HOME
DETAILS
MAL
സൗഹൃദവേദി ഫോര്‍മുലയും കണക്കിലെ മാസപ്പിറവിയും
backup
May 15 2021 | 18:05 PM
കേരള മുസ്‌ലിംകളുടെ നോമ്പും പെരുന്നാളും ഏകോപിപ്പിക്കുന്നതിനു വേണ്ടി വര്‍ഷങ്ങള്‍ക്കു മുന്‍പ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മുസ്‌ലിം സംഘടനകളുടെ യോഗം കോഴിക്കോട്ട് ചേര്‍ന്നാണ് സൗഹൃദവേദി രൂപീകരിച്ചത്. യോഗത്തില്‍ സമസ്തയെ പ്രതിനിധീകരിച്ച് നാട്ടിക വി. മൂസ മുസ്‌ലായാര്‍ സംസാരിക്കുന്നു. 'നമുക്കിടയില്‍ രണ്ട് അപകടവാദങ്ങളുണ്ട്. ഒന്ന്, ഒരു കൂട്ടര്‍ പറയുന്നു: കണക്ക് അടിസ്ഥാനത്തില്‍ ഒരു കാരണവശാലും മാസപ്പിറവി ഉണ്ടാവില്ല. അതിനാല്‍ നാളെ നോമ്പാവില്ല-പെരുന്നാളാവില്ല, അതുകൊണ്ട് നോമ്പ്-പെരുന്നാള്‍ മറ്റന്നാളാണ്. മറ്റൊരു കൂട്ടരുടെ വാദം എന്നാല്‍ ഞങ്ങള്‍ കണ്ടേ അടങ്ങൂ, ഇല്ലാത്ത പിറവി അവര്‍ കാണുന്നു. ഇതു രണ്ടും പാടില്ല. കാണില്ലെന്ന് കണക്കുകൂട്ടി തറപ്പിക്കേണ്ട, കാണാതെ കണ്ടെന്നും പറയേണ്ട'. മൂസ മുസ്‌ലിയാര്‍ ഇതുപറഞ്ഞ് ഇരുന്നപ്പോള്‍ സദസ് അദ്ദേഹത്തെ പിന്തുണച്ചു. ഒടുക്കം അതിനെ അടിസ്ഥാനപ്പെടുത്തി തീരുമാനം വന്നു. 'കണക്ക് പരിഗണിക്കുന്നവര്‍ക്ക് ആവാം, പക്ഷേ കണക്കുകൂട്ടി കാണില്ലെന്ന് ധരിച്ചാലും പെരുന്നാള്‍ ഇന്ന ദിവസമാണെന്ന് മുന്‍കൂട്ടി പ്രഖ്യാപിക്കരുത്' എന്നും 'എന്നാല്‍ കണ്ടാല്‍ അംഗീകരിക്കുകയും വേണം. എവിടെ കണ്ടാലും ഉറപ്പിക്കുന്നതിനു
മുന്‍പ് ശിഹാബ് തങ്ങളുമായി കൂടിയാലോചിച്ച് ഏകീകരണമുണ്ടാക്കിയ ശേഷം അവരവരുടെ മേഖല അവരുടെ പേരില്‍ തന്നെ ഉറപ്പിക്കാം'. ശേഷം നാളിതുവരെ തുടര്‍ന്നുപോന്നത് അതാണ്. അതു പൂര്‍ണമായി പൊളിച്ചടക്കിയാണ് നദ് വത്തുല്‍ മുജാഹിദീന്റെ ഹിലാല്‍ കമ്മിറ്റി അടുത്ത് രണ്ടുമൂന്നു തവണയായി റമദാനിലും പെരുന്നാളിനും ചെയ്തത്.
2019ല്‍ റമദാന്‍ മാസപ്പിറവി കാണുന്നതിനു മുന്‍പ് നോമ്പുറപ്പിച്ചു, ശവ്വാല്‍ പിറവി കാണില്ലെന്നു പറഞ്ഞ് നേരത്തെ പെരുന്നാളും ഉറപ്പിച്ചു. ഇതു സംഘടനകള്‍ തമ്മിലുണ്ടാക്കിയ കരാറിനെതിരായിരുന്നു. ശേഷം 2020ല്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ സമസ്തയുടെയും മുസ്‌ലിം ലീഗിന്റെയും നേതൃയോഗം ചേര്‍ന്നപ്പോള്‍ സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഈ വിഷയം ലീഗ് നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തി.
