ഗുഹാമനുഷ്യരുടെ കൂടെ
പെരിന്തല്‍മണ്ണയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെ മേലാറ്റൂര്‍ റോഡില്‍ മണ്ണാര്‍മലക്ക് സമീപമുള്ള പീടികപ്പടിയില്‍നിന്ന് ചെങ്കുത്തായ വഴിയിലൂടെ മൂന്ന് കിലോമീറ്റര്‍ മലകയറിയാണ് ചീനിക്കപ്പാറ ആളര്‍ കോളനിയില്‍ എത്തിച്ചേര്‍ന്നത്. മലയില്‍ ടാര്‍പോളിന്‍ കൊണ്ട് മറച്ചുകെട്ടിയ ഒരു കുടിലില്‍ ഇപ്പോള്‍ അഞ്ചു മക്കളും അപ്പനും അമ്മയും അടങ്ങുന്ന കുടുംബമാണ് താമസിക്കുന്നത്. മൂത്ത മകന്‍ സുന്ദരന് വയസ് 17. രണ്ടാമത്തേത് കൃഷ്ണന്‍, മൂന്നാമത്തെ കുട്ടി സുന്ദരി, നാലാമത് കുഞ്ഞുകുട്ടന്‍. ഇവരൊന്നും സ്‌കൂളിന്റെ പടികണ്ടിട്ടില്ലെന്ന് അച്ഛന്‍ ബിജുവും അമ്മ ലക്ഷ്മിയും പറയുന്നു. അഞ്ചാമത്തെ കുട്ടിക്ക് ഒന്നര വയസുണ്ട്. കാട്ടിലെ കായ്കനികളും തേനുമൊക്കെ ശേഖരിക്കലാണ് മക്കള്‍ക്ക് പണി- ബിജു പറയുന്നു. സര്‍ക്കാര്‍ ഹോസ്റ്റല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവിടെ താമസിച്ചു പഠിക്കാന്‍ കുട്ടികള്‍ ഇഷ്ടപ്പെടുന്നില്ല. അവര്‍ക്ക് വീട്ടില്‍ നിന്നും മാറിനിന്ന് പഠിക്കാന്‍ പേടിയാണ്. പുറത്തുനിന്നുള്ളവര്‍ എത്തിയാല്‍ വീട്ടിലോ തൊട്ടടുത്തുള്ള കല്ലളയിലോ പോയി ഒളിക്കും.
കാട്ടിലും മലയിലെ കുടിലിലുമായി ഇവരുടെ ജീവിതം തളച്ചിടപ്പെട്ടിട്ടും കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഉദ്യോഗസ്ഥരാരും എത്താറില്ല. വനവിഭവങ്ങള്‍ ശേഖരിച്ചു വിറ്റുകിട്ടുന്ന പണം കൊണ്ടാണ് ജീവിതം. ഇവിടെ ആറ് കുടുംബങ്ങള്‍ താമസിക്കുന്നു. ഒരു കുടുംബമൊഴിച്ചു ബാക്കിയെല്ലാം പ്രായമായ സ്ത്രീകളാണ്. 60 വയസ് തോന്നിക്കുന്ന നീലി ചെറിയ മാനസികപ്രയാസം അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഇവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നടത്താന്‍ ആരുമില്ല.
പതിറ്റാണ്ടുകളായി അവഗണനയുടെ കയ്പുനീര്‍ കുടിക്കാന്‍ വിധിക്കപ്പെട്ടവരാണ് ചേരിയംമലയിലെ കുമാരഗിരി എസ്റ്റേറ്റില്‍ ഗുഹാജീവിതം നയിക്കുന്ന ആദിവാസികള്‍. കടുത്ത വേനല്‍ച്ചൂടിലും കനത്ത മഴയിലും ഒരുപോലെ രോഗവും പട്ടിണിയുമായി മല്ലിട്ട് കഴിയുകയാണിവര്‍. കള്ളിക്കല്‍ കോളനിയിലെ ആറ് ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്ന വാഗ്ദാനം ഇതുവരെ നടപ്പായിട്ടില്ല. ഒരുവര്‍ഷം മുമ്പാണ് സര്‍ക്കാര്‍ അഞ്ച് സെന്റ് ഭൂമി വീതം പ്രഖ്യാപിച്ചത്.
