രാജ്യത്തെ ഹിജാബ് ധരിച്ച ആദ്യ പൈലറ്റ് സയ്യിദ സല്‍വ ഫാതിമ പറയുന്നു; തീവ്രമായ ആഗ്രഹം എന്റെ സ്വപ്നം സാക്ഷാത്കരിച്ചു
ഹൈദരാബാദ്: പണമില്ലാത്തതിനാല്‍ ചെറുപ്പത്തില്‍ വിമാനടിക്കറ്റ് എടുക്കാന്‍ പോലും കഴിവില്ലാതിരുന്ന ദരിദ്ര മുസ്ലിം പെണ്‍കുട്ടിക്ക് എത്ര ഉയരത്തിലുള്ള സ്വപ്നം കാണാം? ഹൈദരാബാദിലെ മൊഗല്‍പുരയില്‍ ബേക്കറി കടക്കാരന് സയ്യിദ് അഷ്ഫാഖ് അഹമ്മദിന്റെ നാലുമക്കളില്‍ മൂത്ത കുട്ടിയായ സയ്യിദ സല്‍വ ഫാതിമയോടാണ് ഈ ചോദ്യമെങ്കില്‍ അതിന് ഉത്തരം ആകാശത്തോളം ഉയരത്തിലുള്ള സ്വപ്നം എന്നാണ്. കാരണം ആകാശത്തിലൂടെ സല്‍വ ഇന്ന് വിമാനം പറത്തുകയാണ്, ഇന്ത്യയിലെ ആദ്യ ഹിജാബ് ധാരിയായ പൈലറ്റ് എന്ന ബഹുമതിയോടെ.
ഒന്നര പതിറ്റാണ്ട് മുമ്പ് വിദ്യാര്‍ഥികളുടെ യോഗത്തില്‍ 'എന്റെ ആഗ്രഹം പൈലറ്റ് ആവുകയാണ്' എന്ന ശബ്ദം കേട്ട് ചടങ്ങിനെത്തിയ പലരും ഹിജാബ് ധരിച്ച പെണ്‍കുട്ടിയെ നോക്കിയതാണ്. പക്ഷേ ആ പെണ്‍കുട്ടി ഒഴികെ മറ്റെല്ലാവരും ആഗ്രഹം അവിടെ വച്ചുമറന്നെങ്കിലും അത് സഫലീകരിക്കും വരെ സല്‍വക്ക് വിശ്രമമുണ്ടായില്ല. ഒടുവില്‍ രാജ്യത്തെ കൊമേഴ്ഷ്യല്‍ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കിയവരുടെ പട്ടികയില്‍ സല്‍വയുടെ പേര് കൂടി ഉള്‍പ്പെട്ടതോടെ, തീവ്രമായ ആഗ്രഹം ഏതു സ്വപ്നവും സാക്ഷാല്‍കരിക്കുമെന്ന് അവര്‍ തെളിയിച്ചു.
പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കാനുള്ള വഴികള്‍ ഒട്ടും എളുപ്പമായിരുന്നില്ലെന്ന് 34 കാരി സല്‍വ ഓര്‍ക്കുന്നു. പണമില്ലാത്തതിനാല്‍ പഠനം മുടങ്ങുമോയെന്ന ആശങ്ക പലതവണ ഉണ്ടായി. ഒരിക്കല്‍ പ്രിന്‍സിപ്പല്‍ അലീഫിയ ഹുസൈനും മറ്റൊരിക്കല്‍ പ്രൊഫ. സംഗീതയും സ്വന്തം പോക്കറ്റില്‍നിന്ന് പണമെടുത്ത് കൊടുത്തത് സല്‍വ മറന്നിട്ടില്ല. തെലങ്കാന ഏവിയേഷന്‍ അക്കാദമിയിലെ ആദ്യ വനിതാ ഓഫിസറാണ് സെല്‍വ. 2012ല്‍ അക്കാദമിയില്‍ പഠനം പൂര്‍ത്തിയാക്കി. അടുത്തവര്‍ഷം പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കി.
എന്നാല്‍ അത് മതിയായിരുന്നില്ല. മള്‍ട്ടി എന്ജിന് വിമാനം പറത്താനുള്ള പരിശീലനവും നേടണം. പ്രായം 24 ആയതിനാല്‍ വീട്ടുകാര്‍ വിവാഹം കഴിപ്പിച്ചു. വൈകാതെ ഗര്‍ഭിണിയായി. ഉന്നതപഠനത്തിന് തെലങ്കാന സര്‍ക്കാര്‍ 35 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പ് അനുവദിക്കുമ്പോള്‍ സല്‍വ നാലുമാസം ഗര്‍ഭിണിയായിരുന്നു. പിന്നീട് മള്‍ട്ടി എന്ജിന് വിമാനം പറത്താനുള്ള പരിശീലനവും പൂര്‍ത്തിയാക്കി. ഇന്ന് രണ്ടുമക്കളുടെ മാതാവാണവര്‍. പക്ഷേ കോക്പിറ്റില്‍ ആയിരിക്കുമ്പോള്‍ വീട്ടുചിന്തകളില്ല സല്‍വ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."