വിവാദങ്ങളിലേക്കില്ല; താൽപര്യം വികസന രാഷ്ട്രീയത്തിൽ
ഡോ. ജോ ജോസഫ്/ സുനി അൽഹാദി
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയതുമായി ബന്ധപ്പട്ട വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഇടതുമുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫ്. ജനങ്ങൾക്കു മുന്നിൽ വികസന രാഷ്ട്രീയം അവതരിപ്പിച്ച് വോട്ട് വാങ്ങാനാണ് ശ്രമിക്കുന്നത്. ജനങ്ങൾ അത്യാവേശത്തോടെയാണ് തന്നെ സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ വിജയ പ്രതീക്ഷ നൂറ്റമ്പത് ശതമാനമാണ്. തൃക്കാക്കര നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിലെ ഇടതുപക്ഷ മുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫുമായി സുപ്രഭാതം നടത്തിയ അഭിമുഖത്തിൽ നിന്ന്.
? സ്ഥാനാർഥിയായി നിശ്ചയിച്ചതിലെ വിവാദങ്ങൾ കെട്ടടങ്ങിയിട്ടില്ല. ഇതിനെ എങ്ങനെയാണ് നേരിടുന്നത്.
=വിവാദങ്ങൾ സംബന്ധിച്ച് പ്രതികരിക്കാനില്ല. പോസിറ്റീവായി ഒന്നും പറയാനില്ലാത്തവരാണ് നെഗറ്റീവായ ഇത്തരം കാര്യങ്ങളുടെ പിന്നാലെ പോവുന്നത്. എന്നാൽ നാടിന്റെ നേട്ടങ്ങളുമായി ബന്ധപ്പെട്ട് മുമ്പോട്ടു പോകുമ്പോൾ പോസിറ്റീവ് ആയിട്ടേ കാര്യങ്ങൾ ചിന്തിക്കുകയും വിലയിരുത്തുകയും ചെയ്യാനുള്ളൂ. അതാണ് നാടിന് ഗുണകരവും.
? സഭയുടെ നോമിനിയാണെന്ന പ്രചാരണം ശക്തമാണ്...?
= അത്തരം പ്രചാരണങ്ങൾക്കൊക്കെ അപ്പോൾ തന്നെ മറുപടി പറഞ്ഞതാണ്. സഭയുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതുകൊണ്ട് ഞാൻ സഭയുടെ നോമിനിയാകണമെന്നില്ല. ഇത്തരം വിവാദങ്ങൾക്കൊക്കെ മറുപടി പറയേണ്ടത് പാർട്ടി നേതൃത്വമാണ്. അതവർ കൃത്യമായി നിർവഹിച്ചിട്ടുമുണ്ട്. അതിനൊന്നും തുടർ വിശദീകരണം ആവശ്യമാണെന്ന് തോന്നുന്നേ ഇല്ല.
? സ്ഥാനാർഥിയാക്കുന്നതിൽ ബാഹ്യ ഇടപെടൽ ഉണ്ടായി എന്നാണ് ആരോപണം. ആദ്യ വാർത്താ സമ്മേളനത്തിൽ പുരോഹിത സാന്നിധ്യമുണ്ടായതും വിവാദമായിരിക്കുകയാണ്.
= ഞാൻ പറഞ്ഞില്ലേ, അത്തരം കാര്യങ്ങൾക്കൊക്കെ പാർട്ടി നേതൃത്വം മറുപടി പറഞ്ഞു കഴിഞ്ഞുവെന്ന്. എന്നെ ഏൽപിച്ച ദൗത്യം വിവാദങ്ങൾക്ക് മറുപടി പറയുകയല്ല. വികസന രാഷ്ട്രീയം മുന്നോട്ടുവച്ച് പ്രചാരണ രംഗത്ത് സജീവമാകുകയാണ്. വിവാദത്തിന്റെ പിന്നാലെ പോകാൻ താൽപര്യമില്ല. പകരം ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങളിൽ ഊന്നി പ്രചാരണ രംഗത്ത് നേരെ നിൽക്കും. ഇതാണ് ലക്ഷ്യം.
? പ്രചാരണം ദിവസങ്ങൾ പിന്നിട്ടുകഴിഞ്ഞല്ലോ. എന്താണ് അനുഭവം?
= ജനങ്ങൾക്കിടയിൽ ഇറങ്ങുന്നത് ഇതാദ്യമല്ല. നേരത്തെയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ സ്ഥാനാർഥിയെന്ന നിലക്ക് വികസന രാഷ്ട്രീയമാണ് മുന്നോട്ടു വെക്കുന്നത്. അത് ആവേശത്തോടെയാണ് ജനങ്ങൾ സ്വീകരിക്കുന്നത്. പാർട്ടി പ്രവർത്തകരും സുഹൃത്തുക്കളുമെല്ലാം സജീവമായി രംഗത്തുണ്ട്. അതുകൊണ്ടുതന്നെ പൂർണ വിജയ പ്രതീക്ഷയുമുണ്ട്.
? പ്രചാരണ രംഗത്ത് എന്താണ് മുന്നോട്ടുവയ്ക്കുന്നത്.
= നേരത്തെ പറഞ്ഞല്ലോ; വികസന രാഷ്ട്രീയംതന്നെയാണ് വാഗ്ദാനം. ആരോഗ്യ സേവന രംഗത്ത് കേരളം വികസിത രാജ്യങ്ങളേക്കാൾ മുന്നിലാണ്. എന്നാൽ, അടിസ്ഥാന വികസന കാര്യങ്ങളിൽ ഇനിയും മുന്നേറാനുണ്ട്. അത്തരം കാര്യങ്ങളിലായിരിക്കും ജനങ്ങളുമായി സംവദിക്കുക.
? രാഷ്ട്രീയ അനുഭവം
= ചെറുപ്പം മുതൽതന്നെ ഇടത് രാഷ്ട്രീയത്തോടാണ് അടുപ്പം. വിദ്യാർഥി കാലത്ത് എസ്.എഫ്.ഐയിൽ അംഗത്വമെടുത്തിട്ടില്ലെങ്കിലും ആഭിമുഖ്യം ഇടതിനോടായിരുന്നു. പിതാവും ഇടതുപക്ഷ രാഷ്ട്രീയത്തിലായിരുന്നു. ഇടതുപക്ഷം ഹൃദയപക്ഷം എന്നതുതന്നെയാണ് നിലപാട്. ജനങ്ങളുടെ വേദനകളും ആവലാതികളും മനസിലാക്കി പരിഹരിക്കാൻ ഇടതുപക്ഷത്തിനേ കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."