HOME
DETAILS
MAL
ആദിത്യനാഥ് പുണ്യവാളനാകുന്നതിന്റെ രാഷ്ട്രീയം
backup
May 16 2021 | 19:05 PM
താരതമ്യേന രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന കേരളത്തില്‍ പോലും ശരാശരി 30,000ത്തിനു മുകളില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയിലാണ് ആദിത്യനാഥിന്റെ യു.പിയില്‍ നിന്നുള്ള കണക്കുകള്‍ പൊടുന്നനെ വെറും 12,000 മാത്രമായി ചുരുങ്ങിയത്. എന്തതിശയം അല്ലേ? ഗംഗാനദിയുടെ 1,124 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീരപ്രദേശങ്ങളില്‍ കണ്ടെടുത്ത ശവങ്ങളുടെ എണ്ണം പക്ഷേ 2,000ത്തിലും അധികമുണ്ടെന്ന് ബി.ബി.സി ഉള്‍പ്പെടെ ദേശീയവും അന്തര്‍ദേശീയവുമായ നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ഇന്ത്യയില്‍ കൊവിഡ് മരണങ്ങളും രോഗമുക്തരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസത്തിന്റെ തോത് മൂന്നു ശതമാനത്തില്‍ താഴെയാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍ ഏതാനും ദിവസങ്ങളുടെ ഇടവേളയില്‍ 2,000ത്തിലധികം പേര്‍ മരിച്ചിടത്ത് എത്രപേര്‍ക്ക് രോഗബാധയുണ്ടായിക്കാണും? നദിയില്‍ ഒഴുക്കിവിട്ട ശവങ്ങള്‍ മാത്രമായിരുന്നില്ല ഇത്.
കഴിഞ്ഞ ദിവസങ്ങളില്‍ യു.പിയില്‍ പെയ്ത പേമാരിയില്‍ നദിയോടു ചേര്‍ന്ന് കുഴിച്ചിട്ട നിരവധി മൃതദേഹങ്ങള്‍ മണ്ണുനീങ്ങി പുറത്തുവന്നതായും ഏറ്റവുമൊടുവിലത്തെ റിപ്പോര്‍ട്ടുകളിലുണ്ട്. ശ്മശാനങ്ങളില്‍ നടന്ന ശവദാഹങ്ങള്‍ക്കു പുറമെയാണിത്. കൃത്യമായ പരിശോധനകള്‍ നടത്താതിരുന്നിട്ടുപോലും മുപ്പതിനായിരത്തിനു മുകളില്‍ ഉണ്ടെന്നു സമ്മതിക്കേണ്ടി വന്ന 'ഔദ്യോഗിക' രോഗബാധ പൊടുന്നനെ പകുതിയിലധികം താഴേക്കു കൊണ്ടുവരാന്‍ സഹായകമായ എന്തെങ്കിലും നീക്കങ്ങള്‍ യു.പിയില്‍ നടന്നതായി വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. രോഗം നിയന്ത്രിക്കുന്നതിലല്ല, ഓക്‌സിജന്‍ കിട്ടാത്തതുമൂലം മരിക്കുന്ന ആളുകളെ രക്ഷപ്പെടുത്തുന്ന കാര്യത്തിലായിരുന്നു ആദിത്യനാഥ് സര്‍ക്കാരിന്റെ മുഴുവന്‍ ശ്രദ്ധയും. പൊടുന്നനെയാണ് മികച്ച രീതിയില്‍ കൊവിഡ്ബാധ പിടിച്ചുനി
ര്‍ത്തിയതിനു നീതി ആയോഗ് മുതല്‍ മാധ്യമ പുംഗവന്‍മാര്‍ വരെ വരിവരിയായി നിന്ന് യു.പി മുഖ്യനെ വാഴ്ത്തിപ്പാടാനാരംഭിച്ചത്. ഗംഗയിലും യുമനയിലും മാത്രമല്ല, എന്തോ എവിടെയൊക്കെയോ ചീഞ്ഞുമണക്കുന്നുണ്ട്.
അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ക്കു വിരുദ്ധമായ രീതിയില്‍ ആദിത്യനാഥിന്റെ 'ഭരണാധിപ ദിവ്യാത്ഭുതം' കൊട്ടിഘോഷിക്കുന്ന രീതിയില്‍ വേള്‍ഡ് ഹെല്‍ത്ത് ഓള്‍ഗനൈസേഷന്‍ ആദിത്യനാഥിനെ പ്രശംസിച്ചതും നീതി ആയോഗ് ട്വീറ്റ് ചെയ്തതുമൊക്കെ തലങ്ങും വിലങ്ങും സോഷ്യല്‍ മീഡിയയില്‍ പറക്കുന്നുണ്ട്. ഇതിനിടെ മോദി സര്‍ക്കാരിനെ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് വിമര്‍ശിക്കുകയും ചെയ്തു. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ ചില അന്തര്‍നാടകങ്ങള്‍ നടക്കുന്നുണ്ടെന്ന് ആരും സംശയിക്കുക സ്വാഭാവികം. മുന്‍പൊരിക്കലും കേട്ടുകേള്‍വി പോ
ലുമില്ലാത്ത വിധത്തില്‍ തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്ന ചില നീക്കങ്ങള്‍ക്ക് ആദിത്യനാഥും തുടക്കമിട്ടു. കൊവിഡ് മൂലം അന്തരിച്ച അലിഗഡ് സര്‍വകലാശാലയിലെ അധ്യാപകര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി ആദിത്യനാഥ് നേരിട്ടെത്തി. ഈ സര്‍വകലാശാല അടിച്ചുതകര്‍ക്കാന്‍ സി.എ.എ വിരുദ്ധ പ്രക്ഷോഭകാലത്ത് തന്റെ എല്ലാ ഭരണസംവിധാനങ്ങളും ഉപയോഗപ്പെടുത്തിയ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. വര്‍ഗീയ വിഷപ്രചാരണത്തില്‍ ഇന്ത്യാ ചരിത്രത്തില്‍ സമശീര്‍ഷരില്ലാത്ത ആദിത്യനാഥ് പൊടുന്നനെ 'മതേതര പുണ്യവാള'നാകുന്നതാണ് കാണാനുള്ളത്. അതിലടങ്ങിയ അപകട സാധ്യതകള്‍ മനസിലാക്കിയ 'ഗോദി' മീഡിയ രംഗത്തിറങ്ങിയതാണോ എന്തോ, സര്‍ക്കാര്‍ അംഗീകരിച്ചതല്ലാത്ത കണക്കുകള്‍ പ്രസിദ്ധീകരിക്കരുതെന്ന ഉത്തരവിനെ മറികടന്ന് പതുക്കെയെങ്കിലും ഇന്ത്യയിലെ മാധ്യമങ്ങള്‍ ജനങ്ങളോട് വസ്തുതകള്‍ പറയാന്‍ തുടങ്ങുകയാണ്.
രോഗത്തെയും മരണത്തെയും കുറിച്ചുള്ള കണക്കുകളും ചികിത്സാ ദൗര്‍ലഭ്യത്തെ കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകളും ആദിത്യനാഥിനു മറച്ചുപി
ടിക്കാന്‍ എളുപ്പമുണ്ടായിരുന്നു. കാട്ടറബികളെ പോലും ലജ്ജിപ്പിക്കുന്ന യു.പിയിലെ 'സനാതന' കണ്ടുകെട്ടല്‍ നിയമങ്ങള്‍ മാത്രം മതിയായിരുന്നു അതിന്. അതേസമയം ബന്ധുക്കള്‍ക്ക് മൃതദേഹങ്ങളെ ഒളിപ്പിച്ചുവയ്ക്കാന്‍ അത്ര എളുപ്പം കഴിയുന്നുണ്ടായിരുന്നില്ല. നദീതീരങ്ങളില്‍ കൊവിഡ് ബാധിതരുടേതെന്ന് സംശയിക്കപ്പെടുന്ന മൃതദേഹങ്ങള്‍ കുന്നുകൂടാനാരംഭിച്ചതോടെ ശവശരീരങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ സംസ്‌കരിക്കാന്‍ പെട്ടെന്നുതന്നെ ഉത്തരവ് പാസാക്കാനും ഇനിയങ്ങോട്ട് ഇവ നദിയില്‍ ഒഴുക്കാതിരിക്കാനും
പെട്ടെന്നൊന്നും വെളിയില്‍ വരാത്തവിധം കുഴിച്ചിടാനുമായി 5,000 രൂപവീതം സംസ്‌കാര ചടങ്ങുകള്‍ക്ക് ധനസഹായം പ്രഖ്യാപിക്കാനും യു.പി മുഖ്യമന്ത്രി തയാറായി. 'പുണ്യനദികളും പേമാരിയുമൊക്കെ പുറത്തുവിടുന്ന കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന്' നിയമം പാസാക്കുകയല്ല തന്റെ പതിവ് ശൈലിയനുസരിച്ച് യു.പി മുഖ്യന്‍ ചെയ്തതെന്ന് ശ്രദ്ധിക്കുക. രാഷ്ട്രീയ വളര്‍ച്ചയില്‍ പബ്ലിക് റിലേഷന്‍ പരമപ്രധാനമാണെന്ന് ആരോ അങ്ങേരെ ഉപദേശിച്ചു തുടങ്ങിയെന്ന് തോന്നുന്നു.
