മീഡിയ ടവറിനു നേരെ ഇസ്‌റാഈല്‍ ആക്രമണം ഇന്ത്യന്‍ മാധ്യമങ്ങള്‍ അപലപിച്ചു
ന്യൂഡല്‍ഹി: ഗസയിലെ രാജ്യാന്തര മാധ്യമസ്ഥാപനങ്ങള്‍ക്കു നേരെ ഇസ്രാഈല്‍ അഴിച്ചുവിട്ട ആക്രമണങ്ങളെ ഇന്ത്യന്‍ മാധ്യമങ്ങള്‍ അപലപിച്ചു. സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ മാധ്യമപ്രവര്‍ത്തകരെയും മാധ്യമസ്ഥാപനങ്ങളെയും ലക്ഷ്യംവയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യയിലെ വിവിധ മാധ്യമസംഘടനകളും കൂട്ടായ്മകളും വ്യക്തമാക്കി. പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ വിമന്‍സ് പ്രസ് കോര്‍പ്, ദി പ്രസ് അസോസിയേഷന്‍ തുടങ്ങിയവയാണ് ആക്രമണത്തെ അപലപിച്ച് പ്രസ്താവനയിറക്കിയത്.
ആക്രമിക്കപ്പെട്ട കെട്ടിടം മാധ്യമപ്രവര്‍ത്തകരുടെ താമസസ്ഥലം കൂടിയായിരുന്നെന്നും ഗസയിലെ ആക്രമണങ്ങള്‍ പുറംലോകത്തെ അറിയിക്കുന്നതില്‍നിന്ന് വിലക്കാനാണ് മാധ്യമങ്ങളെ ലക്ഷ്യംവച്ചതെന്നും അവര്‍ സംയുക്ത പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായും ഇസ്രായേല്‍ നടപടി സ്വതന്ത്ര മാധ്യമപ്രവര്‍ത്തിന് നേര്‍ക്കുള്ള കടന്നുകയറ്റമാണെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്രാഈല്‍ നടത്തിയ ആക്രമണത്തെ നേരത്തെ ഐക്യരാഷ്ട്രസഭയും അപലപിച്ചിരുന്നു. അല്‍ജസീറ, അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് (എ.പി) എന്നീ മാധ്യമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഗസയിലെ കെട്ടിടത്തിലാണ് ഇസ്രാഈല്‍ സൈന്യം കഴിഞ്ഞദിവസം ബോംബാക്രമണം നടത്തിയത്. ആക്രമണത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകയും കുടുംബവും ഉള്‍പ്പെടെയുള്ളവരും കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."