നന്മകള്‍ കൊതിക്കുന്നവരേ മുന്നോട്ടുവരൂ…
പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍
ആത്മീയോന്നതിയിലേക്ക് മനുഷ്യനെ ഉയര്‍ത്തുന്ന കര്‍മമാണ് വ്രതം. മനുഷ്യമനസുകള്‍ കരുത്തുറ്റതാക്കാന്‍ ഉപാസനയിലൂടെ മാര്‍ഗം തേടുന്നവരുണ്ട്. എന്നാല്‍ വിശ്വാസികള്‍ വ്രതമനുഷ്ഠിക്കുന്നത് കേവലം ആരോഗ്യപരിരക്ഷയ്‌ക്കോ മനോബലം നേടാനോ അല്ല. പടച്ചവന്റെ കല്‍പന അനുസരിച്ചു മാത്രമാണ്. അനിയന്ത്രിതമായി കമ്പോളവല്‍ക്കരണ താല്‍പര്യങ്ങള്‍ വര്‍ധിക്കുകയും മനുഷ്യനെ അതില്‍ തളച്ചിടുകയും ചെയ്യുന്നതോടുകൂടി പുതിയ ലോകക്രമങ്ങളാണ് ഉടലെടുത്തിരിക്കുന്നത്. മനുഷ്യനെ സോഷ്യല്‍ മീഡിയകളുടെ അടിമകളാക്കിയത് ഈ താല്‍പര്യങ്ങളാണ്. അതിനെ പൊട്ടിച്ചെറിഞ്ഞ് നന്മയുടെ മാധുര്യം നുണയാന്‍ നാം ശ്രമം നടത്തിയാല്‍ മാത്രമേ റമദാനിന്റെ പുണ്യം കരസ്ഥമാക്കാന്‍ സാധിക്കുകയുള്ളൂ.
പരിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ മാസമായതിനാല്‍ ഖുര്‍ആനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ വിശ്വാസി കഠിനപ്രയത്‌നം ചെയ്യണം. മുന്‍ഗാമികളായ സച്ചരിതര്‍ ഇതരജോലികളെല്ലാം മാറ്റിവച്ച് മറ്റു മാസങ്ങളേക്കാളധികം ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകുമായിരുന്നു. ഖുര്‍ആന്‍ അവതരിച്ച മാസത്തെ അര്‍ഹിക്കുന്ന പരിഗണനയോടെ സ്വീകരിക്കാന്‍ വിശ്വാസി അഹോരാത്രം പരിശ്രമിച്ചേ പറ്റൂ. ഖുര്‍ആന്‍ പാരായണം, പഠനം, ഖുര്‍ആനിന്റെ ആശയങ്ങളിലുള്ള ചിന്ത മുതലായവയ്ക്കു സവിശേഷ പ്രാധാന്യമുണ്ട്.
നബി(സ) പറഞ്ഞു: "ഖുര്‍ആനില്‍ ഒരക്ഷരം ഓതിയവന് പത്ത് നന്മയുണ്ട്. നന്മ അതിന്റെ പത്തിരട്ടി ഫലദായകമാണ്. അലിഫ് ലാം മീം എന്നത് ഒരക്ഷരമാണെന്ന് ഞാന്‍ പറയുന്നില്ല. അലിഫ് ഒരക്ഷരം. ലാം ഒരക്ഷരം. മീം മറ്റൊരക്ഷരം'. വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിന്റെ ശ്രേഷ്ഠത ഇതില്‍നിന്നും വ്യക്തമാണ്. അല്ലാഹു പ്രപഞ്ചത്തിന് നല്‍കിയ വെളിച്ചമാണ് ഖുര്‍ആന്‍. അര്‍ഥമറിയാതെ പാരായണം ചെയ്താല്‍ പോലും പുണ്യം ലഭിക്കുന്ന ഗ്രന്ഥമാണത്. അതിലെ ഓരോ അക്ഷരത്തിനും പ്രതിഫലമുണ്ട്. അതിനാല്‍ എപ്പോഴും സാധ്യമാകുന്നത്ര ഖുര്‍ആന്‍ ഓതാന്‍ വിശുദ്ധ റമദാനില്‍ നാം പ്രത്യേകം ശ്രദ്ധിക്കണം.
ദാനധര്‍മത്തിന്റെ പുണ്യമാസമാണ് റമദാന്‍. റമദാനില്‍ പ്രത്യേക ദാനധര്‍മം നിര്‍വഹിക്കുന്ന രീതി നബി (സ) തങ്ങള്‍ക്ക് ഉണ്ടായിരുന്നു. പ്രവാചകചര്യ പിന്തുടരുന്ന സ്വഹാബികളും ദാനകര്‍മം വര്‍ധിപ്പിച്ചു. റമദാനില്‍ കര്‍മങ്ങള്‍ക്ക് ഇരട്ടി പ്രതിഫലം നല്‍കുമെന്ന വാഗ്ദാനം ദാനധര്‍മം വര്‍ധിപ്പിക്കാന്‍ വിശ്വാസികള്‍ക്ക് പ്രോത്സാഹനമേകി. ഇത് മുസ്‌ലിം ലോകം തുടര്‍ന്നുപോന്നു. യതീംഖാനകളും മത സ്ഥാപനങ്ങളും മറ്റ് ദീനീ കേന്ദ്രങ്ങളും റമദാനിലെ ദാനധര്‍മങ്ങളെ പ്രതീക്ഷിച്ച് വളര്‍ന്നതാണ് ചരിത്രം. ആ രീതി പല ഖിലാഫത്തുകളിലും ലോകത്ത് നിലനിന്നിരുന്നു.
