വിത്തെത്തും കത്തിലൂടെ
കെ. മുബീന
വിത്ത് മുളക്കേണ്ടത് മണ്ണിലല്ല, മനസിലാണ്. മനസില്‍ മുളച്ച വിത്ത് മണ്ണില്‍ വിളയും. പറയുന്നത് കണ്ണൂര്‍ പടന്നപാലം സ്വദേശി പള്ളിവളപ്പില്‍ നിസാമുദ്ദീന്‍. ദിവസേന മണ്ണില്‍ തൂമ്പയെടുത്ത് കിളച്ചു വിത്തുപാകി മുളപ്പിച്ചു പരിപാലിക്കുന്നയാളല്ല നിസാമുദ്ദീന്‍. വിത്തുകള്‍ക്കു ജീവന്‍ നല്‍കുന്നവരിലേക്കു കത്തിലൂടെ സൗജന്യമായി അത് എത്തിക്കുന്ന ദൂതനാവുകയാണ് അദ്ദേഹം.
വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ വിത്തുകളെ കത്തുകളിലാക്കി ആവശ്യക്കാരിലെത്തിച്ചിരുന്നു നിസാമുദ്ദീന്‍. ഇതിനകം ഇന്ത്യക്കകത്തും പുറത്തുമായി നിരവധി വിത്തുകള്‍ കത്തുകളിലാക്കി സൗജന്യമായി നിസാമുദ്ദീന്‍ വിതരണം ചെയ്തിട്ടുണ്ട്. വിത്തു നല്‍കുമ്പോള്‍ അതിനു ജീവന്‍ നല്‍കുമോയെന്ന ഉറപ്പും വിശ്വാസവും ഇദ്ദേഹത്തിനു ലഭിക്കണം. എങ്കിലേ നല്‍കൂ. വിത്തിനെയും മണ്ണിനെയും അറിയുന്നവര്‍ക്ക് മാത്രമാണ് വിത്തു സമ്മാനിക്കുക. വിത്തു മുളച്ച് അവയുടെ ഓരോ മാറ്റവും അദ്ദേഹം നിരന്തരം അറിയാന്‍ ശ്രമിക്കും. കൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ ഫോണിലൂടെ നിസാമുദ്ദീനോട് വിത്തുകള്‍ ആവശ്യപ്പെടും. വിവരം ലഭിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടില്‍ തപാലിലൂടെ വിത്ത് എത്തിയിരിക്കും. ഓരോരുത്തര്‍ക്കുമുള്ള വിത്തുകള്‍ മാറാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. ഇതിനായി പ്രത്യേകം രജിസ്റ്ററും നോട്ടുബുക്കുമുണ്ട്.
50 സെന്റും കൃഷിയും
പ്രത്യേക തരം വിത്തുകളും ചെടികളും കൈയിലെത്തിയാല്‍ നിസാമുദ്ദീന്‍ അവ സ്വന്തം പുരയിടത്തില്‍ തന്നെ നടും. വീടിനു ചുറ്റുമുള്ള 50 സെന്റ് സ്ഥലത്താണ് കൃഷി. ഇവിടം മുഴുവന്‍ വിവിധ മരങ്ങളും ചെടികളും പച്ചക്കറികളുമായി നിറഞ്ഞിരിക്കുകയാണ്. ചതുരപ്പുളി, മലയന്‍ പേര, റംബൂട്ടാന്‍, ഞാവല്‍, പാഷന്‍ ഫ്രൂട്ട്, കറപ്പ, കായം, കൂവ, ചേമ്പ്, പലതരം നാടന്‍ വാഴകള്‍, റസ്റ്റാലി, സീതപ്പഴം വിവിധതരം പപ്പായ, പ്ലാവ്, അത്ത, ബിസിളി, അരിനെല്ലി, സപ്പോട്ട, പലതരം മാവുകള്‍, നെയ്പ്പുല്ല്, കറിവേപ്പില, ലിച്ചി, മാങ്കോസ്ടിന്‍, പേര, മഞ്ഞള്‍, ഇഞ്ചി, കാന്താരി, മുളക്, പുതീന, ചെറി എന്നുവേണ്ട ഇവിടെയില്ലാത്ത വിളകള്‍ അപൂര്‍വമാണ്. പുതിയ പരീക്ഷണകൃഷികളും ഏറെയുണ്ട്. ചില ഗവേഷണത്തിന്റെ തിരക്കിലുമാണിപ്പോള്‍ നിസാമുദ്ദീന്‍. കര്‍ഷകര്‍ക്കായി ക്ലാസുകള്‍, പരിശീലന പരിപാടികള്‍, കര്‍ഷകക്കൂട്ടായ്മകള്‍ തുടങ്ങി മുഴുവന്‍ സമയവും തിരിക്കിലാണ്. മൊബൈലില്‍ സഹായം തേടി പച്ചക്കറി കര്‍ഷകര്‍ എപ്പോഴും വിളിച്ചുകൊണ്ടിരിക്കും. അവര്‍ക്ക് ഉപദേശവും നിര്‍ദേശവും ആവശ്യമെങ്കില്‍ വീടുകളില്‍ സന്ദര്‍ശനവും നടത്തും.
കൃഷിയിലേക്ക്
കുട്ടിക്കാലം മുതല്‍ കൃഷിയോട് താല്‍പര്യമുണ്ടായിരുന്നു. അനിയന്‍ നൂറുദ്ദീനുമായി മത്സരിച്ചാണ് കൃഷി ചെയ്തിരുന്നത്. വിദ്യാര്‍ഥിയായിരിക്കെ കൃഷി ചെയ്ത് അധ്യാപകരുടെയും കുടുംബക്കാരുടെയും ശ്രദ്ധേ നേടി. വെണ്ട, വഴുതന, കയ്പ, പച്ചമുളക് എന്നിവ പറമ്പില്‍ സമൃദ്ധമായി വിളയിച്ചെടുത്തപ്പോള്‍ കൃഷിചെയ്യാനുള്ള ആത്മവിശ്വാസം കൂടി. പിന്നീട് കൃഷിയെക്കുറിച്ച് അറിയാനും പഠിക്കാനുള്ള താല്‍പര്യം വര്‍ധിച്ചു. എന്നാല്‍ വളര്‍ന്നപ്പോള്‍ ബാപ്പയുടെ ബിസിനസ് ഏറ്റെടുക്കേണ്ടി വന്നു. പക്ഷേ, ബംഗളൂരുവില്‍ എത്തിയിട്ടും കൃഷിയോടുള്ള ഇഷ്ടം വിട്ടില്ല. ദീര്‍ഘകാലം അവിടെയായിരുന്നു. ഈ സമയത്തൊക്കെ കാര്‍ഷിക പ്രസിദ്ധീകരണങ്ങളും ബുക്കുകളും വാങ്ങിക്കൂട്ടുമായിരുന്നു. അങ്ങനെയാണ് നാട്ടിലെത്തിയാല്‍ കൂടുതല്‍ സമയം കൃഷിയിലേക്ക് ഇറങ്ങണമെന്ന ചിന്ത വന്നത്. പത്തുവര്‍ഷം മുമ്പാണ് തിരികെ നാട്ടിലെത്തിയത്. വീടുവയ്ക്കാന്‍ സ്ഥലം അന്വേഷിച്ചപ്പോള്‍ പച്ചക്കറികൃഷിക്കുള്ള ഇടവും കണ്ടെത്തി. തന്റെ ഇനിയുള്ള ജിവിതം മുഴുവനായും കൃഷിഗവേഷണവും വിഷരഹിത പച്ചക്കറിയുടെ പ്രചാരണവും പരിചരണവും ലക്ഷ്യമിട്ടാണ് നിസാമുദ്ദീന്‍ പ്രവര്‍ത്തിക്കുന്നത്.
