HOME
DETAILS

ഇസ്‌ലാമോഫോബിയയും ഫാസിസവും

  
backup
March 14 2023 | 19:03 PM

islamo-phobia-and-fasicm

സി.കെ അബ്ദുൽ അസീസ്


സമകാലിക ധൈഷണിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ നടക്കുന്ന സംവാദങ്ങളിൽ ഏറെക്കുറെ അനുപേക്ഷണീയമായിത്തീർന്ന രണ്ട് സംവർഗങ്ങളാണ് ഇസ്‌ലാമോഫോബിയയും ഫാസിസവും. ലിബറൽ ഭരണകൂടങ്ങൾ മുസ്‌ലിംകൾക്ക് നേരെ നടക്കുന്ന വിവേചനപരവും ലിബറൽവിരുദ്ധവുമായ സമീപനങ്ങളെ വിശകലനം ചെയ്യാനുള്ള ഒരു സൈദ്ധാന്തിക ഉപകരണമെന്ന നിലയ്ക്കാണ് സാമൂഹികശാസ്ത്രരംഗത്ത് ഇസ്‌ലാമോഫോബിയ എന്ന പ്രയോഗം ഇടം നേടിയിട്ടുള്ളത്.
തൊണ്ണൂറുകളിലാണ് ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള ഗവേഷണ, പഠനങ്ങൾക്ക് കൂടുതൽ പ്രചാരവും ദൃശ്യതയും ലഭിക്കാൻ തുടങ്ങിയത്. ഭൗമരാഷ്ട്രീയത്തിൽ സംഭവിച്ച ഘടനാപരമായ മാറ്റങ്ങളാണ് ഇതിന് ഒരു കാരണം. 1989ൽ ബർലിൻ മതിലിന്റെയും തുടർന്ന് സോവിയറ്റ് റഷ്യയുടെയും പൊളിച്ചടുക്കലിനുശേഷം നിലവിൽവന്ന പുതിയ ലോകക്രമത്തിൽ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും മുതലാളിത്ത ലോകത്തിന്റെ മുഖ്യ പ്രതിയോഗിസ്ഥാനത്ത് അവരോധിക്കപ്പെട്ടു. ആഗോളവൽക്കരണ പ്രക്രിയയുടെ ലോകവ്യാപനത്തിന്റെ ഫലമായി യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള മുസ്‌ലിം കുടിയേറ്റം സൃഷ്ടിച്ച രാഷ്ട്രീയസമ്മർദവും യൂറോപ്യൻ തൊഴിൽ കമ്പോളത്തിൽ വിദേശി തൊഴിലാളികൾക്കെതിരേ ദേശീയതൊഴിലാളികൾ വച്ചുപുലർത്തിയ മനോഭാവവും കാരണം ഈ ഭരണകൂടസിദ്ധാന്തത്തിന് വലിയ ജനപിന്തുണ നേടിക്കൊടുക്കുകയുണ്ടായി


യൂറോ-അമേരിക്കൻ ഭരണകൂടങ്ങളെ സംബന്ധിച്ചിടത്തോളം ആഗോളവൽക്കരണത്തിന്റെയും സാമ്പത്തിക ഉദാരവൽക്കരണത്തിന്റെയും സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാൻ വലതുപക്ഷ പോപുലിസ്റ്റ് സംഘങ്ങൾ പടച്ചുവിട്ട ഈ മുസ്‌ലിംവിദ്വേഷ പ്രചാരണങ്ങൾ സ്വാഗതാർഹമായിരുന്നു. കാരണം, സമ്പദ് വിതരണത്തിലെ അസമത്വങ്ങൾനാൾക്കുനാൾ വർധിച്ചുവരികയും സമ്പന്നർക്കും കൂടുതൽ സമ്പന്നർക്കും ഇടയിലെ വൈരുധ്യങ്ങളും സാധാരണക്കാരുടെ പാപ്പരീകരണവും സമൂഹത്തിൽ സൃഷ്ടിച്ചുകൊണ്ടിരുന്ന ഭരണകൂടവിരോധത്തെ മുസ്‌ലിം വിരോധത്തിലേക്ക് വഴിതിരിച്ചുവിടാൻ ഇസ്‌ലാമോഫോബിയക്ക് ഒരുപരിധിവരെ സാധിക്കുകയുണ്ടായി. ഭരണകൂടങ്ങൾക്കും ജനങ്ങൾക്കുമിടയിലെ വൈരുധ്യങ്ങളെ ഇത്തരത്തിൽ വഴിതിരിച്ചുവിടാനുള്ള രാഷ്ട്രീയപദ്ധതിയുടെ പ്രയോഗത്തിലൂടെയാണ് ഇസ്‌ലാമോഫോബിയ ഇന്ന് കാണുന്ന രൂപത്തിൽ ലോകവ്യാപകമായത്.


