HOME
DETAILS
MAL
ഇന്ന് അതിതീവ്രമാകും; നേരിടാനൊരുങ്ങി രാജ്യം
backup
May 16 2021 | 04:05 AM
ന്യൂഡല്‍ഹി: തെക്കുകിഴക്കന്‍ അറബിക്കടലില്‍ വെള്ളിയാഴ്ച രാത്രി വൈകി രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് മധ്യകിഴക്കന്‍ അറബിക്കടലില്‍ ഗോവയ്ക്കു സമീപത്തുവച്ച് വീണ്ടും ശക്തിപ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായി. ഇത് ഇന്ന് വീണ്ടും ശക്തിപ്പെട്ട് അതിതീവ്ര ചുഴലിക്കാറ്റായി മുംബൈ തീരം ലക്ഷ്യമാക്കി നീങ്ങും. ചൊവ്വാഴ്ചയോടെ ഗുജറാത്ത് തീരത്ത് ആഞ്ഞടിക്കും. പാക് തുറമുഖനഗരമായ കറാച്ചി മുതല്‍ കൊച്ചി വരെയുള്ള പ്രദേശങ്ങളില്‍ മുന്നറിയിപ്പ് നിര്‍ദേശമുണ്ട്. ഈ വഴിയിലുള്ള മത്സ്യബന്ധനവും കപ്പല്‍ ഗതാഗതവും നിര്‍ത്തിവച്ചിട്ടുണ്ട്.
നിലവില്‍ പ്രവചിക്കപ്പെടുന്ന ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഇല്ലെങ്കിലും കേരളാതീരത്തോട് അടുത്തുനില്‍ക്കുന്നതിനാലാണ് സംസ്ഥാനത്ത് കനത്ത മഴ ലഭിക്കുന്നതും ഭീതിനിലനില്ക്കുന്നതും. ഗുജറാത്ത് തീരത്തിലെ പൊര്ബന്ദറിലൂടെയും നളിയയിലൂടെയും ചൊവ്വാഴ്ചയായിരിക്കും ടൗട്ടേ കടന്നുപോകുക. ദേശീയ ദുരന്തനിവാരണ സേനയുടെ 50 ടീമുകളെ അഞ്ചു സംസ്ഥാനങ്ങളിലേക്കായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. കൊവിഡ് രണ്ടാംതരംഗത്തിന്റെ വ്യാപനത്തില്‍ ഇന്ത്യ വിറങ്ങലിച്ചുനില്‍ക്കുമ്പോഴാണ് ടൗട്ടേ ചുഴലിയുടെ വരവ്. ചുഴലിക്കാറ്റ് നേരിടാനുള്ള തയാറെടുപ്പുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അവലോകനം ചെയ്തു. കേരളം, കര്‍ണാടക, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു. ന്യൂനമര്‍ദത്തിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."