വിത്തുകള്‍ കത്തിലേക്ക്
കച്ചവടം മതിയാക്കി ബംഗളൂരുവില്‍ നിന്നു തിരിച്ചുവരുമ്പോള്‍ തന്നെ നിസാമുദ്ദീന്‍ ആലോചിച്ചിരുന്നു എങ്ങനെയാണ് ആളുകളിലേക്ക് കൃഷിക്കായി വിത്തുകള്‍ എത്തിക്കാന്‍ സാധിക്കുകയെന്നത്. ആദ്യം ജില്ലയ്ക്ക് ഉള്ളിലുള്ള ആളുകളാണ് വിത്തുകളാവശ്യപെട്ട് നിസാമുദ്ദീനെ വിളിച്ചിരുന്നത്. അതുകൊണ്ട് തന്നെ ആവശ്യക്കാര്‍ക്ക് നേരിട്ടെത്തിയാണ് വിത്തുകള്‍ നല്‍കിയിരുന്നത്. പിന്നീട് കണ്ണൂരിന് പുറത്ത് നിന്ന് ആളുകള്‍ വിത്തുകള്‍ ആവശ്യപ്പെട്ടു തുടങ്ങിയപ്പോഴാണ് കത്തുകള്‍ വഴി വിത്ത് അയച്ചുകൊടുക്കാന്‍ തുടങ്ങിയത്. വിത്തിനായി ആളുകള്‍ വിളിക്കുമ്പോള്‍ തന്നെ അവര്‍ക്ക് കൃഷിയോടുള്ള താല്‍പര്യം എത്രത്തോളമെന്ന് മനസിലാകുമെന്നാണ് നിസാമുദ്ദീന്‍ പറയുന്നത്. അതുകൊണ്ട് തന്നെ താല്‍പര്യമനുസരിച്ചാണ് വിത്തുകള്‍ എത്തിച്ച് നല്‍കുന്നത്. കൃഷി നല്ലരീതിയില്‍ ചെയ്യുന്ന ആളുകള്‍ക്ക് രജിസ്റ്റേഡായാണ് വിത്തുകള്‍ അയച്ചുകൊടുക്കുക. ആദ്യകാലത്ത് സുഹൃത്തുക്കളടക്കം നിരവധിയാളുകള്‍ താന്‍ സൗജന്യമായി വിത്തുകളയച്ച് കൊടുക്കുന്നതിനെ വിമര്‍ശിച്ചിരുന്നെന്ന് നിസാമുദ്ദീന്‍ പറയുന്നു. എന്നാല്‍ അതു കാര്യമാക്കാതെ മുന്നോട്ടുപോവുകയായിരുന്നു.
ഫ്രിഡ്ജില്‍ സൂക്ഷിക്കുക
നിസാമുദ്ദീന്റെ വീട്ടിലെത്തിയാല്‍ ഒരു ഫ്രിഡ്ജ് നിറയെ വിത്തുകള്‍ കാണാം. ഇവയാണ് പായ്ക്കറ്റുകളിലാക്കി ആവശ്യക്കാര്‍ക്കായി എത്തിക്കുന്നത്. പച്ചക്കറിയുടെ പല വെറൈറ്റികളും ഇതിലുണ്ട്. വിത്തുകള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ അഞ്ചുവര്‍ഷം വരെ അത് നിലനില്‍ക്കുമെന്നാണ് നിസാമുദ്ദീന്‍ പറയുന്നത്. വിത്തുകള്‍ അയച്ച് കൊടുക്കുമ്പോള്‍ അതിന്റെ പുറത്തായി ദയവായി വിത്തുകള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കണമെന്നും നിസാമുദ്ദീന്‍ എഴുതിവയ്ക്കാറുണ്ട്. ആവശ്യക്കാരുടെ സ്ഥലങ്ങളിലെ കാലവസ്ഥയനുസരിച്ചാണ് ഓരോ വിത്തിനങ്ങളും അയച്ചുകൊടുക്കുന്നത്.
ബംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ച് സെന്റര്‍, പട്ടാമ്പിയിലെ മേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രം, വയനാട് വെജ് മാര്‍ക്ക്, ഡോ. രാജേന്ദ്ര പ്രസാദ് സെന്‍ട്രല്‍ അഗ്രികള്‍ച്ചറല്‍ സര്‍വകലാശാല പൂസ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വെജിറ്റബിള്‍ റിസര്‍ച്ച് സെന്റര്‍, വാരണാസി ഇന്‍ഡോ അമേരിക്കന്‍ ഹൈബ്രീഡ് സീഡ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, തമിഴ്‌നാട് അഗ്രിക്കള്‍ച്ചര്‍ യൂനിവേഴ്‌സിറ്റി, ഐ.എഫ്.എഫ്.ഡി.സി ഹരിയാന തുടങ്ങിയിടങ്ങളില്‍ നിന്നാണ് നിസാമുദ്ദീന്‍ വിത്തുകള്‍ വാങ്ങുന്നത്. ഇവ തരംതിരിച്ച് പ്രത്യേക ഡപ്പികളിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കും. ഒരുദിവസം 15 സ്ഥലങ്ങളിലേക്കെങ്കിലും കത്തുകളിലായി വിത്തുകള്‍ അയച്ചുകൊടുക്കുന്നുണ്ട്.
വിത്തുകള്‍ പലതരം
ഇന്നത്തെ തലമുറയ്ക്ക് കേട്ടുകേള്‍വി പോലുമില്ലാത്ത വിത്തുകളുണ്ട് നിസാമുദ്ദീന്റെ ശേഖരത്തില്‍. പൊട്ടുവെള്ളരി, കസ്തൂരി മേത്തി, ഗ്രീന്‍പീസ്, പാലക്, മല്ലി, ഉലുവ, കാപ്‌സിക്കം, സവാള, സ്വീറ്റ് കോണ്‍, കൊത്തവര, മുള്ളങ്കിയോട് സാമ്യമുള്ള ടര്‍നിപ് തുടങ്ങിയവ നിസാമുദ്ദീന്റെ വിത്തുശേഖരത്തില്‍ ചിലത് മാത്രം.
ഒരു വിളി മതി...
കൃഷി ചെയ്യാന്‍ താല്‍പര്യവും മനസുമുള്ളവര്‍ മാത്രം വിളിച്ചാല്‍ മതിയെന്ന് നിസാമുദ്ദീന്‍. കൃഷിയുടെ ബാലപാഠം നിങ്ങള്‍ക്ക് വിവരിച്ച് തരും. അടുത്ത സ്ഥലങ്ങളിലാണെങ്കില്‍ അവിടെ ഓടിയെത്തും. എങ്ങനെ കൃഷി തുടങ്ങണമെന്നും എങ്ങനെ വളം ചെയ്യണമെന്നും എങ്ങനെ കീടബാധയില്‍ നിന്നും പരിരക്ഷ നേടണമെന്നും പഠിപ്പിക്കും. അതിനാല്‍ നിസാമുദ്ദീന്‍ എപ്പോഴും തിരക്കിലാണ്. മനസില്‍ നന്മയും പ്രതീക്ഷയുമുണ്ടെങ്കില്‍ ചുരുങ്ങിയ സ്ഥലത്ത് ഒരു കുടുംബത്തിലേക്കാവശ്യമായ പച്ചക്കറികള്‍ വിളയിക്കാമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
എങ്ങോട്ടു പോയാലും നിസാമുദ്ദീന്റെ പോക്കറ്റില്‍ വിത്ത് പാക്കറ്റുകള്‍ കാണും. വീട്ടില്‍ വരുന്നവര്‍ തിരിച്ചുപോകുമ്പോള്‍ അവര്‍ക്കും നല്‍കുന്നത് പച്ചക്കറി വിത്തുകളാണ്.