അതു ഗൗരവത്തോടെ കാണേണ്ടതാണെന്നും ആവര്‍ത്തിക്കരുതെന്നും മുജാഹിദ് നേതൃത്വങ്ങളോട് സംസാരിക്കാമെന്നും പറഞ്ഞു. എന്നാല്‍ ഈ വര്‍ഷവും അതു തുടര്‍ന്നു. കണക്കിനെ അടിസ്ഥാനപ്പെടുത്തി പെരുന്നാള്‍പിറവി കാണില്ലെന്നും പെരുന്നാള്‍ മെയ് 13 വ്യാഴമായിരിക്കുമെന്നും ദിവസങ്ങള്‍ക്കു മുന്‍പേ പ്രസ്താവന നല്‍കി. പരിഷ്‌കരണത്തിലും കണക്കിലും ഹിലാല്‍ കമ്മിറ്റിയെ മറികടക്കുന്ന ഹിജ്‌റ കമ്മിറ്റി പെരുന്നാള്‍ 12നു ബുധനാഴ്ച ആണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കണക്കന്‍മാരുടെ പിഴവ് അതില്‍തന്നെ പ്രകടമാണ്.
പെരുന്നാള്‍ എന്നുമാകട്ടെ, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിയാലോചന നടത്താതെ ഈ മുന്‍കൂട്ടിയുള്ള പ്രഖ്യാപനം ഭിന്നതയ്ക്കു തന്നെയാണ് കാരണമാകുന്നത്. കണക്കിനെ അടിസ്ഥാനപ്പെടുത്തി മാസപ്പിറവി ഉറപ്പിക്കുന്നത് നബി (സ)യുടെ ചര്യയ്‌ക്കെതിരാണ്. മാസമുറപ്പിക്കാന്‍ കാഴ്ച തന്നെയാണ് അവലംബിക്കേണ്ടത്.
ഇബ്‌നു ഉമര്‍ (റ)നെ തൊട്ട് ഉദ്ധരിക്കുന്നു. റമദാന്‍ മാസത്തെക്കുറിച്ച് നബി (സ) പറഞ്ഞു: 'ഹിലാല്‍ (ചന്ദ്രപ്പിറവി) കാണുന്നതുവരെ നിങ്ങള്‍ നോമ്പനുഷ്ഠിക്കരുത്; ഹിലാല്‍ കാണുന്നതുവരെ നിങ്ങള്‍ നോമ്പ് അവസാനിപ്പിക്കുകയും ചെയ്യരുത്. മേഘം കാരണം അതു നിങ്ങള്‍ക്ക് കാണാന്‍ സാധിച്ചില്ലെങ്കില്‍ നിങ്ങള്‍ (മുപ്പത്) കണക്കാക്കുക' (മുസ്‌ലിം). അബൂഹുറൈറ (റ)ല്‍ നിന്ന്: ചന്ദ്രപ്പിറവിയെ പരാമര്‍ശിക്കവെ നബി (സ) പറഞ്ഞു. 'നിങ്ങള്‍ (റമദാന്‍) മാസപ്പിറവി കണ്ടാല്‍ വ്രതമനുഷ്ഠിച്ച് തുടങ്ങുക. (ശവ്വാല്‍) മാസപ്പിറവി കണ്ടാല്‍ വ്രതമവസാനിപ്പിക്കുകയും ചെയ്യുക. മേഘം നിമിത്തം മാസപ്പിറവി മറക്കപ്പെട്ടാല്‍ ആ മാസം മുപ്പത് ദിവസമായി കണക്കാക്കുക' (മുസ്‌ലിം). ഇബ്‌നു അബ്ബാസ് (റ)ല്‍ നിന്ന്: തിരുദൂതര്‍ (സ) പറഞ്ഞു: 'റമദാന്‍ മാസം ആകുന്നതിനു മുന്‍പ് നിങ്ങള്‍ (റമദാന്‍) നോമ്പെടുക്കരുത്. റമദാന്‍ പിറവി കാണുമ്പോള്‍ നിങ്ങള്‍ നോമ്പനുഷ്ഠിക്കുക. ശവ്വാല്‍പിറ കാണുമ്പോള്‍ നോമ്പില്‍നിന്ന് വിരമിക്കുകയും ചെയ്യുക. മേഘങ്ങള്‍ കാരണം പിറവി കാണാത്തവിധം മറയ്ക്കപ്പെട്ടാല്‍ മുപ്പത് പൂര്‍ത്തിയാക്കുക (സുനനുത്തിര്‍മുദി).