ആളര്‍ കുടുംബങ്ങള്‍ കുമാരഗിരി എസ്റ്റേറ്റിലെ പാറമടയിലും അതിനോട് ചേര്‍ന്ന സ്ഥലത്തുമാണ് താമസിക്കുന്നത്. മലമുകളില്‍ നിന്നുള്ള നീര്‍ച്ചാലുകളെയാണ് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. മഴക്കാലത്ത് നനയാതെ കിടക്കാന്‍ ഇടമില്ല. ദുര്‍ഘടപാത താണ്ടിയാണ് കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത്. രോഗം വന്നാല്‍ ആശുപത്രിയിലെത്താന്‍ വളരെയധികം പ്രയാസപ്പെടുന്നതായി കോളനിനിവാസികള്‍ പറയുന്നു.
മണ്ണാര്‍മല ചീനിക്കപ്പാടം, അമ്മിനിക്കാട്, പാണമ്പി, താഴേക്കോട് അരക്കുപറമ്പ്, മങ്കട ചേരിയംമല, മുള്ളന്‍മടക്ക്് എന്നിവിടങ്ങളിലായാണ് ആളര്‍ താമസിക്കുന്നത്. ഇവിടെയെല്ലാം കൂടി ഇരുനൂറില്‍ താഴെയാളുകളാണുള്ളത്. പട്ടികവര്‍ഗ വകുപ്പ്, കിര്‍ത്താഡ്‌സ്, ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലും ഇവരുടെ വ്യക്തമായ കണക്കില്ല. ആളരെ മുഴുവന്‍ കാട്ടുനായ്ക്കരാക്കിയതിനും തെളിവില്ല. ഓരോ വര്‍ഷവും ജനസംഖ്യയില്‍ കുറവ് ഉണ്ടായിക്കൊണ്ടിരിക്കുന്നു. പുതിയ തലമുറയില്‍ കുഞ്ഞുങ്ങള്‍ ജനിക്കുന്നത് വളരെ കുറവാണെന്നാണ് മണ്ണാര്‍മലയിലെ 60കാരി പുള്ളയും 70കാരി മാതക്കയും പറയുന്നത്.
ആദിവാസി ക്ഷേമത്തിനായി സര്‍ക്കാരുകള്‍ കോടികള്‍ ചെലവഴിക്കുമ്പോള്‍ മണ്ണാര്‍മല ചീനിക്കപ്പാടം ആദിവാസി കോളനിയിലെ ആളര്‍ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. കുടിവെള്ളമില്ല, വീടില്ല, റോഡില്ല, വെളിച്ചമില്ല, കക്കൂസില്ല. കൃത്യമായി ഭക്ഷണവും ഇവര്‍ക്ക് ലഭിക്കുന്നില്ല. പാറയിലാണ്് അന്തിയുറക്കം. മഴക്കാലത്ത്് താമസവും ഭക്ഷണമുണ്ടാക്കലും കല്ലളകളിലാണ്. ഇവരെ കിര്‍ത്താഡ്‌സ് പട്ടികവര്‍ഗത്തില്‍ ഉള്‍പ്പെടുത്തി കാട്ടുനായ്ക്കരാക്കി മാറ്റിയിട്ടുണ്ട്്്്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് മാത്രമല്ല, നാട്ടില്‍ നിന്ന് ഒറ്റപ്പെട്ട് മലമുകളില്‍ കഴിയുന്നതിനാല്‍ സന്നദ്ധസംഘടനകളുടെ സഹായഹസ്തങ്ങളും ഇവര്‍ക്ക് എത്താറില്ല. ആധാര്‍ കാര്‍ഡും കിട്ടിയിട്ടില്ല. ഇവരുടെ കണക്കു സെന്‍സസ് രേഖകളില്‍ കാണാനും പ്രയാസമാണ്.