ഗവണ്‍മെന്റിനെ കാണ്‍മാനില്ല എന്ന് ഔട്ട്‌ലുക്കില്‍ കവര്‍ സ്റ്റോറി, അമിത് ഷായെ കാണാനില്ലെന്ന് പോലിസ് സ്റ്റേഷനില്‍ പരാതി.... പതുക്കെയെങ്കിലും ഒരു നാടകം ചുരുള്‍ വിരിയുന്നുണ്ട്. വാജ്‌പേയി രോഗബാധിതനായെന്ന് 2002ല്‍ ടൈം മാഗസിനില്‍ കവര്‍ സ്റ്റോറി പ്രത്യക്ഷപ്പെട്ടതുപോലെ. രൂപമാറ്റം വരുന്ന വൈറസിനെ കരുതിയിരിക്കണമെന്ന് ആഹ്വാനം ചെയ്യാനെങ്കിലും പ്രധാനമന്ത്രി പ്രത്യക്ഷപ്പെട്ടപ്പോള്‍ ബംഗാളിലെ പരാജയത്തിനു ശേഷം അമിത് ഷായെ കുറിച്ച് ഈയിടെയായി ഒന്നുംതന്നെ കേള്‍ക്കുന്നുണ്ടായിരുന്നില്ല. ഷായുടെ രാജയോഗം സ്വാഹയായിട്ടുണ്ടെന്നാണ് സംഘ്പരിവാറിനകത്തെ അടക്കംപറച്ചില്‍. കാര്യങ്ങള്‍ ഇത്രയൊക്കെ വ്യക്തിപരമായ തലങ്ങളിലേക്ക് എത്തുമ്പോള്‍ പ്രതികരിക്കുന്ന പതിവാണ് ഷായുടേത്. അദ്ദേഹത്തിനു രോഗമുണ്ടെന്ന് സോഷ്യല്‍ മീഡിയ പ്രചരിപ്പിച്ച കാലത്ത് അമിത് ട്വിറ്ററില്‍ മറുപടി പറഞ്ഞതോര്‍ക്കുക. ഒന്നുകില്‍ വായ തുറക്കാന്‍ ആര്‍.എസ്.എസിന്റെ അനുവാദത്തിനു
കാത്തിരിക്കുകയാണ് ഷാ, അല്ലെങ്കില്‍ വളരെ കടുത്ത പ്രതിസന്ധിയാണ് പാര്‍ട്ടിയിലും സര്‍ക്കാരിലും അദ്ദേഹത്തിനിപ്പോള്‍.