മാസപ്പിറവിക്കു കാഴ്ച (റുഇയ്യത്ത്) തന്നെ വേണമെന്നാണ് ഈ ഹദീസുകളെല്ലാം വ്യക്തമാക്കുന്നത്. കണക്കുപ്രകാരം മാനത്ത് ഹിലാല്‍ നില്‍പ്പുണ്ടെങ്കിലും മേഘംമൂടി നിങ്ങള്‍ കാണാത്തതുകൊണ്ട് അത് അവലംബിക്കേണ്ടെന്നും മുപ്പത് പൂര്‍ത്തിയാക്കുകയാണ് വേണ്ടതെന്നും വ്യക്തമാണ്.
ഇതിനു വിരുദ്ധമായി കണക്കിനെ അടിസ്ഥാനപ്പെടുത്തുന്നവര്‍ ഉദ്ധരിക്കുന്ന ഹദീസ് കാണുക: ഇബ്‌നു ഉമര്‍ (റ)ല്‍ നിന്ന്: നബി (സ) പറഞ്ഞു. 'ഞങ്ങള്‍ ഉമ്മിയ്യാണ് (അക്ഷരജ്ഞാനമില്ലാത്ത), എഴുത്തുകാരോ കണക്ക് അറിയുന്നവരോ അല്ല. ഒരു മാസം ഇത്രയാകുന്നു...... ' (മുസ്‌ലിം). അന്ന് കണക്ക് അറിയാത്തതു കൊണ്ടായിരുന്നുവെന്നും ഇന്ന് അത് അറിയാമെന്നും അതുകൊണ്ട് കണക്കിനെ അടിസ്ഥാനപ്പെടുത്താമെന്നുമാണ് വാദം. 'ഞങ്ങള്‍ ഉമ്മിയ്യാണ്, ലാ നക്തുബു വലാ നഹ്‌സുബു എന്നതിനര്‍ഥം എഴുത്തും കണക്കും അറിയില്ല എന്നല്ല, ഞങ്ങള്‍ ചെയ്യുകയില്ല എന്നാണ്. ഉമ്മിയ്യ് എന്നാല്‍ നബി (സ)ക്ക് ഒന്നുമറിയില്ല എന്നല്ല. പഠിച്ച് അറിഞ്ഞതല്ല, അല്ലാഹു എല്ലാം അറിയിച്ചതാണ്. ഉമ്മിയ്യിന് എല്ലായിടത്തും 'അറിവില്ല' എന്നര്‍ഥമില്ല. ഹറാം എന്നാല്‍ നിഷിദ്ധമെന്നാണ് അര്‍ഥം. മസ്ജിദുല്‍ ഹറാമിന് 'നിഷിദ്ധമായ പള്ളി' എന്നല്ല, നേര്‍വിപരീതമായ പരിശുദ്ധമായ പള്ളി എന്നാണ് അര്‍ഥം.
മേഘം മൂടപ്പെട്ടാല്‍ നിങ്ങള്‍ മൂപ്പത് പൂര്‍ത്തിയാക്കുക എന്ന നബിവചനം തന്നെ കണക്കുവാദത്തെ പൂര്‍ണമായും തള്ളിക്കളയുന്നുണ്ട്. പിന്നെ നിസ്‌കാര സമയം നിര്‍ണയിക്കുന്നതില്‍ കണ്ടാല്‍ എന്ന പ്രയോഗം നബി (സ) തങ്ങള്‍ നടത്തിയിട്ടില്ല. 'ളുഹ്‌റിന്റെ സമയം, സൂര്യന്‍ തെറ്റുകയും ഒരാളുടെ നിഴല്‍ അയാളോളം എത്തുകയും ചെയ്യുന്നത് വരെയാകുന്നു....... ' (മുസ്‌ലിം). ഇവിടെ കാഴ്ചയെ വ്യക്തമാക്കുന്നേ ഇല്ല.