രേഖയിലില്ലാത്ത സമൂഹം
നരവംശ ശാസ്ത്രജ്ഞനായ എ.എ.ഡി ലൂയിസ് ട്രൈബ്‌സ് ഓഫ് കേരള എന്ന പുസ്തകത്തില്‍ ആളര്‍ ഗോത്രവിഭാഗത്തെകുറിച്ച് പഠിച്ചെഴുതിയതിങ്ങനെ: മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കില്‍ മാത്രം കാണുന്ന ഗോത്രസമൂഹമാണ് ആളര്‍. നെന്മേനി, കാര്യവട്ടം അംശത്തിലെ മണ്ണാര്‍മല, അമ്മിനിക്കാട്, താഴെക്കോട്, മാങ്ങോട്, അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലത്തിലുള്ള അമ്മിനിക്കാട് മലയുടെ വടക്കേ ചെരിവുകള്‍, കക്കൂത്ത് അംശത്തിലെ പുണ്ണിയാകുറിശി എന്നിവിടങ്ങളിലാണ് ഇവരുടെ താവളങ്ങള്‍. അമ്മിനിക്കാട് മല കൊടിതൂക്കി മലയെന്നും വിളിക്കപ്പെടുന്നു. ബ്രിട്ടിഷുകാരുടെ കാലത്ത് ഭൂമിയുടെ അളവെടുക്കാന്‍ വേണ്ടി കൊടി തൂക്കിയിരുന്നതില്‍ നിന്നാണ് പേരിന്റെ ഉല്‍പ്പത്തി. അത്തരം സ്ഥലപ്പേരുള്ള മലകള്‍ മലവാരത്ത് പലേടങ്ങളിലുമുണ്ട്. ഇവരുടെ കൃത്യമായ കണക്കെടുപ്പ് നടന്നിട്ടില്ല. ഒരു പ്രത്യേക സമൂഹമെന്ന നിലയില്‍ ഇവയെ ഔദ്യോഗികമായി പരിഗണിച്ചിട്ടില്ല. ഇവരുടെ ആകെ ജനസംഖ്യ ഇരുനൂറില്‍ താഴെയേ വരുവെന്നാണ് ഊഹിക്കപ്പെടുന്നത്. ഇവരെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിലോ പിന്നോക്ക സമുദായങ്ങളിലോ ഉള്‍പ്പെടുത്തിയിട്ടുമില്ല. അതായത്, രേഖയിലില്ലാത്ത ഒരു സമൂഹം.
അളയില്‍ കഴിയുന്നവര്‍
ആളര്‍ എന്ന പേര് സൂചിപ്പിക്കുന്നത് അവര്‍ ഗുഹാമനുഷ്യരായിരുന്നുവെന്നാണ്. അളയില്‍ താമസിക്കുന്നവരെന്നാണ് ഇവരുടെ ഗോത്രനാമത്തിന്റെ അര്‍ഥം. അള+അര്‍=അളാര്‍. കേരളത്തിലെ ഗോതവര്‍ഗ ഭാഷകളില്‍ ഗുഹയെ സൂചിപ്പിക്കാന്‍ അള, കല്ലടി, പുടവ്, അള്ള്, ശാലൈ തുടങ്ങിയ വാക്കുകളാണുപയോഗിക്കുന്നത്. ആളര്‍ക്കിഷ്ടം അവരെ ചാത്തന്‍ എന്നു വിളിക്കുന്നതാണ്. ചാത്തനെന്നത് കേരളത്തില്‍ താഴ്ന്ന ജാതിക്കാരില്‍ പൊതുവെ കണ്ടുവരുന്ന ഒരു പേരാണ്. ചാത്തന്‍ എന്ന പേരില്‍ കീഴാളര്‍ക്കിടയില്‍ ഒരു ദേവതയുമുണ്ട്. കള്ള്, ബീഡി, മുറുക്കാന്‍ തുടങ്ങിയ നിവേദ്യങ്ങളാണ് ചാത്തന്‍പ്രീതിക്കുവേണ്ടി സമര്‍പ്പിക്കുന്നത്. ഇവരുടെ സ്ത്രീകളെ കുറുംബിയെന്ന് വിളിക്കുന്നു. കുറുംബനും കുറുംബിയും കീഴാളര്‍ക്കിടയില്‍ പ്രചുരമായ വ്യക്തിനാമങ്ങളാണ്. ഇത് ഒരുപക്ഷേ, ആളര്‍ക്ക് അട്ടപ്പാടിയിലെ കുറുംബരുമായും കുന്നുമായുമുള്ള പാരമ്പര്യബന്ധത്തെയും സൂചിപ്പിക്കുന്നുണ്ടാകാം.
