കെ.എസ്.ഇ.ബി ഹിതപരിശോധന; സി.ഐ.ടി.യുവിന് മാത്രം അംഗീകാരം
53 ശതമാനം വോട്ട്
തിരുവനന്തപുരം;
വൈദ്യുതി ബോര്‍ഡില്‍ ഇനി സി.ഐ.ടി.യു യൂനിയന്‍ മാത്രം. കെ.എസ്.ഇ.ബിയിലെ തൊഴിലാളി സംഘടനകളുടെ അംഗീകാരത്തിനായുള്ള ഹിതപരിശോധയില്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു) 13,634 വോട്ടുകളോടെ (53.42 ശതമാനം) ഒന്നാമതെത്തി. ഇതോടെ അംഗീകാരമുള്ള ഏക യൂനിയനായി സി.ഐ.ടി.യു മാറി.
ഏഴ് യൂനിയനുകളാണ് ഹിതപരിശോധനയില്‍ മത്സരിച്ചത്. കഴിഞ്ഞ ഹിതപരിശോധനയില്‍ 47.52 ശതമാനം വോട്ടാണ് അസോസിയേഷന്‍ നേടിയത്.
108 വോട്ട് അസാധുവായി. 2015ലെ ഹിതപരിശോധനയില്‍ അംഗീകാരം നേടിയ കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു), കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി), യു.ഡി.എഫ് സംഘടനകളുടെ മുന്നണിയായ യുനൈറ്റഡ് ഡെമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ എന്നിവയാണു മത്സരരംഗത്തുണ്ടായിരുന്ന പ്രധാന സംഘടനകള്‍. ഇവയ്ക്കു പുറമേ കേരള വൈദ്യുതി മസ്ദൂര്‍ സംഘ്, കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് യൂനിയന്‍, ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി), കേരള ഇലക്ട്രിസിറ്റി എക്‌സിക്യൂട്ടീവ് എംപ്ലോയീസ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ (കീസോ) എന്നിവയാണു മത്സരിച്ച മറ്റു സംഘടനകള്‍. 15 ശതമാനം വോട്ട് നേടുന്ന യൂനിനുകള്‍ക്കാണ് അംഗീകാരം. സി.ഐ.ടി.യു ഒഴികെ മറ്റു യൂനിയനുകളൊന്നും 15 ശതമാനം വോട്ടിലെത്തിയില്ല.
കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) 3,810 വോട്ടും (14.93 ശതമാനം) യുനൈറ്റഡ് ഡെമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫ്രണ്ട് 3,796 വോട്ടും (14.87 ശതമാനം) കേരള വൈദ്യുതി മസ്ദൂര്‍ സംഘ് (ബി.എം.എസ്) 2,096 വോട്ടും (8.21 ശതമാനം) കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് യൂനിയന്‍ 1,432 വോട്ടും (5.65 ശതമാനം) കേരള ഇലക്ട്രിസിറ്റി എക്‌സിക്യൂട്ടീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ (കെ.ഇ.ഇ.എസ്.ഒ) 630 വോട്ടും (2.47 ശതമാനം) ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ 15 വോട്ടും (0.06 ശതമാനം) നേടി.
25,522 തൊഴിലാളികളാണ് വോട്ട് രേഖപ്പെടുത്തിയത്. ആകെ 26,246 തൊഴിലാളികളാണ് ഉള്ളത്. 97.24 ശതമാനമായിരുന്നു പോളിങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."