ഈയർഥത്തിൽ ഇസ്‌ലാമോഫോബിയ എന്നത് ലിബറൽ ഭരണകൂടങ്ങൾ രാഷ്ട്രീയാധികാരം സുരക്ഷിതമാക്കുന്നതിനും ജനങ്ങളെ ഭിന്നിപ്പിച്ചുനിർത്തുന്നതിനും സൗകര്യപൂർവം സൃഷ്ടിച്ചെടുത്ത ഒരു സൈദ്ധാന്തിക ഉപകരണമാണ്. അഥവാ, ലിബറൽ ജനാധിപത്യത്തിന്റെ പൊളിറ്റിക്കൽ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട കുതന്ത്രമാണ്; ലിബറൽ ജനാധിപത്യത്തിന്റെ മസ്തിഷ്‌കത്തെ ബാധിച്ച ഒരു പുഴുക്കുത്താണ്. എന്നാൽ യൂറോപ്പിന്റെ മുസ്‌ലിം, ഇസ്‌ലാം വിരുദ്ധതയ്ക്ക് ചരിത്രപരവും ധൈഷണികവുമായ മറ്റൊരു പശ്ചാത്തലവുമുണ്ട്. അത് യൂറോപ്യൻ ജ്ഞാനോദയവുമായും കൊളോണിയലിസവുമായി ബന്ധപ്പെട്ടതാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമുഖനായ യൂറോപ്യൻ ചിന്തകനും ആധുനിക ദേശീയതയുടെ സൈദ്ധാന്തികനുമായ ഏണസ്റ്റ് റെനൻ ഇസ്‌ലാമിനെ ശാസ്ത്രവിരുദ്ധവും എല്ലാതരത്തിലുള്ള ബൗദ്ധികാന്വേഷണങ്ങൾക്ക് തടസം നിൽക്കുന്നതുമായ മതമെന്നാണ് വിശേഷിപ്പിച്ചത്. മാത്രമല്ല. ഇസ്മാഇൗലിന്റെ സന്തതികൾ പൂർണമായും നശിച്ചുപോവുകയോ അവർ മണലാരണ്യങ്ങളുടെ ഒരു മൂലക്കലേക്ക് ആട്ടിയകറ്റപ്പെടുകയോ ചെയ്യുന്നതുവരെ അവർക്കെതിരേ നിരന്തരം യുദ്ധം ആവശ്യമാണ് എന്നാണ് റെനൻ ആഹ്വാനം ചെയ്യുന്നത്.


പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്യൻ ദാർശനികൻ ഇമ്മാനുവൽ കാന്റിന്റെ വീക്ഷണത്തിൽ ദൈവദത്തമായ ചിന്താശക്തിയെ ശുദ്ധരൂപത്തിൽ സ്വായത്തമാക്കാൻ പ്രകൃത്യാ അശക്തരാണ് യൂറോപ്യൻ ഇതര സമൂഹങ്ങൾ. അതിൽ അറബികളും ഇന്ത്യക്കാരും ചൈനക്കാരും ആഫ്രിക്കക്കാരുമെല്ലാം ഉൾപ്പെടും. എന്നാൽ കാന്റിയൻ നരവംശ ശാസ്ത്രം ഇസ്‌ലാമിന്റെ ബലപ്രയോഗത്തിനോടുള്ള ആസക്തിയെ പ്രത്യേകം എടുത്തുപറയുന്നു. ലിബറൽ ജനാധിപത്യം വിജയിക്കണമെങ്കിൽ ഇത്തരത്തിലുള്ളവരോടുള്ള ബലപ്രയോഗത്തിന്റെ ആവശ്യകതയെക്കുറിച്ചും കാന്റ് സൂചിപ്പിക്കുന്നു.
ജ്ഞാനോദയ ദർശനങ്ങളെ യൂറോപ്യൻ കൊളോണിയലിസം അധികാരത്തിന്റെ മേൽക്കോയ്മയും അംഗീകാരവും സ്ഥാപിച്ചെടുക്കാനായി ഉപയുക്തമാക്കിയത് ആയുധങ്ങൾ ഉപയോഗിച്ചുകൊണ്ടല്ല. കോളനി രാജ്യങ്ങളുടെ ജ്ഞാനവ്യവസ്ഥയെയും ചിന്താശീലത്തെയും ഈ രീതിയിൽ ഉടച്ചുവാർത്തുകൊണ്ടാണ്. ഇസ്‌ലാമോഫോബിയയെ ഈയർഥത്തിൽ കൊളോണിയൽ ഭരണസിദ്ധാന്തങ്ങളുടെ തുടർച്ചയെന്ന നിലയിൽ വീക്ഷിക്കാവുന്നതാണ്.


ടിപ്പുസുൽത്താനെതിരേ മറാത്താ രാജാക്കൻമാരെ ബ്രിട്ടീഷ് പക്ഷത്ത് അണിനിരത്തുവാനായി കോൺവാലിസ് പ്രഭു കെട്ടിച്ചമച്ചുണ്ടാക്കിയ ടിപ്പുവിന്റെ നിർബന്ധിത മതപരിവർത്തനകഥയും ഈസ്റ്റിന്ത്യാ കമ്പനി ദാസൻ കേണൽ വിൽക്‌സിന്റെ കഥയിലെ ടിപ്പുവിന്റെ പാലക്കാട് വിളംബരവും-അങ്ങനെയൊരു വിളംബരത്തിന്റെ ചരിത്രരേഖകളൊന്നും ഇല്ലെന്ന് മാത്രമല്ല, കേണൽ വിൽക്‌സിന്റെ വിവരണങ്ങൾ പലതും വിശ്വസനീയമല്ലെന്ന് ചരിത്രകാരൻ ജയിംസ് മിൽ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പിൽക്കാലത്ത് ചരിത്രകാരന്മാർ കല്ലും മുള്ളും വേർതിരിക്കാതെ അതേപടി എടുത്തുപയോഗിച്ചതിന്റെ ചരിത്രം ഡോ. സി.കെ കരീം വിശദമായി അപഗ്രഥനത്തിന് വിഷയമാക്കിയിട്ടുണ്ട്.(Kerala Under Haidar Ali and Tipu Sultan).
ഫാസിസത്തിനും ഇസ്‌ലാമോഫോബിയക്കും യൂറോപ്യൻ പൈതൃകാവകാശപ്പെടാമെങ്കിലും രണ്ടിന്റെയും സ്വഭാവവും ലക്ഷ്യവും മൗലികമായി വ്യത്യസ്തമാണ്. ലിബറൽ ജനാധിപത്യത്തിന്റെ ആഭ്യന്തര പ്രതിസന്ധികളെയും അതത് ഘട്ടത്തിൽ അത് അഭിമുഖീകരിക്കുന്ന ഭീഷണികളെയും ചെറുത്തുനിൽക്കാനുള്ള ഭരണകൂട ഉപായങ്ങളുടെ രൂപത്തിലാണ് ഇസ്‌ലാമോഫോബിയ രംഗപ്രവേശം ചെയ്യുന്നത്.