ഇരുണ്ട കറുപ്പു നിറവും ഇളം കറുപ്പും തവിട്ടുനിറവുമുള്ളവര്‍ ഇവര്‍ക്കിടയിലുണ്ട്. ഇടത്തരം ഉയരവും പരന്ന മൂക്കും തടിച്ച ചുണ്ടുകളും നീണ്ട കൈകളും ചുരുണ്ടതോ തരംഗിതമോ ആയ മുടിയും ആളരുടെ പ്രത്യേകതയാണ്. അവര്‍ മലയാളഭാഷ കുറച്ചും തമിഴും തുളുവും കലര്‍ത്തി അവരുടെ രീതിയിലും സംസാരിക്കുന്നു. ആളര്‍ ഭാഷയാണ് ഇവരുടെ തനത് ഭാഷ. കാടരെയും മലയരെയും പോലെ ഇവരും മണ്ണില്‍ നിന്ന് പിറന്നവരാണെന്ന് വിശ്വസിക്കുന്നു. അതായിരിക്കാം ചാത്തന്‍ എന്ന പേരിന്റെ ഉല്‍പ്പത്തിക്കുള്ള കാരണം.
നഗ്നരായി സഞ്ചാരം
ആളരുടേത് അണുകുടുംബ വ്യവസ്ഥയാണ്. തീണ്ടാരിവിലക്കുകള്‍ ആചരിക്കുന്നുണ്ട്. കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി പൊതുസമൂഹത്തില്‍ പ്രത്യക്ഷപ്പെടുന്ന അവര്‍ ഉള്‍ക്കാടുകളില്‍ നഗ്നരായി സഞ്ചരിക്കാറുണ്ട്. ആണിനും പെണ്ണിനും ആഭരണങ്ങളോട് ഭ്രമമുണ്ട്. മാംസാഹാരികളാണെങ്കിലും പോത്തിനെയും കാലികളെയും തിന്നാറില്ല. അരനാടരേയും കാടരെയും പോലെ ഇവരും പശുവിനെ കാണുന്നതും ചാണകം ചവിട്ടുന്നതും അശുദ്ധിയായി കരുതുന്നു.
ഡോ. അയ്യപ്പന്‍ ആളരെ ശിലായുഗാവശിഷ്ടങ്ങളായ പ്രാചീന ഗോത്രവര്‍ഗങ്ങളില്‍ ഉള്‍പ്പെടുത്തുന്നു. ഇവരും ആസ്ത്രലോയ്ഡുകളുടെ ആധുനിക പ്രതിനിധികളാണ്. അവര്‍ക്ക് കഴിഞ്ഞ ദശകം വരെ കൃഷിയെപ്പറ്റി ഒരറിവുമുണ്ടായിരുന്നില്ല. ഇവരുടെ പൂര്‍വികര്‍ ശിലാഗുഹകളിലാണ് താമസിച്ചിരുന്നതെന്ന് ഇവര്‍ക്കറിയാം.