2024നു മുന്‍പേ രാജ്യസഭ തൂത്തുവാരാനുള്ള അവസരമാണ് ബംഗാളില്‍ അമിത് ഷാ കളഞ്ഞുകുളിച്ചത്. ഇപ്പോഴത്തെ അവസ്ഥയിലാണ് കേന്ദ്രഭരണം മുന്നോട്ടുപോകുന്നതെങ്കില്‍ നരേന്ദ്ര മോദിക്ക് കാര്യങ്ങള്‍ അനുകൂലമാക്കിയെടുക്കുക ഒട്ടും എളുപ്പവുമല്ല. ഉപതെരഞ്ഞെടുപ്പുകളെ ബി.ജെ.പി ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു. അവരുടെ ഭരണകൂടങ്ങളുടെ കഴിവില്ലായ്മ രാജ്യത്തുടനീളം ചര്‍ച്ചയാകാന്‍ ആരംഭിച്ചിരിക്കുന്നു. രോഗബാധിതരുടെ കണക്കുകളില്‍ വല്ലാതെയൊന്നും കാപട്യം കാണിക്കാതെ തന്നെ മഹാരാഷ്ട്ര സര്‍ക്കാര്‍ രണ്ടാംതരംഗത്തെ പിടിച്ചുകെട്ടാന്‍ തുടങ്ങി. പഞ്ചാബും ചത്തീസ്ഗഢുമൊക്കെ കൊവിഡ് നിയന്ത്രണത്തില്‍ ജനങ്ങളുടെ വിമര്‍ശനങ്ങളെ അതിജീവിച്ചു തുടങ്ങി. എന്നാല്‍ ബി.ജെ.പി ഭരിക്കുന്ന ഒറ്റ സംസ്ഥാനത്തു പോലും ആശാവഹമായ ചിത്രമല്ല നിലവിലുള്ളത്. കോണ്‍ഗ്രസിനെ അട്ടിമറിച്ച് ബി.ജെ.പി ഭരണം പിടിച്ചെടുത്ത കര്‍ണാടകയിലും ഗോവയിലുമൊക്കെ ഓക്‌സിജന്‍ പോലും ഉറപ്പുവരുത്താനാവാതെ ജനങ്ങളെ ശ്വാസംമുട്ടിച്ചു കൊല്ലുകയാണ് സര്‍ക്കാരുകള്‍.
മോദിയും ഷായും ആദിത്യനാഥും കഴിഞ്ഞാല്‍ പിന്നെയുള്ള മറ്റൊരു മാതൃകാ ഭരണാധികാരി വിജയ് രൂപാണിയാണ്. എന്നാല്‍ ഗുജറാത്തില്‍ അദ്ദേഹത്തിന്റെ പ്രകടനം മറ്റെല്ലാ മുഖ്യമന്ത്രിമാരേക്കാളും ദയനീയമാണ്. കൊവിഡ് രണ്ടാം തരംഗം ആരംഭിച്ചതില്‍ പിന്നെ 4,218 മരണങ്ങള്‍ സംഭവിച്ചതായാണ് ഗുജറാത്ത് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. ദിവ്യഭാസ്‌കര്‍ എന്ന പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, 1.24 ലക്ഷം മരണസര്‍ട്ടിഫിക്കറ്റുകള്‍ കഴിഞ്ഞ 71 ദിവസങ്ങള്‍ക്കിടയില്‍ സംസ്ഥാനത്ത് പുറപ്പെടുവിച്ചതായാണ്. രാജ്യത്തെ മാതൃകാ സംസ്ഥാനമായി ബി.ജെ.പി വാഴ്ത്തുന്ന, പ്രധാനമന്ത്രിയുടെ സ്വന്തം കര്‍മഭൂമിയായ ഗുജറാത്തില്‍ തന്നെ സര്‍ക്കാര്‍ പറയുന്നതും യഥാര്‍ഥ മരണനിരക്കും തമ്മിലുള്ള വ്യത്യാസം ഏകദേശം 30 മടങ്ങ് അധികമുണ്ടെന്നല്ലേ ഇതിനര്‍ഥം? സന്ദേശ് ദിനപത്രത്തിന്റെ ലേഖകര്‍ അഹമ്മദാബാദ് കൊവിഡ് ആശുപത്രിക്കു പുറത്ത് 17 മണിക്കൂര്‍ കാവലിരുന്ന് തയാറാക്കിയ മറ്റൊരു റിപ്പോര്‍ട്ടില്‍ അന്നത്തെ സര്‍ക്കാര്‍ കണക്കുപ്രകാരം വെറും 20 പേര്‍ മാത്രം മരണത്തിനു കീഴടങ്ങിയപ്പോള്‍ ഇവര്‍ എണ്ണിയത് 63 മൃതദേഹങ്ങള്‍ പുറത്തേക്ക് കൊണ്ടുപോകുന്നതാണ്. ഓരോ മൃതദേഹങ്ങളും കൊണ്ടുപോയ വാഹനങ്ങളുടെ നമ്പറുകളും സമയവും സഹിതമായിരുന്നു ഈ വാര്‍ത്ത.