മാസപ്പിറവിയില്‍ ചില പണ്ഡിതന്മാര്‍ കണക്കിനെ പരിഗണിക്കാമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. പരിഗണിക്കാമെന്നാണ്, അവലംബിക്കാമെന്നല്ല. ഉദാഹരണം; കണക്കുപ്രകാരം സൂര്യാസ്തമയത്തിനു മുന്‍പ് ചന്ദ്രന്‍ അസ്തമിക്കുമെങ്കില്‍ ഞാന്‍ ചന്ദ്രപ്പിറവി കണ്ടു എന്നൊരാള്‍ പറഞ്ഞാല്‍ അയാളെ അപ്പടി വിശ്വാസത്തിലെടുക്കാതെ, ഖാസി വിചാരണ ചെയ്യുമ്പോള്‍ കണക്കിനെ പരിഗണിക്കാമെന്നും എന്നാല്‍ സാക്ഷികള്‍ മുഖേന സ്ഥിരപ്പെട്ടാല്‍ അത് അംഗീകരിക്കണമെന്നും കണക്കിനെ അവഗണിക്കണമെന്നുമാണ്. കാരണം കണക്ക് പിഴക്കാം. മുസ്‌ലിംകളും നീതിമാന്മാരുമായവര്‍ കണ്ടു എന്നു പറഞ്ഞതിനെ തള്ളാനാവില്ല. പിന്നെ അവര്‍ മനഃപൂര്‍വം കളവ് പറഞ്ഞതാണെങ്കില്‍ അതിന് ഉത്തരവാദിത്വം ഖാസിക്കോ സമുദായത്തിനോ ഇല്ല.
ഇബ്‌നു അബ്ബാസ് (റ) പറയുന്നു: ഒരാള്‍ വന്ന് നബി (സ)യോട് പറഞ്ഞു: 'ഞാന്‍ മാസപ്പിറവി കണ്ടിരിക്കുന്നു'. അവിടുന്ന് ചോദിച്ചു: അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ റസൂലാണെന്നുമുള്ള സത്യസാക്ഷ്യം നീ വഹിക്കുന്നുണ്ടോ? അദ്ദേഹം പറഞ്ഞു: 'അതേ'. അപ്പോള്‍ നബി (സ) ബിലാല്‍ (റ)നെ വിളിച്ച് പറഞ്ഞു: 'ജനങ്ങളോട് നാളെ നോമ്പെടുക്കാന്‍ പറയൂ' (അബൂദാവൂദ്). എന്നാല്‍ പെരുന്നാള്‍ സ്ഥിരപ്പെടാന്‍ രണ്ടു സാക്ഷികള്‍ ആവശ്യമാണ്. കാരണം അതൊരു ഫര്‍ള് ഒഴിവാക്കാനുള്ളതാണല്ലോ. ഇക്കാര്യം ഇമാം നവവി (റ) ശര്‍ഹുല്‍ മുഹദ്ദബില്‍ പറയുന്നുണ്ട്.
കണക്കിനെയല്ല കാഴ്ചയെ തന്നെയാണ് മാസപ്പിറവിയില്‍ അവലംബിക്കേണ്ടതെന്ന് നാല് മദ്ഹബിന്റെ ഇമാമുമാരും ഏകോപിച്ചതാണ്. കണക്ക് പോരാ, കാഴ്ച വേണമെന്ന് ഇപ്പോഴും സഊദി അറേബ്യ ഉള്‍പ്പെടെ എല്ലാ അറബ് രാജ്യങ്ങളും വ്യക്തമാക്കുന്നു. അതുകൊണ്ടാണ് കണക്കില്‍ കാണാന്‍ സാധ്യതയില്ലാതിരുന്നിട്ടും മാസപ്പിറവി നോക്കാന്‍ അവരൊക്കെ പ്രത്യേകം ആളുകളെ നിശ്ചയിച്ചത്. വസ്തുത ഇതായിരിക്കെ കണക്കിനെ അടിസ്ഥാനമാക്കി മാസമുറപ്പിക്കുന്നത് ഇസ്‌ലാമിക വിരുദ്ധവും കൂടിയാലോചന ഇല്ലാതെ പെരുന്നാള്‍ നിശ്ചയിക്കുന്നത് സൗഹൃദവേദി ഫോര്‍മുലയെ കാറ്റില്‍പറത്തലുമാണ്. ഇത്തരം ഭിന്നത തുടരെ കൊണ്ടുനടക്കുന്ന മുജാഹിദ് പ്രസ്ഥാനങ്ങളോട് ഐക്യവേദിയില്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന് സമുദായ നേതൃത്വം തീരുമാനമെടുക്കണം.
