സംഘ്പരിവാറിനെതിരേ വേറിട്ട പ്രതിഷേധം; മസ്ജിദിന് ഉച്ചഭാഷിണി സമ്മാനിച്ച് ഹൈന്ദവ ഗ്രാമം
നാഗ്പൂർ
ഉച്ചഭാഷിണിക്കെതിരായ സംഘ്പരിവാർ കാംപയിനിൽ പ്രതിഷേധിച്ച് ഹൈന്ദവ ഗ്രാമം മുസ്‌ലിം പള്ളിക്ക് ഉച്ചഭാഷിണി നൽകി.
ആർ.എസ്.എസ് ആസ്ഥാനമായ നാഗ്പൂരിലാണ് സംഭവം. ഗ്രാമത്തിൽ ഒരു മുസ് ലിം കുടുംബം പോലുമില്ലാത്തതിനാൽ സമീപ ഗ്രാമത്തിലെ പള്ളിയിലേക്കാണ് ബുൽധാന ജില്ലയിലെ കെൽവാദ് ഗ്രാമീണർ പിരിവെടുത്തു പെരുന്നാൾ ദിവസം ഉച്ചഭാഷിണി വാങ്ങി നൽകിയത്. കെൽവാദ് ഗ്രാമത്തിൽ നിന്ന് ആറു കിലോമീറ്റർ അകലെ കിൻഹോലയിലെ പള്ളിയിലെ ഇമാമിനാണ് ഉച്ചഭാഷിണി നൽകിയത്. മതസൗഹാർദത്തിന്റെ ഉത്തമ ഉദാഹരണമാണിതെന്ന് ഇമാം പറഞ്ഞു. കിൻഹോല പള്ളിയിലും ദർഗയിലും നിലവിൽ ഉച്ചഭാഷിണിയുണ്ടെങ്കിലും കെൽവാദ് ഗ്രാമത്തിലെ ജനങ്ങളുടെ സ്‌നേഹോപഹാരമായി ഇതിനെ കാണുന്നുവെന്ന് ഇമാം പറഞ്ഞു.
ഈ പ്രദേശത്ത് മുസ് ലിം പള്ളിയുള്ള ഏക ഗ്രാമവും കിൻഹോലയാണ്. നൂറ്റാണ്ടുകളായി മുസ് ലിംകളും ഹൈന്ദവരും ഗ്രാമത്തിൽ സൗഹാർദത്തോടെയാണ് കഴിയുന്നതെന്നും ബന്ധം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും ഗ്രാമത്തിലെ കാരണവരിലൊരാളായ ഗണേഷ് നിഗം പറഞ്ഞു. രാഷ്ട്രീയക്കാർ വോട്ടുനേടാൻ ധ്രുവീകരണം നടത്തുമ്പോൾ ബന്ധം ഊട്ടിയുറപ്പിക്കൽ അനിവാര്യമാണെന്നും ഇതാണ് മസ്ജിദിനു ഉച്ചഭാഷിണി പിരിവെടുത്ത് വാങ്ങി നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഉച്ചഭാഷിണിക്കെതിരായ പ്രതിഷേധങ്ങളിൽ ഗ്രാമവാസികൾ പങ്കെടുക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. സാമൂഹിക പ്രവർത്തകനായ നന്ദു ബോർബലെയും ഗ്രാമത്തിലെ യുവാക്കളോട് പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്ന് അഭ്യർഥിച്ചു. പള്ളികൾക്കു മുന്നിൽ ഹനുമാൻ ചാലിസയ്ക്ക് കുട്ടികളെ അയക്കരുതെന്നും നിർദേശിച്ചു.
നാഗ്പൂരിലെ മുസ് ലിം പള്ളികളിൽ ബാങ്കും നിസ്കാരവും ശബ്ദം കുറച്ചാണ് ഇപ്പോൾ നിർവഹിക്കുന്നതെന്ന് തെലങ്കേഡി മസ്ജിദ് സെക്രട്ടറി മുഹമ്മദ് സലീം പറഞ്ഞു. ഹൈന്ദവ ഭൂരിപക്ഷ പ്രദേശങ്ങളിലൊന്നും ഉച്ചഭാഷിണിക്കെതിരേ ഇതുവരെ പരാതിയില്ലെന്നും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."