റമദാന്‍ ആത്മസംസ്‌കരണത്തിന്റെ പുണ്യമാസമാണ്. അല്ലാഹു പറയുന്നു: "നോമ്പ് എനിക്കുള്ളതാണ്. അതിന് പ്രതിഫലം നല്‍കുന്നതും ഞാനാണ്'. മറ്റൊരു ആരാധനയെയും കുറിച്ച് അല്ലാഹു ഇങ്ങനെ പ്രതിപാദിച്ചിട്ടില്ല. ഏറ്റവും ദൈര്‍ഘ്യം കൂടിയ പകലിലെ ഇബാദത്തും നോമ്പു തന്നെയാണ്. മറ്റു ഇബാദത്തുകളില്‍നിന്ന് നോമ്പിനെ വ്യതിരിക്തമാക്കുന്നത് ഇത്തരം പ്രത്യേകതകളാണ്. ദുര്‍ചിന്തകളും ദുര്‍വൃത്തികളും നീക്കി മനസും ശരീരവും വിശുദ്ധമാക്കുന്ന പ്രക്രിയയാണ് വ്രതാനുഷ്ഠാനം.
"സത്യവിശ്വാസികളെ, നിങ്ങളുടെ മുന്‍ഗാമികള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയതു പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ തഖ്‌വയുള്ളവരായിത്തീരാന്‍(വി.ഖു)'. നോമ്പുകളെല്ലാം കുറ്റമറ്റതാവാന്‍ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അപ്പോഴാണ് അത് തഖ്‌വയുള്ളതാകുക.
പ്രമുഖ പണ്ഡിതനായ ഇമാം ഗസ്സാലി (റ) പറയുന്നു. നോമ്പിനെ മൂന്നാക്കിയിരിക്കുന്നു. സാധാരണ നോമ്പ്്, അതിപ്രത്യേക നോമ്പ്്, പ്രത്യേക നോമ്പ്, വയറിന്റെയും ഗുഹ്യസ്ഥാനത്തിന്റെയും താല്‍പര്യങ്ങളെ നിയന്ത്രിച്ച് കര്‍മശാസ്ത്രം പറയുന്നതു പ്രകാരം ഫര്‍ള്, ശര്‍ത്വ് എല്ലാം ഉള്‍പ്പെടുത്തി നോല്‍ക്കുന്ന നോമ്പാണ് സാധാരണ നോമ്പ്. കണ്ണും കാതും കാലും തുടങ്ങി സര്‍വ അവയവങ്ങളും തെറ്റുകളില്‍നിന്ന് മുക്തമാക്കുന്നതാണ് അതിപ്രത്യേക നോമ്പ്. ഐച്ഛിക ഇച്ഛകളില്‍ നിന്നും പൂര്‍ണ മുക്തമായി ഇലാഹി സ്മരണയിലേക്ക് മാത്രം തിരിയുന്ന ഒരവസ്ഥയാണ് മൂന്നാമത്തേത്.
മനസിനെ സംസ്‌കരിക്കാനുള്ള സകല മാര്‍ഗങ്ങളും നാം അവലംബിക്കുകയും തിന്മകളില്‍നിന്ന് നാം മാറിനടക്കുകയും വേണം. കേവല നിരാഹാരവ്രതം പരലോകത്ത് പ്രതിഫലാര്‍ഹമല്ല. വാക്കും നോട്ടവും ചിന്തയും ശുദ്ധമാവണം. അനാവശ്യ പ്രവൃത്തി ഉപേക്ഷിക്കാത്തവര്‍ അന്നപാനീയങ്ങള്‍ ഒഴിവാക്കല്‍ അല്ലാഹുവിന് ആവശ്യമില്ല (ബുഖാരി). ഇങ്ങനെ ധാരാളം തിരുവചനങ്ങൾ നമുക്ക് കാണാം.
ഓര്‍ക്കുക, ഇത് നന്മയുടെ അഹ്‌ലുകാരെ ക്ഷണിക്കുന്ന മാസമാണ്. റമദാനില്‍ എല്ലാ ദിനത്തിലും "നന്മകള്‍ കൊതിക്കുന്നവരേ മുന്നോട്ടുവരൂ, തിന്മകള്‍ ആഗ്രഹിക്കുന്നവരേ അവ വര്‍ജിക്കൂ' എന്ന് ആകാശത്തില്‍നിന്ന് വിളിച്ചുപറയുന്നുണ്ട്. ഇതു റമദാനില്‍ മാത്രം സംഭവിക്കുന്ന ഒന്നാണ്. റമദാനിന്റെ എല്ലാ രാവുകളിലും ഒരു സംഘം ആളുകള്‍ക്ക് നരകത്തില്‍നിന്നും മോചനം നല്‍കി അവരെ സ്വര്‍ഗത്തിന്റെ ഉടമകളാക്കി മാറ്റുന്ന പ്രക്രിയ നടക്കുന്നുണ്ട്. അതില്‍ ഉള്‍പ്പെടാന്‍ അത്യധ്വാനം കൂടിയേ തീരൂ... മാനസികമായും ശാരീരികമായും. അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."