ശശി: ഒരു പേരല്ല, അവസ്ഥയാണ്
ജീർണിച്ച അധികാര കേന്ദ്രം ആസ്പദമാക്കി കാവാലം നാരായണപ്പണിക്കർ രചിച്ച ഒരു നാടകമുണ്ട്; 'അഗ്നിവർണന്റെ കാലുകൾ'. അതിലെ കൊട്ടാരം വിദൂഷകൻ ഇങ്ങനെ പറയുന്നുണ്ട്: തോഴരാണ് തുല്യം ചാർത്തുന്നതെങ്കിലും എഴുത്തൊക്കെ ഞാൻ തന്നെ'.
മന്ത്രിസഭകൾ മാറുമ്പോഴും കുഞ്ചികസ്ഥാനത്ത് തുടരുന്ന ഇന്ത്യൻ അധികാര സേവകരായ ഉദ്യോഗസ്ഥരുടെ പ്രതിനിധിയാണ് ഈ വിദൂഷകൻ. ഇത്തരം ഉദ്യോഗസ്ഥർ റിട്ടയർ ചെയ്യും മുറക്ക്, ആത്മകഥകൾ പ്രസിദ്ധീകരിക്കാൻ നിന്നാൽ രാഷ്ട്രീയ നേതൃത്വം കുഴങ്ങിയതുതന്നെ.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറുടെ പദവിയിലിരിക്കെ കൂടുതൽ ശ്രദ്ധേയനായ ടിക്കാറാം മീണയുടെ ആത്മകഥയുടെ പേര് 'തോൽക്കില്ല ഞാൻ' എന്നാണ്. പക്ഷേ, തന്നെ തോൽപിക്കാൻ വേണ്ടി തന്നെയാണ് ഇതെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പദവിയിലേക്ക് തിരിച്ചെത്തിയ പി. ശശിക്ക് തോന്നാതിരിക്കില്ല. തൃശൂർ കലക്ടറായിരിക്കെ വ്യാജ കള്ള് നിർമാതാക്കൾക്കെതിരേ നടപടിയെടുത്തത് അന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി. ശശിക്ക് ഇഷ്ടപ്പെട്ടില്ലെന്നും അദ്ദേഹം ഇടപെട്ട് സ്ഥലം മാറ്റിയെന്നുമാണ് ടിക്കാറാം മീണ എഴുതിവച്ചിരിക്കുന്നത്. വയനാട് കലക്ടറായിരിക്കെ നിർമിതി കേന്ദ്രത്തിന്റെ ഫണ്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നത്തിൽ പിടിച്ച് സസ്‌പെൻഡ് ചെയ്തതും ശശിയുടെ ഇടപെടലിലാണ് എന്നു കൂടി രേഖപ്പെടുത്തിയ ആത്മകഥയുടെ ഒന്നാം ഭാഗമാണ് വെളിച്ചം കണ്ടിരിക്കുന്നത്. ഈ ആത്മകഥയ്ക്ക് ഇനിയെത്ര ഭാഗമുണ്ടാകും? ആരെല്ലാം എന്തെല്ലാം അതിനകത്തു കയറിക്കൂടിയേക്കും എന്നൊന്നും ഒരു നിശ്ചയവുമില്ല. തന്നെപ്പറ്റിയുള്ള പരാമർശങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ 50 ലക്ഷം രൂപ മൂല്യമുള്ള മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ശശി വക്കീൽ നോട്ടിസ് അയച്ചെങ്കിലും പ്രയോജനമുണ്ടായില്ല. പുസ്തകത്തിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. സർക്കാർ ആവശ്യപ്പെട്ട മാറ്റങ്ങൾ വരുത്തിയാണ് പുസ്തകം പ്രസിദ്ധീകരിച്ചതെങ്കിൽ പി. ശശിയുടെ തടസവാദത്തിന് എന്തു പ്രസക്തി? എന്തോ എവിടെയോ തിളക്കുന്നുണ്ട്.
ഉന്നതോദ്യോഗസ്ഥരുടെ ആത്മകഥകൾക്ക് വിപണി മൂല്യമുണ്ട്. അവർക്ക് എന്തും എഴുതാം, ജനം വിശ്വസിക്കും. സംസ്ഥാന വിജിലൻസ് മേധാവിയായിരുന്ന ജേക്കബ് തോമസ്, ഒരു കാലത്ത് അഴിമതി വിരുദ്ധനെന്ന് ഖ്യാതി പെട്ടെങ്കിലും ഇന്ന് വലിയ അഴിമതിക്കേസിന്റെ നിഴലിലാണ്. 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന ആത്മകഥ അദ്ദേഹത്തിന്റേതായി വന്നു. സ്വർണക്കടത്ത് കേസിൽ പ്രതിയായി ജയിലിൽ കിടന്ന ശിവശങ്കരന്റെ 'അശ്വത്ഥാമാവ് വെറും ഒരു ആന' സ്വപ്നയുടെ കൂടുതൽ വെളിപ്പെടുത്തലോടെ അബദ്ധമായോ? ജേക്കബ് തോമസിനും ശിവശങ്കരനും എതിരേ കേസുണ്ട്. ടി.പി സെൻകുമാറിന്റെ 'എന്റെ പൊലിസ് ജീവിതം' വലിയ പൊട്ടിത്തെറി ഉണ്ടാക്കിയിട്ടില്ല. കെ.എം എബ്രഹാമും ലോക്‌നാഥ് ബെഹ്‌റയുമെല്ലാം സർവിസ് സ്റ്റോറിയെഴുതിയാൽ എന്താകുമോ എന്തോ!
