HOME
DETAILS
MAL
ഈ മനുഷ്യത്വത്തില്‍ അനാഥമാകില്ല ഒരു മൃതദേഹവും വിഖായ പ്രവര്‍ത്തകര്‍ സംസ്‌കരിച്ചത് 1,034 മൃതദേഹങ്ങള്‍
backup
May 16 2021 | 21:05 PM
കാളികാവ്: ഉറ്റവരുടെ സാന്നിധ്യമില്ലെങ്കിലും മതാചാരപ്രകാരമുള്ള അന്ത്യകര്‍മങ്ങള്‍, കുഴികളിലേക്ക് തോണ്ടിയിടാതെ, ചിതയിലേക്ക് വലിച്ചെറിയാതെ മഹാമാരി ജീവനെടുത്ത ഓരോ ശരീരത്തിനും അര്‍ഹിക്കുന്ന മാന്യത അവസാന നിമിഷങ്ങളിലും... ജാതിയ്ക്കും മതത്തിനുമപ്പുറം മനുഷ്യത്വത്തിന്റെ മഹാഭേരി മുഴക്കി എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവര്‍ത്തകര്‍ കര്‍മനിരതരാണ്.
കൊവിഡ് മരണം ബന്ധുക്കളെപോലും നിസഹായരാക്കുമ്പോഴാണ് മൃതദേഹങ്ങള്‍ അതത് മതാചാരപ്രകാരം തന്നെ അന്ത്യകര്‍മങ്ങള്‍ ചെയ്തു സംസ്‌കരിക്കാനായി വിഖായ പ്രവര്‍ത്തകര്‍ തുണയാകുന്നത്.
സംസ്ഥാനത്തിനകത്തും പുറത്തുമായി 1,034 മൃതദേഹങ്ങള്‍ ഇതിനോടകം വിഖായ പ്രവര്‍ത്തകര്‍ സംസ്‌കരിച്ചു. സംസ്ഥാനത്തിന് പുറത്ത് ദക്ഷിണ കന്നട, നീലഗിരി, കൊടക് എന്നിവിടങ്ങളിലും വിഖായ സേവന രംഗത്തുണ്ട്. എസ്.കെ.എസ്.എസ്.എഫ് വിഖായ സംസ്ഥാന സമിതിക്കു കീഴില്‍ 364 പ്രവര്‍ത്തകരാണ് കര്‍മരംഗത്തുള്ളത്.
റമദാനിലും ഇവര്‍ പ്രവര്‍ത്തന രംഗത്തുനിന്ന് പിന്‍മാറിയില്ല. പല ദിവസങ്ങളിലും അത്താഴം കഴിക്കാതെ, സമയത്തിന് നോമ്പു തുറക്കാന്‍ പോലും സാധിക്കാതെ അവര്‍ നിശബ്ദസേവനം തുടര്‍ന്നു. പി.പി.ഇ കിറ്റ് ധരിച്ച് കഴിഞ്ഞാല്‍ സേവനചിന്ത മാത്രമാണവര്‍ക്കുള്ളത്.
ഇതിനിടയില്‍ വിശപ്പിനും ദാഹത്തിനും സ്ഥാനമില്ല. ഒരുരൂപ പോലും പ്രതിഫലം ആഗ്രഹിക്കാതെയാണ് വിഖായ പ്രവര്‍ത്തകരുടെ സേവനം.
ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേരെ സംസ്‌കരിച്ചത്. 271 പേരെ. മലപ്പുറത്ത് വിവിധ മതങ്ങളില്‍പ്പെട്ട 238 പേരെയും ഇതിനോടകം സംസ്‌കരിച്ചു. കൊവിഡ് ബാധിച്ച് മരിച്ച പ്രമുഖ പണ്ഡിതരായ മരക്കാര്‍ ഫൈസി, കാളാവ് സൈതാലി മുസ്‌ലിയാര്‍, ടി.കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ പരിയാപുരം തുടങ്ങിയവരേയും വിഖായ പ്രവര്‍ത്തകരാണ് ഖബറടക്കിയത്. ഗോവയില്‍ മരണപ്പെട്ട ആലപ്പുഴ സ്വദേശി നേവി ഉദ്യോഗസ്ഥന്‍ ടി. പ്രമോദ്, മലപ്പുറം മുണ്ടുപറമ്പിലെ കൊയിലാണ്ടി രാധ, ചോക്കാട് ടി.കെ കോളനിയിലെ ജോണ്‍ തുടങ്ങിയവരെ സംസ്‌കരിച്ചതും വിഖായ പ്രവര്‍ത്തകര്‍ തന്നെ.
കൊവിഡ് ഭീതിയിലായതിനാല്‍ പല മഹല്ലുകളിലും സാധാരണ മരണാനന്തര കര്‍മവും വിഖായ പ്രവര്‍ത്തകര്‍ തന്നെയാണ് നിര്‍വഹിക്കുന്നത്.
സേവനം ആരാധനയാണെന്ന തിരിച്ചറിവാണ് വിഖായ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ഊര്‍ജം. സന്നദ്ധ പ്രവര്‍ത്തകരടക്കം പേടിച്ച് മാറി നില്‍ക്കുമ്പോഴാണ് വിഖായ പ്രവര്‍ത്തകര്‍ എത്തുന്നത്.
ബന്ധുക്കള്‍ ആഗ്രഹിക്കുന്ന രീതിയില്‍ തന്നെ മൃതദേഹം മറവുചെയ്ത് നന്ദി വാക്കിന് പോലും കാത്തുനില്‍ക്കാതെ അടുത്ത കര്‍മസ്ഥലത്തേക്ക് നീങ്ങുകയാണവര്‍. മരിച്ച ഉടനെ തന്നെ സംസ്‌കാരം നടത്തേണ്ടതിനാല്‍ രാവെന്നോ പകലെന്നോ വിഖായ പ്രവര്‍ത്തകര്‍ നോക്കാറില്ല. പാതിരാത്രികളില്‍ അരണ്ട വെളിച്ചത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തുമ്പോള്‍ സാക്ഷികളായി പോലും ആരും ഉണ്ടാവാറില്ല.
കൊവിഡിനെതിരേയുള്ള പോരാട്ടത്തില്‍ മാറ്റിനിര്‍ത്താന്‍ കഴിയാത്ത നിശബ്ദ പോരാളികളാണ് എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവര്‍ത്തകര്‍. മനസറിഞ്ഞ് ഇവര്‍ക്ക് നല്‍കാം ഒരു ബിഗ് സല്യൂട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."