരുന്നാള്‍ നിസ്‌കാരത്തേക്കാള്‍ വൈകല്‍ കറാഹത്താണ്. പെരുന്നാള്‍ ദിവസത്തിലും നല്‍കാതെ താമസിപ്പിക്കല്‍ ഹറാമുമാണ്. മേല്‍ മാനദണ്ഡ പ്രകാരം ഫിത്വ്ര്‍ സകാത്ത് നിര്‍ബദ്ധമാകാത്തവര്‍ ഓരോ നാട്ടിലും വളരെ വിരളമായിരിക്കും. എന്നാല്‍ പെരുന്നാള്‍ മാസപ്പിറവി കാണുന്നതിന് മുന്‍പ് തന്നെ (റമദാന്‍ മാസം ഒന്ന് മുതല്‍) ഫിത്വ്ര്‍ സകാത്ത് നല്‍കാം എന്ന് കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. അതു പോലെ പെരുന്നാള്‍ ദിനത്തില്‍ ഫിത്വ്ര്‍ സകാത്ത് നല്‍കുന്നതിന് തടസ്സമാവുന്ന വല്ല കാരണവും ഉണ്ടായാല്‍ ആ കാരണം ഒഴിവായതിന് ശേഷം നല്‍കിയാലും മതിയാവുന്നതാണ്. നമ്മുടെ രാജ്യത്ത് കോവിഡിന്റെ അതിവ്യാപനം മൂലം പുറത്ത് ഇറങ്ങാന്‍ പ്രയാസമുളള പല ഭാഗങ്ങളും ഇപ്പോള്‍ ഉണ്ടല്ലോ. കണ്ടൈമെന്റ് സോണ്‍, കോവിഡ് രോഗികളുള്ള വീടുകള്‍, ക്വോറന്റൈനില്‍ കഴിയുന്ന വീട്ടുകാര്‍ എല്ലാം അതിന് ഉദാഹരണങ്ങളാണ്. അങ്ങിനെയുള്ള ആളുകള്‍ക്ക് പുറത്ത് ഇറങ്ങാന്‍ പ്രയാസമായതിനാല്‍ അവര്‍ ഈ കാരണം ഒഴിവായതിന് ശേഷം ഫിത്വ്ര്‍ സകാത്ത് നല്‍കിയാലും മതിയാവുന്നതാണ്. 'കാരണമില്ലാതെ പെരുന്നാള്‍ ദിവസം ഫിത്വ്ര്‍ സകാത്ത് നല്‍കാതെ പിന്തിക്കല്‍ ഹറാമാണ്. അകാരണമായി പിന്തിക്കല്‍ കുറ്റമായതിനാല്‍ പിന്തിച്ചവര്‍ ഉടനെ ഖളാഅ് വീട്ടലും നിര്‍ബദ്ധമാണ്. പിന്തിച്ചതിന് കാരണമുണ്ടെങ്കില്‍ പെട്ടെന്ന് തന്നെ ഖളാഅ് വീട്ടല്‍ നിര്‍ബന്ധമില്ല (തുഹ്ഫ 3:342).
കണ്ടൈമെന്റ് സോണിലാണെങ്കിലും വീട്ടില്‍ തന്നെ കൊറോണ രോഗികള്‍ ഉണ്ടെങ്കിലും അനിവാര്യമായ ജീവിത കാര്യങ്ങള്‍ കൈമാറലുണ്ടല്ലൊ. അതുപോലെ ഫിത്വ്ര്‍ സകാത്തും കൈമാറലാണ് ഖളാഅ് ആക്കുന്നതിനേക്കാള്‍ നല്ലത്. സര്‍ക്കാറും ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റും നിര്‍ദേശിക്കുന്ന സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹിക അകലം പോലുള്ള കാര്യങ്ങള്‍ നാം ശ്രദ്ധിക്കുക തന്നെ വേണം.
അതുപോലെ പുറത്തിറങ്ങാന്‍ പറ്റാത്ത ആളുകള്‍ക്ക് മറ്റൊരാളെ ഫിത്വ്ര്‍ സകാത്ത് നല്‍കാന്‍ വകാലത്ത് ആക്കലും (കൊടുക്കാന്‍ ഏല്‍പ്പിക്കല്‍) അനുവദനീയമാണ്. വകാലത്തിന് കുടുംബക്കാര്‍ തന്നെ ആകണമെന്നില്ല. നാം പതിവായി സാധനങ്ങള്‍ വാങ്ങുന്ന കടക്കാരെ വരെ ഏല്‍പ്പിക്കാം. 'എന്റെയും ഞാന്‍ ബാധ്യതപ്പെട്ടവരുടെയും ഫിത്വ്ര്‍ സകാത്ത് നല്‍കാന്‍ നിങ്ങളെ ഞാന്‍ ഏല്‍പ്പിക്കുന്നു' എന്ന് പറഞ്ഞാല്‍ തന്നെ മതിയാകും. 'എന്റെ നിര്‍ബന്ധമായ ഫിത്വ്ര്‍ സകാത്തിനെ ഞാന്‍ നല്‍കുന്നു' എന്ന നിയ്യത്ത് അയാളെ ഏല്‍പ്പിക്കുമ്പോള്‍ നമുക്ക് കരുതാം. അയാളെ ഏല്‍പ്പിക്കുമ്പോള്‍ അതിന്റെ തുക നിയമങ്ങള്‍ പാലിച്ച് കൊണ്ട് സാധാരണ രീതിയിലോ ബാങ്ക് മാര്‍ഗമോ നല്‍കാം. ഇനി കടമായി പറഞ്ഞ് പിന്നെ തുക നല്‍കിയാലും മതിയാവും. പക്ഷെ, കടം വാങ്ങി നല്‍കലിന് ഇസ്‌ലാം നിര്‍ബന്ധിക്കുന്നില്ല. (തുഹ്ഫ 3:341)
കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കുന്നത് പോലെ ഈ കലങ്ങിയ സാഹചര്യത്തിലും സകാത്ത് കമ്മിറ്റികള്‍ പലവിധേനയും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. അവരുടെ കൈയിലേക്ക് ഏല്‍പ്പിച്ച് നാം കൈ ഒഴിയരുത്. അതുകൊണ്ട് സക്കാത്ത് വീടുന്നതല്ല. കാരണം സകാത്ത് കമ്മിറ്റി എന്ന ഒരു സംവിധാനം ഇസ്‌ലാമില്‍ ഇല്ല തന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."