ഇടുക്കി എയര്‍സ്ട്രിപ്പ് സംസ്ഥാനം അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രം
സ്വന്തം ലേഖകന്‍
കൊച്ചി
ഇടുക്കി വണ്ടിപ്പെരിയാറിനടുത്ത് സത്രം ഭാഗത്ത് എയര്‍ സ്ട്രിപ്പ് നിര്‍മിക്കുന്നതിനെതിരേ കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
നിര്‍മാണത്തിന് സംസ്ഥാന സർക്കാർ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു.പെരിയാര്‍ കടുവാ സങ്കേതത്തില്‍ നിന്ന് 630 മീറ്റര്‍ മാത്രം അകലത്തിലാണ് പദ്ധതി മേഖല. മൃഗങ്ങളുടെ സഞ്ചാര പാതയെ ബാധിക്കും എന്നു മാത്രമല്ല അവയുടെ ആവാസ വ്യവസ്ഥയെ തകര്‍ക്കുമെന്നും മന്ത്രാലയം അറിയിച്ചു.
മൃഗങ്ങളുടെ പ്രജനന ശേഷി കുറയ്ക്കുകയും പക്ഷികള്‍ വരാതെയാവുകയും ചെയ്യുമെന്നും കേന്ദ്രം അറിയിച്ചു.പാരിസ്ഥിതിക ദുര്‍ബല മേഖലയില്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതിന് മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥകള്‍ പാലിച്ചില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.എന്‍.സി.സി കേഡറ്റുകളുടെ പരിശീലനത്തിനായിട്ടാണ് സംസ്ഥാന പി.ഡബ്യു.ഡി വകുപ്പ് സത്രത്തില്‍ എയര്‍ സ്ട്രിപ്പ് നിര്‍മിക്കുന്നത്. നിര്‍മാണം ചോദ്യം ചെയ്ത് തൊടുപുഴ സ്വദേശി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയാണ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉളളത്.
മഞ്ഞുമല വില്ലേജില്‍ 4.8565 ഹെക്ടര്‍ വനഭൂമിയില്‍ പാരിസ്ഥിതികാഘാത പഠനം നടത്താതെയും അനുമതിയില്ലാതെയുമാണ് എയര്‍സ്ട്രിപ്പ് നിര്‍മിക്കുന്നതെന്നാണ് ഹരജിയിലെ ആരോപണം.
അതേസമയം ഇടുക്കി എയര്‍സ്ട്രിപ്പിനെ ഭാവിയില്‍ പരിസ്ഥിതി സൗഹൃദ ഗ്രീന്‍ എയര്‍ സ്ട്രിപ്പാക്കി മാറ്റുമെന്നും എന്‍.സി.സി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.സര്‍ക്കാര്‍ ഭൂമിയിലാണ് എയര്‍സ്ട്രിപ്പ് നിര്‍മാണം നടക്കുന്നത്. വ്യോമയാന മന്ത്രാലയത്തിന്റെയടക്കം ക്ലിയറന്‍സ് ലഭിച്ചിട്ടുണ്ടെന്നും എന്‍.സി.സി അറിയിച്ചു.
വന്യജീവി ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടില്ലെന്നും 2017ല്‍ ആരംഭിച്ച പദ്ധതിക്കെതിരേ അന്തിമഘട്ടത്തിൽ ഹരജിയുമായി വന്നത് സംശയകരമാണെന്നും എന്‍.സി.സി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."