പാചകവാതക വില; കത്തിക്കയറി 1006.50
ന്യൂഡൽഹി/ കൊച്ചി
ഇന്ധന വിലവർധനയിൽ ദുരിതത്തിലായ സാധാരണക്കാരുടെ കഴുത്തിൽ വീണ്ടും കത്തിവച്ച് കേന്ദ്ര സർക്കാർ. ഗാർഹിക പാചകവാതകവില ഇന്നലെ ഒറ്റയടിക്ക് 50 രൂപ വർധിപ്പിച്ചു.
ഇതോടെ കേരളത്തിൽ സിലിണ്ടറിന് 1006.50 രൂപയായി. സബ്‌സിഡിയില്ലാതെ ഗാർഹിക സിലിണ്ടറിന് 1,000 രൂപക്ക് മുകളിൽ വില എത്തുന്നത് ഇതാദ്യമായാണ്. 2014 ജനുവരിയിൽ പാചകവാതക വില 1,241 രൂപയിൽ എത്തിയിരുന്നു. എന്നാൽ അപ്പോൾ 600 രൂപ സബ്‌സിഡിയായി ഉപഭോക്താക്കൾക്ക് തിരിച്ചു ലഭിച്ചിരുന്നു. രണ്ടു മാസത്തിനിടെ രണ്ടാമത്തെ വർധനവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഈമാസമാദ്യം വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറിന് 102.50 രൂപ വർധിപ്പിച്ചിരുന്നു. പുതിയ വർധനവോടെ രാജ്യത്ത് മിക്കയിടത്തും 14.2 കിലോയുടെ സബ്‌സിഡിയില്ലാത്ത ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വില 1,000 കടന്നു. തിരുവനന്തപുരത്ത് 1,009 രൂപയും ലഖ്‌നൗവിൽ 1,037 രൂപയുമാണ് നിലവിലെ വില. ഡൽഹിയിലിത് 999.50 ആണ്. കൊൽക്കത്ത, ചെന്നൈ, ബംഗളൂരു നഗരങ്ങളിലെല്ലാം വില 1,000 കടന്നിട്ടുണ്ട്.
മാർച്ച് 22നായിരുന്നു ഇതിനു മുമ്പ് എൽ.പി.ജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചത്. അന്നും 50 രൂപയായിരുന്നു കൂട്ടിയത്. ഏപ്രിലിൽ വർധനയില്ലാത്ത ആശ്വാസത്തിലിരിക്കുമ്പോഴാണ് വീണ്ടും 50 രൂപയുടെ വർധന.
നിലവിൽ 19 കിലോയുടെ വാണിജ്യ എൽ.പി.ജി സിലിണ്ടറിന് 2,355.50 രൂപയാണ്. വിലവർധനയോടെ ഹോട്ടലുകളും റസ്‌റ്റോറന്റുകളും ഭക്ഷ്യവസ്തുക്കളുടെ വില കൂട്ടാനുള്ള തയാറെടുപ്പിലാണ്. രാജ്യത്ത് പെട്രോൾ, ഡീസൽ വില നൂറ് കടന്ന് ജനം പൊറുതിമുട്ടുന്നതിനിടെയാണ് പാചകവാതക വിലയും റെക്കോർഡിലെത്തിയത്. റഷ്യ-ഉക്രൈൻ സംഘർഷത്തിന്റെ പേരിലാണ് ഇപ്പോൾ ഇന്ധന വിലവർധന ഏർപ്പെടുത്തുന്നത്. അതേസമയം ഇന്ത്യക്ക് കുറഞ്ഞ നിരക്കിൽ അസംസ്‌കൃത എണ്ണ നൽകാൻ റഷ്യ സമ്മതിക്കുകയും എണ്ണ ഇറക്കുമതി തുടങ്ങുകയും ചെയ്‌തെങ്കിലും അതിന്റെ ഗുണം പൊതുജനങ്ങളിലെത്തിയിട്ടില്ല.
കഴിഞ്ഞ വർഷം ജനുവരിക്ക് ശേഷം മാത്രം സിലിണ്ടറിന് 250 രൂപയുടെ വർധനയുണ്ടായിട്ടുണ്ട്. വിറകടുപ്പുകളിൽ നിന്നും പാചകവാതകത്തിലേക്ക് മാറിയ ലക്ഷക്കണക്കിന് സാധാരണ കുടുംബങ്ങൾക്ക് വലിയ ബാധ്യതയാണ് ഇതുണ്ടാക്കുന്നത്. വില ഇനിയും ഉയർന്നാൽ സാധാരണക്കാർ വിറകടുപ്പിലേക്ക് തിരിച്ചുപോകേണ്ടി വരും.
എൽ.പി.ജി സിലിണ്ടറിൻ്റെ മാത്രമല്ല വീടുകളിലേക്ക് പൈപ്പുകളിലെത്തുന്ന പ്രകൃതി വാതകത്തിന്റെ വിലയും കഴിഞ്ഞ ദിവസം യൂനിറ്റിന് നാലേകാൽ രൂപ കമ്പനികൾ കൂട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."