ലിബറൽ ജനാധിപത്യവ്യവസ്ഥയെ തന്നെ തകർക്കുകയും അതിന്റെ മൂല്യങ്ങളിൽ പ്രഥമസ്ഥാനത്തുള്ള സ്വതന്ത്ര ചിന്തയെയും ഇച്ഛാശക്തിയെയും ഭരണകൂടത്തിന് കീഴ്‌പ്പെടുത്തുകയും ചെയ്യുകയെന്നതാണ് ഫാസിസത്തിന്റെ ലക്ഷ്യം. ഫാസിസം ഉന്നംവയ്ക്കുന്നത് ഏതെങ്കിലും പ്രത്യേക ജനതകളെയെല്ല. മുഴുവൻ മനുഷ്യരെ തന്നെയാണ്. മനുഷ്യരുടെ ചിന്താശക്തിയെയും യുക്തിബോധത്തെയും നിശ്ശേഷം നശിപ്പിക്കുകയെന്നതാണതിന്റെ രീതി. ന്യൂനപക്ഷങ്ങളെ അക്രമിക്കുന്നത്, ഫാസിസത്തിൻ്റെ കൂടെനിൽക്കുന്നവരുടെ ചിന്താശക്തിയെയും മാനവികമൂല്യങ്ങളെയും പൂർണമായും തുടച്ചുമാറ്റുകയെന്ന ഉദ്ദേശ്യത്തോടെയാണ്. ഭരണകൂടമാണ് ഫാസിസത്തിന്റെ 'ദിവ്യപ്രചോദനം'. മുതലാളിത്ത ചൂഷണവ്യവസ്ഥയെ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ഒരു കവർച്ചാ സംഘത്തിന്റെ കൈകളിലേൽപ്പിക്കുന്നതാണതിന്റെ സാമ്പത്തിക അജൻഡ. ഈ പ്രക്രിയയിൽ ലിബറൽ ജനാധിപത്യത്തിന്റെ ജീർണതകളെയും അതിന്റെ ഭാഗമായി രംഗപ്രവേശം ചെയ്യുന്ന ഇസ്‌ലാമോഫോബിയ പോലുള്ള ഉപകരണങ്ങളെയും ഫാസിസം ആയുധമാക്കും.


ഇന്ത്യൻ രാഷ്ട്രീയത്തിൽ ഫാസിസം പുതിയ പ്രതിഭാസമല്ല. മുപ്പതുകൾക്ക് മുതൽതന്നെ ഫാസിസ്റ്റ് ആശയങ്ങളും അത് സൃഷ്ടിക്കുന്ന വികൽപങ്ങളും ദേശീയരാഷ്ട്രീയത്തിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ, ഫാസിസത്തെ സാമുദായികവാദത്തിന്റെ(വർഗീയത) തീവ്രരൂപമായി വ്യാഖ്യാനിക്കുന്ന അതിവിചിത്രമായ ഒരു വിചിന്തന രീതിയാണ് ഇന്ത്യയിൽ നിലനിന്നുപോരുന്നത്. ഇക്കാരണത്താലാണ് 'ഭൂരിപക്ഷ സാമുദായികവാദം' എന്ന സുരക്ഷിതമായ ഒളിത്താവളത്തിലിരുന്നുകൊണ്ട് പടിപടിയായി കരുക്കൾ നീക്കാനും അവ രാഷ്ട്രീയാധികാരം കൈക്കലാക്കാനും ഫാസിസ്റ്റ് ശക്തികൾക്ക് സാധ്യമായത്.