സൂറത്ത്, രാജ്‌കോട്ട്, ജുനഗഡ് തുടങ്ങിയ ജില്ലകളില്‍ നിന്നൊക്കെ മൂടിവച്ച സര്‍ക്കാര്‍ കണക്കുകളെ കുറിച്ച ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ജാംനഗറിലെ ഗുരുഗോബിന്ദ് സിങ് ആശുപത്രിയില്‍ എപ്രില്‍ 10 മുതല്‍ 13 വരെ കൊവിഡ്മൂലം വെറും ഒരാള്‍ മാത്രം മരിച്ചുവെന്ന് ആശുപത്രി രേഖകള്‍ അവകാശപ്പെട്ടപ്പോള്‍ നൂറിലധികം മരണം നടന്നുവെന്ന് പ്രാദേശിക ചാനലായ 'ഖബര്‍ ഗുജറാത്ത്' റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിലെ മൂന്ന് ശ്മശാനങ്ങളില്‍ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം ഈ ദിവസങ്ങളില്‍ മറവുചെയ്തവരുടെ മാത്രം കണക്കനുസരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നാണ് ചാനലിന്റെ ലേഖകനായ പരി ആഹിര്‍ വ്യക്തമാക്കിയത്. നാലു സമീപജില്ലകളിലെ രോഗികള്‍ ആശ്രയിക്കുന്ന ഈ കൊവിഡ് സ്‌പെഷല്‍ ഹോസ്പിറ്റലില്‍നിന്ന് മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോയ ശവശരീരങ്ങളുടെ കണക്ക് അവര്‍ക്കു ശേഖരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
സൂറത്തില്‍നിന്ന് പുറത്തുവന്ന ഒരു റിപ്പോര്‍ട്ടില്‍ നഗരത്തിലെ വെളിമ്പ്രദേശങ്ങളില്‍ ആളുകള്‍ കൂട്ടമായി ചിതയൊരുക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടായിരുന്നു. എന്നാല്‍ ചുരുങ്ങിയത് 700 പേരെയെങ്കിലും പ്രതിദിനം ദഹിപ്പിക്കാന്‍ ശേഷിയുള്ള ശ്മശാനങ്ങള്‍ നഗരത്തിലുണ്ടായിരുന്നു. ഒന്നുകില്‍ ഈ സംവിധാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലുമധികം ആളുകള്‍ മരണപ്പെട്ടിരുന്നു. അല്ലെങ്കില്‍ ആളുകള്‍ക്ക് ഈ സംവിധാനങ്ങളെ ആശ്രയിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളാണ് സൂറത്തില്‍ നിലനിന്നത്. രണ്ടായാലും കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള ശവസംസ്‌കാരങ്ങളാണ് നഗരത്തില്‍ നടന്നുകൊണ്ടിരുന്നതെന്നിരിക്കെ അസ്ഥികളിലേക്കുവരെ പടര്‍ന്നുകയറുന്ന ഒരുതരം ഭീതി ഈ കണക്കുകള്‍ പുറത്തുവിടുന്നുണ്ടായിരുന്നു.
കുംഭമേളയും പുണ്യനദികളില്‍ ചത്തുമലച്ച കൊവിഡ് രോഗികളും ഓക്‌സിജന്‍ ക്ഷാമവും ഗ്രാമങ്ങളിലെ ഭീകരാന്തരീക്ഷവും ബി.ജെ.പി സര്‍ക്കാരുകളുടെ മുഖത്തുപതിപ്പിച്ച പാപക്കറകള്‍ക്കിടയിലും ആദിത്യനാഥ് പുണ്യവാളനാകുന്നത് അത്ര ലളിതമായ ഒരു രാഷ്ട്രീയ സംഭവവികാസം ആകാനിടയില്ലെന്നര്‍ഥം. ഒന്നുകില്‍ പ്രധാനമന്ത്രിക്കസേരയില്‍നി
ന്ന് മോദിയെ മാറ്റണമെന്ന ആവശ്യക്കാരോടുള്ള ഒരുതരം വ്യംഗ്യമായ ഭീഷണിയാണത്. അല്ലെങ്കില്‍ അതൊരു നേര്‍ക്കുനേരെയുള്ള കടുംവെട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."