വിവാഹം
ആളര്‍ക്കിടയില്‍ പ്രത്യേക വിവാഹ സമ്പ്രദായമൊന്നുമില്ല. വിവാഹം നടക്കുന്നെങ്കില്‍ അത് വധുവിന്റെ വീട്ടില്‍ വച്ചാണ്. പ്രസവാനന്തരമുള്ള വിലക്കുകളും കുറവാണ്. ബഹുഭര്‍തൃത്വവും ബഹുഭാര്യത്വവും അടുത്ത രക്തബന്ധുക്കളുമായുള്ള ലൈംഗികബന്ധവും തെറ്റായി ഇവര്‍ കാണുന്നില്ല. വിവാഹത്തിന് പ്രത്യേക പ്രായവുമില്ല. പ്രായപൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഇഷ്ടമുള്ള പെണ്ണിനെ വിവാഹം ചെയ്യാം. പ്രായപൂര്‍ത്തിക്കടിസ്ഥാനം ശാരീരിക വളര്‍ച്ചയാണ്. തുടര്‍ന്ന് ഇഷ്ടമുള്ളയാളിന് വിവാഹം ചെയ്തു കൊടുക്കുകയോ അവള്‍ക്ക് ഇഷ്ടമുള്ളയാളിനോടൊപ്പം ഇണചേരുകയോ ചെയ്യാം. അടുത്തകാലത്തായി ഇതിന് ചില മാറ്റങ്ങള്‍ വരുകയും പെണ്‍പണം നിശ്ചയിക്കുകയും ചെയ്തതോടെ സ്വതന്ത്ര ലൈംഗിക ബന്ധങ്ങള്‍ക്ക് ഒരു വ്യവസ്ഥയൊക്കെ വന്നിട്ടുണ്ട്.
അഞ്ചു രൂപയാണ് പെണ്‍പണം. ഇത് വരന്റെ സാമ്പത്തികശേഷിക്കനുസരിച്ച് മാറാറുണ്ട്. താലി കെട്ടണമെന്ന് നിര്‍ബന്ധമില്ല. ചിലര്‍ നിറമുള്ള മുത്തുകള്‍ കോര്‍ത്ത് താലികെട്ടാറുമുണ്ട്. വധുവും വരനും മൂത്തവരുടെ സാന്നിധ്യത്തില്‍ പരസ്പരം ഊട്ടുന്നതാണ് പ്രധാന ചടങ്ങ്. അച്ഛനും മകളും തമ്മിലും അമ്മയും മകനും തമ്മിലും സഹോദരീ സഹോദരന്മാര്‍ തമ്മിലുമുള്ള ലൈംഗികവേഴ്ചയും ഇവരിലുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇവയിലൊക്കെ മാറ്റമുണ്ടായിട്ടുണ്ട്. തീണ്ടാരിയുമായി ബന്ധപ്പെട്ട അശുദ്ധി ഇവര്‍ക്കിടയിലില്ല.
വിവാഹമോചനത്തിനു പ്രശ്‌നമില്ല. ആര്‍ക്കെങ്കിലും ഒരുമിച്ചുള്ള ജീവിതം വേണ്ടെന്ന് തോന്നിയാല്‍ അവര്‍ക്ക് ഒഴിഞ്ഞുപോകുന്നതിന് തടമൊന്നുമില്ല. കുട്ടികളെ ഭാര്യക്കോ ഭര്‍ത്താവിനോ വളര്‍ത്താം.
ശവമടക്കം
ഇവരുടെ വിശ്വാസമനുസരിച്ച് ഒരാള്‍ മരിച്ചുകഴിഞ്ഞാല്‍ ആ കുടില്‍ തന്നെ കത്തിച്ചുകളയണം. ശവം വളരെ ആഴത്തില്‍ കുഴിച്ചിടുന്നതിന് അവര്‍ ശ്രദ്ധിക്കുന്നു. ജഡത്തെ ശവക്കുഴിയില്‍ തെക്കോട്ട് തലവച്ചാണ് കിടത്തുന്നത്. ജഡത്തോടൊപ്പം ഭാര്യ-ഭര്‍ത്താവും മറ്റു ബന്ധുക്കളുമൊക്കെ അനുയാത്ര ചെയ്യുന്നു. സ്ത്രീകളും പുരുഷന്മാരും വിലാപയാത്രയെ അനുഗമിക്കുന്നു. ശവമടക്കുന്നതിന് വലിയ ചടങ്ങുകളൊന്നുമില്ല. ശവത്തെ പൊതിഞ്ഞ് പച്ചിലകള്‍ വയ്ക്കുന്നു. ജഡത്തെ കോടിപുതപ്പിക്കുന്ന ചടങ്ങ് ഓര്‍മിപ്പിക്കുന്ന തരത്തിലാണ് പച്ചിലകള്‍ കൊണ്ട് മൂടുന്നത്. ജഡം ശ്മശാനത്തിലെത്തിയ ശേഷമേ കുഴിവെട്ടുകയുള്ളൂ. ശവമാടത്തില്‍ ഓര്‍മയ്ക്കായി ഒന്നും സൂക്ഷിക്കുന്ന പതിവില്ല. കുറുംബരെയും മലപ്പണ്ടരാങ്ങളെയും പോലെ ആളരും മരിച്ചവരെ മറന്നുകളയുന്നു. ആളര്‍, കാട്ടുനായ്ക്കര്‍, അരനാടര്‍ എന്നിവര്‍ ശിലായുഗത്തിന്റെ പിന്തുടര്‍ച്ചക്കാരാണെന്ന കാര്യത്തില്‍ തനിക്കൊരു സംശയവുമില്ലെന്നു ഡോ. അയ്യപ്പന്‍ വ്യക്തമാക്കുന്നുണ്ട്.
