90ാം വയസ്സിലും കുഞ്ഞാലി മുസ്‌ലിയാർ ഖുർആൻ എഴുതുകയാണ്
മലപ്പുറം
തൊണ്ണൂറാം വയസ്സിലും കുഞ്ഞാലി മുസ്‌ലിയാർ ഖുർആൻ എഴുതുകയാണ്. അച്ചടിയെ വെല്ലുന്ന വടിവൊത്ത അക്ഷരങ്ങളാണ് ഈ വിരൽ തുമ്പിൽ നിന്നും പിറവിയെടുക്കുന്നത്. അതും സാധാരണ പേനയിൽനിന്ന്. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, നാൽപ്പത് വർഷം പിന്നിട്ടിരിക്കുന്നു ഈ സപര്യക്ക്. എ.ആർ നഗർ പാലമടത്തിൽ ചിന മഹല്ലിലെ അരീക്കാടൻ കുഞ്ഞാലി മുസ്‌ലിയാരുടെ എഴുത്ത് നാട്ടുകാർക്കെല്ലാം സുപരിചിതമാണ്.
പഴയ അറബി ലിപിയിൽ ഖുർആൻ പകർത്തിയെഴുതുമ്പോൾ ഈ പ്രായത്തിലും വരിയോ നിരയോ തെറ്റാറില്ല. ഖുർആനിലെ ചെറിയ ചിഹ്നങ്ങൾപോലും മാറാതെ അടയാളപ്പെടുത്തും. എഴുതുമ്പോൾ തന്നെ ഖുർആനിലുള്ളപോലെ ആയത്തുകൾക്ക് നമ്പറിടുകയും ഒപ്പം മറ്റ് അടയാളങ്ങളടക്കം ചേർക്കുകയും ചെയ്യും. ഓരോ സൂറത്തും കഴിഞ്ഞാൽ അത് പ്രത്യേകം ബൈൻഡ് ചെയ്യുന്നതും ഒറ്റക്കാണ്. ഇത്തരത്തിൽ യാസീൻ, അൽകഹ്ഫ് സൂറത്തുകളും ശേഷമുള്ള പ്രാർഥനകളും നിരവധി എഴുതി ക്രമപ്പെടുത്തി തൊട്ടടുത്ത് വയ്ക്കും. ഇതൊരു ശീലമാണ്. ശാരീരിക അവശതകൾ ഏറെ അലട്ടുന്നുണ്ടെങ്കിലും ഖുർആൻ പകർത്തുന്നതിനെ ഇത് ബാധിക്കുന്നില്ലെന്ന് മുസ്‌ലിയാർ പറയുന്നു.
പഴയ കാലത്ത് അറബി മലയാളം ലിപിയാണ് മദ്റസകളിൽ ദീനി പഠനം നടത്തുന്നതിനായി ഉപയോഗിച്ചിരുന്നത്. തിരൂരങ്ങാടി ചന്തപ്പടിയിലെ പ്രസ്സുകളിൽ നിന്ന് പുറത്തിറങ്ങിയിരുന്ന ഇത്തരം ലിപിയിലുള്ള ഖുർആൻ പഴയ തലമുറക്ക് സുപരിചിതവുമാണ്. ഇന്നിത് ഉസ്മാനിയാ ലിപിയിലേക്ക് ചുവട്മാറിയപ്പോഴും പഴമക്കാർ ഇഷ്ടപ്പെടുന്നത് പഴയ പൊന്നാനി ലിപിയാണ്. പുതുപ്പറമ്പ് വാളക്കുളം മഹല്ല് മദ്രസയിൽ ദീർഘകാലം മാതൃകാപരമായ ദീനി സേവനമനുഷ്ടിച്ചിട്ടുണ്ട് കുഞ്ഞാലി മുസ്‌ലിയാർ.
കാഴ്ചക്കുള്ള ബുദ്ധിമുട്ട് ചെറിയ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന് മുസ് ലിയാർ പറയുന്നു.
മദ്റസാധ്യാപന കാലത്തുതന്നെ വടിവൊത്ത അക്ഷരങ്ങളാണ് കുഞ്ഞാലി മുസ്‌ലിയാർ അന്ന് ബോർഡിലെഴുതിയിരുന്നതെന്ന് പുതുപ്പറമ്പ് വാളക്കുളത്തെ തറമൽ മൊയ്തീൻ ഹാജിയും പാലമടത്തിൽ ചിന മാട്ര കോരങ്ങോട്ട് മൂസ മുസ്‌ലിയാരും ഓർത്തെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."