ബി.ജെ.പി പിന്തുണയോടെ ക്രൈസ്തവ പാർട്ടി: നീക്കം ഊർജിതം
സ്വന്തം ലേഖകൻ
കോഴിക്കോട്
ബി.ജെ.പി പിന്തുണയോടെ കേരളത്തിൽ ക്രൈസ്തവ പാർട്ടി രൂപീകരിക്കാനുള്ള നീക്കം ഊർജിതം. നേരത്തെ ഇതിനായി ശ്രമങ്ങൾ ആരംഭിച്ചിരുന്നെങ്കിലും അടുത്തിടെ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലോടെയാണ് നീക്കങ്ങൾ വേഗത്തിലായത്.
സംഘ്പരിവാറുമായി ചേർന്ന് സമീപകാലത്ത് നിരന്തരമായി വിദ്വേഷം പ്രചരിപ്പിക്കുന്ന മുൻ എം.എൽ.എ പി.സി ജോർജിന്റെ നേതൃത്വത്തിലാണിപ്പോൾ പാർട്ടി രൂപീകരണത്തിനുള്ള ശ്രമങ്ങൾ നടക്കുന്നത്. കേരള കോൺഗ്രസ് നേതാവായ മറ്റൊരു മുൻ എം.എൽ.എ, സ്ഥാനമൊഴിഞ്ഞ ബിഷപ്പ് എന്നിവരും ഈ നീക്കത്തിനു ചുക്കാൻ പിടിക്കുന്നുണ്ട്.
സഭാവ്യത്യാസമില്ലാതെ എല്ലാ വിഭാഗം ക്രൈസ്തവരെയും യോജിപ്പിച്ചുകൊണ്ടുള്ള രാഷ്ട്രീയപ്പാർട്ടിയാണ് ലക്ഷ്യമിടുന്നത്. കേരളത്തിൽ എൻ.ഡി.എയുടെ ഘടകകക്ഷിയായിട്ടാണ് പ്രവർത്തിക്കുക.
കേന്ദ്ര സർക്കാരിൽനിന്ന് കൂടുതൽ ആനുകൂല്യങ്ങൾ നേടാനും ഭരണപദവികൾ സ്വന്തമാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.
ക്രിസ്ത്യൻ തീവ്രവാദ സംഘടനയായ അസോസിയേഷൻ ആൻഡ് അലൻസ് ഫോർ സോഷ്യൽ ആക് ഷൻ(കാസ)യുടെ പിന്തുണയും ഈ നീക്കത്തിനുണ്ട്.ക്രൈസ്തവർക്കിടയിൽ തീവ്ര വർഗീയതയും വിദ്വേഷവും പ്രചരിപ്പിച്ച് സംഘ്പരിവാർ പാളയത്തിലെത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
പി.സി ജോർജ് കഴിഞ്ഞ ദിവസം നടത്തിയ വിദ്വേഷ പ്രസംഗം ഈ നീക്കത്തിന്റെ ഭാഗമായിട്ടാണെന്നാണ് വിലയിരുത്തൽ.
പുതിയ രാഷ്ട്രീയപ്പപാർട്ടിയുടെ രൂപീകരണത്തെ യു.ഡി.എഫും എൽ.ഡി.എഫും ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. പതിറ്റാണ്ടുകളായി യു.ഡി.എഫിനൊപ്പം നിന്ന ക്രൈസ്തവ സമൂഹം അടുത്തകാലത്തായി സി.പി.എമ്മിനോട് അടുത്തിരുന്നു.
എന്നാൽ സമീപകാലത്ത് ക്രിസ്ത്യൻ സമുദായങ്ങളിൽ സ്വാധീനമുണ്ടാക്കാൻ ബി.ജെ.പി ശ്രമം നടത്തിവരികയാണ്. ഇതിന്റെ തുടർച്ചയായാണ് ക്രൈസ്തവ രാഷ്ട്രീയപ്പാർട്ടി രൂപീകരണം. ലൗ ജിഹാദ്, ഹലാൽ ഭക്ഷണം, കോടഞ്ചേരി പ്രണയവിവാഹം തുടങ്ങിയ വിഷയങ്ങളിലെല്ലാം സംഘ്പരിവാറിന്റെ അതേ നിലപാടാണ് ചില ക്രിസ്ത്യൻ സംഘടനകളും സ്വീകരിച്ചത്.
ബി.ജെ.പി കേന്ദ്രനേതൃത്വവും സഭാ നേതൃത്വങ്ങളും തമ്മിലുള്ള ആശയവിനിമയത്തിനായി കഴിഞ്ഞയാഴ്ച കേരളത്തിലെത്തിയ കേന്ദ്ര ന്യൂനപക്ഷ മന്ത്രി ജോൺ ബർല പുതിയ പാർട്ടിക്ക് നേതൃത്വം നൽകുന്നുവരുമായും ചില ക്രൈസ്തവ സഭാ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
ബി.ജെ.പിയിലെ ക്രിസ്ത്യൻ നേതാക്കളിൽ പ്രമുഖനാണ് ബർല. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ നാളെ കേരളത്തിലെത്തുന്നുണ്ട്.
അടുത്തയാഴ്ചയോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംസ്ഥാനത്തെത്തും. ഇരുവരുടെയും സന്ദർശനത്തോടെ ക്രൈസ്തവ പാർട്ടി രൂപീകരണ ചർച്ചയും സജീവമാകും.
പെന്തക്കോസ്ത് വിഭാഗങ്ങളെയും പുതിയ സംഘടനയുമായി സഹകരിപ്പിക്കാൻ ശ്രമമുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബി.ജെ.പി അനുകൂല ക്രൈസ്തവ ഗ്രൂപ്പുകളെ ഉപയോഗിച്ചാണ് പെന്തക്കോസ്ത് വിഭാഗങ്ങളുടെ പിന്തുണ തേടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."