രാജസ്ഥാനിലെ കാട് ചേർന്നുള്ള കുഗ്രാമമായ സാവായ് മധോപൂരിലെ കർഷക കുടുംബാംഗമായ ടിക്കാറാം മീണയുടേത് സത്യസന്ധമായ ജീവിതമായിരുന്നുവെന്നതിന് 'തോൽക്കില്ല ഞാൻ' പ്രകാശനം ചെയ്ത ശശി തരൂരും കെ. ജയകുമാറും സാക്ഷ്യം. തോൽക്കുകയോ ജയിക്കുകയോ ചെയ്യാം, അഭിമന്യുവിനെ പോലെ പൊരുതണം എന്നാണ് പിതാവ് ജയ്‌റാം മീണ എന്ന കർഷകൻ പഠിപ്പിച്ചതെന്ന് ടിക്കാറാം പറയുന്നു. 1957ൽ ജവഹർലാൽ നെഹ്‌റുവിന്റെ പ്രസംഗം കേട്ടതാണ് ജയ്‌റാം മീണ. കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടതിനെ പറ്റി. ആറു മക്കളിൽ രണ്ടു പേർക്ക് വിദ്യാഭ്യാസം നൽകാനേ പിതാവിന് കഴിഞ്ഞുള്ളൂ. നാൽപത് പശുക്കളും കൃഷി ചെയ്താൽ മാത്രം പുലരുന്ന ജീവിതവുമായിരുന്നു കുടുംബത്തിന്റെ സ്വത്ത്. പത്തു കിലോമീറ്റർ അകലെയുള്ള സ്‌കൂളിലേക്ക് പുഴ കടന്നുപോകണം. മൂത്ത സഹോദരൻ രത്തൻ ലാൽ മീണ ഐ.പി.എസുകാരനായി. നാലു സഹോദരങ്ങൾ ഇപ്പോഴും കൃഷി ചെയ്തു ജീവിക്കുന്നു. നാട്ടിലെത്തിയാൽ ടിക്കാറാമും കൃഷീവലനാകും. സഹോദരങ്ങളോട് ഐക്യപ്പെട്ട് വീട്ടിൽ നിലത്തിരുന്നാണ് ഭക്ഷണം കഴിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഗാന്ധിജിക്കും ടിക്കാറാമിനും പതിനാലാം വയസിലായിരുന്നു വിവാഹം. ടിക്കാറാം മീണയുടെ ഭാര്യ അഞ്ചാം തരത്തിനപ്പുറം സ്‌കൂളിൽ പോയിട്ടില്ല.
കേരളത്തിൽ ആദ്യം നിയമിതനായത് മലപ്പുറം സബ് കലക്ടറായിട്ട്. തൃശൂരും വയനാട്ടിലും ജില്ലാകലക്ടറായി. പല വകുപ്പുകളിൽ സെക്രട്ടറി. 2000-2007ൽ കേന്ദ്ര സർവിസിലേക്ക് ചേക്കേറൽ. കേന്ദ്ര പ്ലാനിങ് കമ്മിഷനിൽ സേവനം ചെയ്തു. കേരളത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷണറായിരിക്കെ ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കുന്നതിനെ ചൊല്ലി ബി.ജെ.പി നേതാക്കളോട് കൊമ്പ് കോർത്തു. ഇരട്ട വോട്ടർമാരുടെ വിഷയത്തിൽ സി.പി.എമ്മിനും അതൃപ്തിയായി. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് കമ്മിഷണറായിരിക്കെ വിരമിക്കാനായില്ല.
മുപ്പത്തിനാല് വർഷത്തെ സർവിസിനിടെ കുറെ മുഖ്യമന്ത്രിമാരെ കണ്ടു. അതിൽ മികച്ചയാൾ പിണറായി വിജയൻ ഒന്നിലും ഇടപെടില്ല. മുഖ്യമന്ത്രിയായി ഇഷ്ടം പക്ഷേ വി.എസിനെ. കരുണാകരൻ കർക്കശക്കാരനാണ്. ഭക്ഷ്യവകുപ്പിലുണ്ടായിരിക്കെ ടി.എച്ച് മുസ്തഫ സർവിസ് ബുക്കിൽ രേഖപ്പെടുത്തിയ കളങ്കം മായ്ച്ചു കിട്ടാൻ എ.കെ ആന്റണിയെ കണ്ടു. കാര്യമുണ്ടായില്ല. ഇ.കെ നായനാരാണ് അതു പരിഹരിച്ചത്. അതേ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ 'സർവിസ് ' ബുക്കിൽ ഇപ്പോൾ ഇങ്ങനെയൊരു മുദ്ര ചാർത്തിയത് ഒത്തുവന്നപ്പോൾ തലക്കിട്ടു തന്നെ ചാമ്പിയതോ, അതോ സ്വന്തം ജീവിതം ഹൃദയ രക്തംകൊണ്ടു കളങ്കമില്ലാതെ എഴുതിയതോ!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."