സാമുദായികവാദവും ഫാസിസവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന മട്ടിലുള്ള മതേതര രാഷ്ട്രീയത്തിന്റെ തെറ്റായ സമീപനങ്ങൾ ഒരു പരിധിവരെയെങ്കിലും ഫാസിസത്തിന് സാമാന്യ ജനങ്ങൾക്കിടയിൽ അംഗീകാരം നേടിക്കൊടുക്കാൻ സഹായകരമാവുകയുണ്ടായി. സാമുദായികവാദം, ന്യൂനപക്ഷത്തിൻ്റേതായാലും ഭൂരിപക്ഷത്തിൻ്റേതായാലും ലിബറൽ ജനാധിപത്യവ്യവസ്ഥയുടെ പ്രത്യുൽപ്പന്നമായി ആവിർഭവിക്കുന്ന ഒന്നാണ്. അധികാരത്തിന്റെ ഗുണഭോക്താക്കളാകുവാൻ സമുദായങ്ങളിലെ നേതൃവിഭാഗങ്ങൾ (അത് മിക്കപ്പോഴും ഉപരിവർഗങ്ങളാണ്) സമുദായത്തിന്റെ സംഘബലമുപയോഗിച്ചുകൊണ്ട് നടത്തുന്ന സമ്മർദ രാഷ്ട്രീയത്തിന്റെ രൂപത്തിലാണത് രംഗത്തുവരുന്നത്. യഥാർഥത്തിൽ, ഭരണകൂടത്തിനും സമുദായത്തിലെ നേതൃവർഗങ്ങൾക്കുമിടയിലെ അധികാരബന്ധം ഊട്ടിയുറപ്പിക്കുകയെന്നതാണതിന്റെ മുഖ്യദൗത്യം.


ഇന്ത്യൻ സാഹചര്യത്തിൽ ഭരണഘടനാദത്തമായ അവകാശങ്ങൾ നേടിയെടുക്കാനും അവസര സമത്വവും തുല്യതയും ഉറപ്പുവരുത്തുവാനും മുസ്‌ലിം ന്യൂനപക്ഷങ്ങൾ സംഘടിതരാവുകയെന്നതിനെ ചരിത്രപരമായ ന്യായീകരണങ്ങൾ കണ്ടെത്താവുന്നതാണ്. എന്നാൽ ഈ പ്രക്രിയയിൽ, സമുദായം എന്നത് കമ്പിവേലിക്കുള്ളിൽ പൂട്ടിയിടപ്പെട്ടപോലെ ഒരു അടച്ചിച്ച സമൂഹമായി മാറുന്നുവെന്നതാണതിന്റെ ദൂഷ്യവശം. സമുദായത്തിന്റെ അവകാശങ്ങൾ നേടിയെടുക്കുകയെന്നത് മാത്രമാണ് മത/ജാതി/വംശ സമുദായങ്ങളുടെ രാഷ്ട്രീയലക്ഷ്യമെന്ന സ്ഥിതിയിലേക്കെത്തിച്ചേരുമ്പോൾ, ജനാധിപത്യ വ്യവസ്ഥയെ സംരക്ഷിക്കുകയും പ്രവർത്തനക്ഷമമാക്കുകയും ചെയ്യുകയെന്ന രാഷ്ട്രീയ കർത്തൃത്വത്തിൽനിന്ന് സാമുദായിക/സ്വത്വവാദികൾ വിട്ടുനിൽക്കുകയാണ് ചെയ്യുന്നത്. ഫാസിസത്തെ പരോക്ഷമായി ശക്തിപ്പെടുത്തുന്ന ഒരു നിലപാടാണിത്.

ഇസ്‌ലാമോഫോബിയയെയും ഫാസിസത്തെയും ചെറുത്തുതോൽപിക്കാൻ ഏറ്റവും നല്ല വഴി ജനാധിപത്യത്തെ പ്രവർത്തനക്ഷമമാക്കുകയെന്നതാണ്. ഒരേസമയം സ്വയം ശക്തരാവുകയും അതോടൊപ്പം മതേതര ജനാധിപത്യവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന ഇരട്ട ദൗത്യമാണ് ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾ ഏറ്റെടുക്കേണ്ടത്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  14 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  14 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  14 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  14 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  14 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  14 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  14 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  14 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  14 days ago