വോട്ടുകൾ ഏകീകരിക്കപ്പെടുമെന്ന് ആശങ്ക സഭയെ നോവിക്കാതിരിക്കാൻ കരുതലോടെ കോൺഗ്രസ്
സുനി അൽഹാദി
കൊച്ചി
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ക്രൈസ്തവ സഭയെ നോവിക്കാതിരിക്കാൻ കരുതലോടെ കോൺഗ്രസ് നേതൃത്വവും. ഇതിന്റെ ഭാഗമായി സഭയെ ന്യായീകരിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ രംഗത്തിറങ്ങി. സിറോ മലബാർ സഭയെ വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്ന പ്രതീതിയുണ്ടായാൽ സഭാ അനുകൂല വോട്ടുകൾ ഇടതുപക്ഷത്ത് ഏകീകരിക്കപ്പെടുമെന്ന ആശങ്കയാണ് കാരണം.
തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർഥി നിർണയത്തിൽ സഭയുടെ ഇടപെടൽ ഉണ്ടായെന്നും അതുകൊണ്ടാണ് സി.പി.എം ജില്ലാ നേതൃത്വം സ്ഥാനാർഥയായി നിശ്ചയിച്ച അഡ്വ. കെ.എസ് അരുൺ കുമാറിനെ മാറ്റി ഡോ. ജോ ജോസഫിനെ പാർട്ടി രംഗത്തിറക്കിയതെന്നുമുള്ള പ്രചാരണം ശക്തമാണ്. സഭയ്ക്കുള്ളിൽ തന്നെ ഇതുസംബന്ധിച്ച വിവാദങ്ങളുണ്ടുതാനും.
കോൺഗ്രസ് നേതൃത്വവും പരോക്ഷമായി ഈ വിവാദത്തെ പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ പരസ്യമായി അക്കാര്യം പറഞ്ഞ് സഭയെ പിണക്കേണ്ടതില്ല എന്നതാണ് നിലപാട്. ഇടത് സ്ഥാനാർഥി നിർണയത്തിൽ ബാഹ്യ ഇടപെടലുണ്ടായി എന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സഭയുടെ പേരു പറയാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. ഇന്നലെ ഈ വിവാദത്തിലേക്ക് സഭയെ താൻ വലിച്ചിഴച്ചിട്ടില്ല എന്ന വിശദീകരണവുമായി വീണ്ടും രംഗത്തുവരികയും ചെയ്തു.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും സഭയെ വേദനിപ്പിക്കാതിരിക്കാൻ ശ്രദ്ധിച്ചു. പാർട്ടിയെ പ്രതിനിധീകരിച്ച് ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നവർക്കും ഇതു സംബന്ധിച്ച നിർദേശം നൽകി.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭയെ വലിച്ചിഴക്കരുതെന്ന പ്രസ്താവനയുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ഇടത് സ്ഥാനാർഥിയുടെ സഭാ ബന്ധം ചർച്ചയാക്കുന്നത് തിരിച്ചടിയാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഡൊമിനിക് പ്രസന്റേഷനും പറഞ്ഞു.
പ്രചാരണ യോഗങ്ങളിലും ഈ വിഷയം ഉന്നയിക്കേണ്ടതില്ലെന്ന് പ്രാദേശിക നേതാക്കൾക്കും നിർദേശം നൽകിയിട്ടുണ്ട്. പി.ടി തോമസ് മുന്നോട്ടുവച്ച വികസന പദ്ധതികളുടെ പൂർത്തീകരണം, സിൽവർലൈൻ ഉൾപ്പെടെയുള്ള പദ്ധതികളിലെ ജനവിരുദ്ധത തുടങ്ങിയ കാര്യങ്ങളിലൂന്നി പ്രചാരണം മുന്നോട്ടുകൊണ്ടുപോകാനാണ് നിർദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."