കൃഷിഭവനില്‍ നിന്ന് നല്ല പിന്തുണയാണ് കിട്ടുന്നതെന്ന് നിസാമുദ്ദീന്‍ പറയുന്നു. നിലവില്‍ കണ്ണൂര്‍ ബ്ലോക്ക് കാര്‍ഷിക സമിതി വെസ് ചെയര്‍മാനും കണ്ണൂരില്‍ ഫാര്‍മേഴ്‌സ് എക്സ്റ്റന്‍ഷന്‍ ഓര്‍ഗനൈസേഷന്‍ സെക്രട്ടറിയുമാണ് നിസാമുദ്ദീന്‍. പള്ളിക്കുന്ന് സോണല്‍ പച്ചക്കറി വികസന സമിതി സെക്രട്ടറി, പള്ളിക്കുന്ന് വില്ലേജ് ലീഡ് ഫാര്‍മര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നാഗ്പൂരില്‍ നടന്ന കൃഷി വസന്ത് മേള, എറണാകുളത്ത് നടന്ന ഗ്ലോബല്‍ അഗ്രോമീറ്റ് തുടങ്ങി നിരവധി കാര്‍ഷിക മേളകളില്‍ പങ്കെടുത്തിട്ടുണ്ട്. അങ്ങനെ പുതിയ കാര്‍ഷിക ഉപകരണങ്ങളും സാങ്കേതിക വിദ്യകളും കാണാനും പഠിക്കാനും കഴിഞ്ഞു. ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിലെ തെങ്ങ് നമ്മുടെ നാട്ടില്‍ അത്യുല്‍പാദനക്ഷമതയോടെ കൃഷി ചെയ്യാന്‍ പറ്റുമെന്ന് തെളിയിച്ചു. വീട്ടാവശ്യത്തിനുള്ള ഉള്ളി ഉള്‍പ്പെടെ സ്വന്തം പുരയിട കൃഷിയില്‍ വിളവെടുക്കുന്നു. 25 ഫാം സ്‌കൂള്‍ കര്‍ഷകര്‍ക്കും നാട്ടുകാര്‍ക്കും ഗ്രോബാഗ് പച്ചക്കറി, ജൈവ പച്ചക്കറി തയാറാക്കല്‍ എന്നിവയില്‍ പരിശീലനം നല്‍കി. 2011ലെ കാര്‍ഷിക ദിനത്തില്‍ ജില്ലാപഞ്ചായത്ത് നിസാമുദ്ദീനെ ആദരിച്ചിരുന്നു. സ്വന്തം പറമ്പില്‍ വിളയിച്ച കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഫോട്ടോ പ്രദര്‍ശനവും നടത്തിയിട്ടുണ്ട്.
പിന്തുണയുമായി കുടുംബം
ചെറുമകന്‍ ഇഹാന്‍ അലിയാണ് കൃഷിയിലും വിത്ത് വിതരണത്തിലും സഹായി. 50 സെന്റ് വീട്ടുപറമ്പില്‍ കൃഷിചെയ്യാന്‍ ഭാര്യ ഉമീസുല്‍ പര്‍വേസും നിസാമുദ്ദീന് കുട്ടായുണ്ട്. മക്കളായ ശഹാമ പര്‍വേസ്, ശദ, ശബ സൈനബ്, ചെറുമകള്‍ ഇഷാല്‍ ഫാത്തിമ എന്നിവരും സഹായങ്ങളുമായി കൂടെയുണ്ട്. വാട്ട്‌സ്ആപ്പ്, ഫേസ്ബുക് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വഴിയാണ് നിസാമുദ്ദീന്‍ വിത്തുകളെ കുറിച്ച് ആളുകളിലെത്തിക്കുന്നത്. വിത്ത് വേണ്ടവര്‍ 9567330440 എന്ന നമ്പറില്‍ വിളിച്ച് വിലാസം നല്‍കിയാല്‍ വീട്ടില്‍ എത്തിച്ചുനല്‍കുമെന്ന് നിസാമുദ്ദീന്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."