സ്ഥാനാർഥികളായി, ഉമയും ജോ ജോസഫും അങ്കത്തട്ടിൽ
സ്വന്തം ലേഖിക
കൊച്ചി
യു.ഡി.എഫും എൽ.ഡി.എഫും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ തൃക്കാക്കര തെരഞ്ഞെടുപ്പ് ചൂടിലേക്ക്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനുളളിൽ സ്ഥാനാർഥിയെ അവതരിപ്പിച്ച് യു.ഡി.എഫ് പതിവ് തെറ്റിച്ചപ്പോൾ എൽ.ഡി.എഫ് ആകട്ടെ നാടകീയതയ്ക്കും അനിശ്ചിതത്വത്തിനുമൊടുവിലാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. അന്തരിച്ച പി.ടി തോമസിൻ്റെ ഭാര്യ ഉമ തോമസിനെ സ്ഥാനാർഥിയാക്കി തൃക്കാക്കരയിൽ ഭൂരിപക്ഷം ഉയർത്താമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. പ്രമുഖ ഹൃദ്രോഗ വിദഗ്ധൻ ഡോ. ജോ ജോസഫിനെ കളത്തിലിറക്കി ഒരുതവണയെങ്കിലും തൃക്കാക്കര ചേർത്തുവയ്ക്കാനാണ് എൽ.ഡി.എഫിൻ്റെ ലക്ഷ്യം. ബി.എസ്.സി. സുവോളജി ബിരുദധാരിയായ ഉമ 1982 ൽ എറണാകുളം മഹാരാജാസിൽ വിദ്യാർഥിയായിരിക്കെ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു.വിന്റെ പാനലിൽ വനിതാ പ്രതിനിധിയായും 84 ൽ വൈസ് ചെയർമാൻ ആയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരുന്ന പി.ടി തോമസിന്റെ ജീവിത സഖിയായി പിൽക്കാലത്ത് മാറുകയായിരുന്നു.56കാരിയായ ഉമ കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ അസി.മാനേജരായി ജോലി ചെയ്തു വരുന്നു.ഡോ.വിഷ്ണു തോമസ്, നിയമവിദ്യാർഥി വിവേക് തോമസ് എന്നിവരാണ് മക്കൾ.ഡോ.ബിന്ദു അബി തമ്പാൻ മരുമകളാണ്.
എറണാകുളത്തിനും പുറത്തും പ്രശസ്തനായ ജോ ജോസഫ് കേരളം ഉറ്റുനോക്കിയ ഒട്ടനവധി അവയവമാറ്റ ശസ്ത്രക്രിയകളിൽ പങ്കാളിയായിട്ടുണ്ട്. മാറ്റിവയ്ക്കാനുള്ള ഹൃദയവുമായി ആംബുലൻസിനും ഹെലികോപ്റ്ററിലുമേറി കുതിക്കുന്ന ജോ ജോസഫിനെയും പലർക്കും സുപരിചിതനാണ്.
43കാരനായ ജോ ജോസഫ് 28 ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ലോകപ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ.ജോസ് ചക്കോപെരിയപ്പുറത്തിൻ്റെ സഹായി ആയി പ്രവർത്തിച്ചിട്ടുണ്ട്. അരുവിത്തുറ സെൻറ് ജോർജ് കോളജിലെ പഠനത്തിന് ശേഷമാണ് മെഡിക്കൽ പഠനത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് ഡോ.ജോ ജോസഫ് എത്തിയത്. 1996 ബാച്ചിൽ എം.ബി.ബി.എസ് പഠനം പൂർത്തിയാക്കി ജോ ജോസഫ് പിന്നീട് കട്ടക്ക് എസ്.എസ്.ബി മെഡിക്കൽ കോളജിൽ നിന്നും ജനറൽ മെഡിസിനിൽ എം.ഡിയും ഡൽഹി എയിംസിൽ നിന്നും കാർഡിയോളജിയിൽ ഡി.എമ്മും നേടി. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി എറണാകുളം ലിസി ആശുപത്രിയിലാണ് പ്രവർത്തിക്കുന്നത്. 'ഹൃദയപൂർവം ഡോക്ടർ ' എന്ന പുസ്തകത്തിന്റെ രചിയിതാവാണ്.ഭാര്യ ഡോ.ദയ പാസ്കൽ തൃശൂർ ഗവ.മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ്.
അതേസമയം, എൻ.ഡി.എ , ട്വൻ്റി ട്വൻ്റി ആംആദ്മി പാർട്ടി സഖ്യം എന്നിവർ ഇന്ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതോടെ തൃക്കാക്കരയിൽ ചിത്രം കൂടുതൽ വ്യക്തമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."