മഗ്‌രിബ്, സുബ്ഹി ബാങ്ക് മുജാഹിദ് പള്ളികളില്‍ രണ്ടും മൂന്നും മിനുട്ടുകള്‍ വ്യത്യാസമാണ്. മറ്റു മുസ്‌ലിം പള്ളികളിലെ ബാങ്കിനും മുന്‍പാണ് മഗ്‌രിബെങ്കില്‍ വൈകിയാണ് സുബ്ഹി.
മറ്റു ബാങ്ക് ഇല്ലാത്ത സ്ഥലത്ത് മുജാഹിദ് പള്ളി മാത്രമാണെങ്കില്‍ സുന്നികളുടെ സുബ്ഹി സമയം കഴിഞ്ഞാണ് മുജാഹിദ് പള്ളികളിലെ ബാങ്ക് എന്നതുകൊണ്ട് സുന്നി വിശ്വാസപ്രകാരം ആ ബാങ്കിനെ അടിസ്ഥാനപ്പെടുത്തുമ്പോള്‍ നോമ്പ് നഷ്ടപ്പെടുത്തുന്നു. നോമ്പുതുറ സമയമാവട്ടെ, എല്ലാ വിഭാഗവുമുള്ള നാട്ടിലാണെങ്കിലും നേരത്തെയുള്ള മുജാഹിദ് ബാങ്ക് കേട്ട് അറിയാത്തവരും യാത്രക്കാരുമായ സുന്നികള്‍ നോമ്പ് മുറിക്കുന്നു. സൗഹൃദവേദി'യില്‍നിന്ന് പറയട്ടെ, സുന്നി ബാങ്ക് കൊണ്ട് മുജാഹിദിന് അവരുടെ വിശ്വാസപ്രകാരം തന്നെ ഒരു നോമ്പും നഷ്ടപ്പെടുന്നില്ലെന്നും മുജാഹിദ് ബാങ്ക് കൊണ്ട് സുന്നികള്‍ക്ക് അവരുടെ വിശ്വാസപ്രകാരം നോമ്പ് നഷ്ടപ്പെട്ടുപോവുന്നുമുണ്ടെങ്കില്‍ ഈ രണ്ട് ബാങ്കുകള്‍ക്കും റമദാനിലെങ്കിലും ഉച്ചഭാഷിണി ഒഴിവാക്കിക്കൂടേ, ഏയ് ദീപസ്തംഭം.
സുന്നികള്‍ മുജാഹിദിനെതിരേ കാംപയിന്‍ നടത്തുമ്പോള്‍ ഫാസിസം തലക്കുമുകളില്‍ ഉദിച്ചുനില്‍ക്കുമ്പോള്‍ അതൊന്നും അരുതെന്ന് ചിലര്‍ പറയുന്നു. ഫാസിസവും സാമ്രാജ്യത്വവും രൗദ്രത പ്രകടിപ്പിക്കുമ്പോഴും ഞാനും എന്റെ കെട്ട്യോളും ഒരു തട്ടാനും എന്ന മട്ട് സ്വീകരിക്കുന്ന മുജാഹിദ് പ്രസ്ഥാനങ്ങളോട് സമവായ സമുദായവും സലഫി ഭീകരതയ്‌ക്കെതിരേ കാംപയില്‍ വരുമ്പോള്‍ വിലക്കാന്‍ മധ്യസ്ഥതയുമായി വരുന്നവരും വ്യക്തമായ നിലപാട് സ്വീകരിക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."