HOME
DETAILS
MAL
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍മപദ്ധതിയുമായി മുസ്‌ലിം ലീഗ്
backup
May 16 2021 | 18:05 PM
മലപ്പുറം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കും കര്‍മപദ്ധതിയുമായി മുസ്‌ലിം ലീഗ്. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് കര്‍മപദ്ധതിക്ക് രൂപം നല്‍കിയത്.
സര്‍ക്കാര്‍ സംവിധാനങ്ങളെ ശക്തമായി പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്നതിനോടൊപ്പം പാര്‍ട്ടി അതിന്റെ സംവിധാനങ്ങളുപയോഗിച്ച് സന്നദ്ധസേവന, പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടാനാണ് തീരുമാനമെന്ന് പാര്‍ട്ടി നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, പി.എം.എ സലാം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇതിനോടകം തന്നെ ഇത്തരം സേവനങ്ങളുമായി പോഷകസംഘടനകള്‍ രംഗത്തുണ്ട്. അവയെ ഏകോപിപ്പിച്ച് കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡിന്റെ സേവനം നാടിന് വലിയ ആശ്വാസമായിരിക്കുകയാണ്. വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തനങ്ങളെ കൂടുതല്‍ വ്യാപിപ്പിക്കും. കൊവിഡ് ബാധിതരുടെ ചികിത്സ, ഭക്ഷണം, അവരുടെ കുടുംബത്തെ സഹായിക്കല്‍, സാമ്പത്തിക പ്രയാസം നേരിടുന്ന മറ്റു കുടുംബങ്ങളെ സഹായിക്കല്‍, ആംബുലന്‍സ്, മരുന്ന് തുടങ്ങിയ സേവനങ്ങളുമായി ലീഗ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടും.
ഓക്‌സിജന്‍ സിലിണ്ടര്‍, വെന്റിലേറ്റര്‍, ഐ.സി.യു ബെഡുകള്‍ എന്നിവയെല്ലാം ആവശ്യത്തിന് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം.
സര്‍ക്കാര്‍ ആശുപത്രികളിലെ പോരായ്മകള്‍ പരിഹരിക്കണം. മലപ്പുറം ജില്ലയില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടേണ്ടതുണ്ട്. ജനസംഖ്യാനുപാതികമായി സൗകര്യങ്ങളൊരുക്കണം. എല്ലാ ജില്ലകള്‍ക്കും നല്‍കുന്നതുപോലെ മലപ്പുറത്തിന് നല്‍കുന്നതാണ് പ്രയാസം സൃഷ്ടിക്കുന്നത്.കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ ഖബറടക്കം സംബന്ധിച്ച് നേരത്തെയുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. പല സ്ഥലങ്ങളിലും മതാചാരപ്രകാരം ഖബറടക്കാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. മുഖ്യമന്ത്രി മതസംഘടനാ ഭാരവാഹികളെയടക്കം വിളിച്ചുചേര്‍ത്ത യോഗത്തിലെ തീരുമാനം തന്നെ തുടരണം.
പ്രകൃതിക്ഷോഭം സംസ്ഥാനത്ത്, പ്രത്യേകിച്ച് തീരദേശ മേഖലയില്‍ നിരവധിയാളുകളെ പ്രയാസത്തിലാക്കിയിരിക്കുകയാണ്. ജനപ്രതിനിധികള്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. അടിയന്തരമായി ചെയ്യേണ്ടതു ചെയ്യാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഫലസ്തീന്‍ വിഷയം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. ഇസ്രാഈല്‍ ഭരണകൂടം ഫലസ്തീനികള്‍ക്കെതിരേ നടത്തുന്ന ക്രൂരതകള്‍ക്കെതിരേ ലോകരാഷ്ട്രങ്ങള്‍ ഇടപെടണം. ഇന്ത്യയ്ക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."