മഞ്ചാടിക്കുരു പൂജ
ആളര്‍ മലയെയും പാറകളെയും നദികളെയുമൊക്കെ ആരാധിക്കുന്നു. മഞ്ചാടിക്കുരുവിനെ പൂജിക്കുന്നത് സാധാരണമാണ്. പണ്ടെല്ലാം കടുവയുടെ കാല്‍പ്പാദങ്ങളെ പൂജിക്കാറുണ്ടായിരുന്നെങ്കിലും ഇപ്പോഴുള്ളവര്‍ കടുവയെ കണ്ടിട്ടുപോലുമില്ല. മലക്കൊറത്തിയെയും ആരാധിക്കുന്നു. മലങ്കൊറവനും മലങ്കൊറത്തിയും പൊതുവില്‍ പ്രകൃത്യാരാധകരുടെയെല്ലാം ആരാധനാപാത്രമാണ്. ഇത് ആളര്‍ക്ക് കുറവരുമായുള്ള ബന്ധത്തെയാകാം സൂചിപ്പിക്കുന്നത്. കുറവനും കുറുംബനെപോലെ കുന്നുമായി ബന്ധപ്പെട്ടവരാണ്.
ആളര്‍ക്ക് ധാരാളം ഗോത്രഗാനങ്ങളും നൃത്തരൂപങ്ങളുമുണ്ട്. കുഴലും ചെണ്ടയുമാണ് പ്രധാന വാദ്യോപകരണങ്ങള്‍. അവ അവര്‍ സ്വയം നിര്‍മിക്കുന്നവയാണ്. ഇവര്‍ ദുര്‍മന്ത്രവാദത്തിലും മാന്ത്രികവിദ്യകളിലും സമര്‍ഥരാണ്. ദുര്‍ദേവതകളില്‍ നിന്നും പിശാചുക്കളില്‍ നിന്നും രക്ഷനേടുന്നതിന് മന്ത്രവാദം പ്രയോജനപ്പെടുന്നുമെന്നാണിവരുടെ വിശ്വാസം.
ആളര്‍ സമുദായം
വംശനാശത്തിലേക്ക്:
ചിത്ര നിലമ്പൂര്‍
മണ്ണാര്‍മല ചീനിക്കപ്പാറയില്‍ താമസിക്കുന്ന ആളര്‍ സമുദായം വംശനാശത്തിലേക്ക് നീങ്ങുകയാണെന്ന് ആദിവാസി ഐക്യവേദി സംസ്ഥാന അധ്യക്ഷ ചിത്ര നിലമ്പൂര്‍ പറയുന്നു. വനത്തിനുള്ളില്‍ ഗുഹാമനുഷ്യരായി കഴിഞ്ഞിരുന്ന ഏഴോളം കുടുംബങ്ങള്‍ ഉണ്ടായിരുന്നിടത്ത് ഇന്ന് ആകെ മൂന്ന് കുടുംബങ്ങളിലായി പത്തോളം ആളുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. രോഗം വന്നാല്‍ വൈദ്യസഹായമില്ലാതെ മരിച്ചുപോകുന്നതാണ് പതിവ്. മലയുടെ മുകളിലേക്ക് യാത്രാസൗകര്യം ക്ലേശകരമായതിനാല്‍ ലഭിക്കുന്ന റേഷന്‍ പോലും വാങ്ങാന്‍ കഴിയാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."