വേനൽ കടുത്തു; കുപ്പിവെള്ളം മുതൽ ജ്യൂസ് വരെ പരിശോധിക്കാൻ 'ഓപ്പറേഷന്‍ പ്യുവര്‍ വാട്ടര്‍'; വെള്ളത്തിന് വെയിലേറ്റാലും പിടിവീഴും
തിരുവനന്തപുരം: വേനൽ കനത്തതോടെ സംസ്ഥാനത്ത് വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്തുന്നതിനായി പരിശോധന ആരംഭിച്ച് ഭക്ഷ്യസുരക്ഷ വകുപ്പ്. കുപ്പി വെളളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിനായി 'ഓപ്പറേഷന്‍ പ്യുവര്‍ വാട്ടര്‍' എന്ന പേരിലാണ് പരിശോധന ആരംഭിച്ചത്. മന്ത്രി വീണ ജോർജ്ജാണ് ഇക്കാര്യം അറിയിച്ചത്. ഗുണനിലവാരം ഇല്ലാത്ത കുപ്പിവെള്ളം, മറ്റു പാനീയങ്ങൾ എന്നിവ കണ്ടെത്തിയാല്‍ പ്രോസിക്യൂഷന്‍ ഉള്‍പ്പടെയുളള നടപടികള്‍ സ്വീകരിക്കും.
ശനി, ഞായര്‍ ദിവസങ്ങളിലായി നടന്ന പരിശോധനയിൽ 156 സ്ഥാപനങ്ങള്‍ പരിശോധിച്ച് വിവിധ കമ്പനികളുടെ 38 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചു. വിശദമായ പരിശോധനക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ അനലിറ്റിക്കല്‍ ലാബുകളിലേക്കാണ് അയച്ചത്.
കുപ്പിവെളളം വെയിലേല്‍ക്കാതെ കൊണ്ടുപോകുന്നുണ്ടോ എന്ന് അറിയുന്നതിന് 44 വാഹനങ്ങള്‍ പരിശോധിച്ചു. വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ വിതരണം നടത്തിയ 2 വാഹനങ്ങള്‍ക്ക് ഫൈന്‍ അടയ്ക്കുന്നതിന് നോട്ടീസ് നല്‍കി. കടകളിലും മറ്റും കുപ്പി വെളളം വെയില്‍ ഏല്‍ക്കാത്ത രീതിയില്‍ സൂക്ഷിച്ച് വില്‍പന നടത്തേണ്ടതാണെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. ഇതിനുപുറമേ ജ്യൂസുകളും പാനീയങ്ങളും നിര്‍മ്മിക്കുന്നതിന് ശുദ്ധജലവും ശുദ്ധജലത്തില്‍ നിര്‍മ്മിച്ച ഐസും ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് വരുന്നതായും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."