യു.എന്നില്‍ ഫലസ്തീന് പിന്തുണ ആവര്‍ത്തിച്ച് ഇന്ത്യ
ന്യൂയോര്‍ക്ക്: ഫലസ്തീനില്‍ വ്യോമാക്രമണം ഇസ്‌റാഈല്‍ ശക്തമാക്കുന്നതിനിടെ ചേര്‍ന്ന യു.എന്‍ രക്ഷാസമിതിയില്‍ ഇന്ത്യ ഫലസ്തീന് പിന്തുണ ആവര്‍ത്തിച്ചു. ഇരുരാജ്യങ്ങളും സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ എത്രയും വേഗം കൈക്കൊള്ളണമെന്നും ദ്വിരാഷ്ട്ര പരിഹാരമെന്ന ഇന്ത്യയുടെ മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും ഇന്ത്യ അറിയിച്ചു. ഞായറാഴ്ചയാണ് ഫലസ്തീന്‍ വിഷയം യു.എന്‍ രക്ഷാസമിതി ചര്‍ച്ച ചെയ്തത്. കഴിഞ്ഞ ദിവസം ഇസ്‌റാഈലിനെ പിന്തുണച്ച രാഷ്ട്രങ്ങള്‍ക്ക് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നന്ദി അറിയിച്ചിരുന്നു. ഇതില്‍ നിന്ന് നെതന്യാഹു ഇന്ത്യയെ ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ മുന്‍ നിലപാട് ആവര്‍ത്തിച്ചത്.
ഫലസ്തീനിലും ഇസ്‌റാഈലിലുമായി 200 ഓളം പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിന് ഇരു രാജ്യങ്ങളും മുന്‍കൈ എടുക്കണമെന്നും അതിനായി അന്താരാഷ്ട്ര സമൂഹം നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണയുണ്ടാകുമെന്നും യു.എന്നിലെ ഇന്ത്യയുടെ അംബാസഡര്‍ ടി.എസ് തിരുമൂര്‍ത്തി പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരം എന്ന നിലപാടില്‍ ഇന്ത്യക്ക് അചഞ്ചലമായ ഉത്തരവാദിത്തമാണുള്ളത്. അതേസമയം, ഗസ്സയില്‍ നിന്ന് ഹമാസ് നടത്തുന്ന വിവേചനരഹിതമായ റോക്കറ്റ് ആക്രമണത്തെ അപലപിക്കുന്നതായും യു.എന്നില്‍ ഇന്ത്യ നിലപാടെടുത്തു. ഇത്തരംഘട്ടങ്ങളില്‍ ഇസ്‌റാഈല്‍ തിരിച്ചടിക്കുന്നത് സ്വാഭാവികമാണ്. ഇതിനെ മറ്റു രാജ്യങ്ങള്‍ വിശേഷിപ്പിച്ചതുപോലെ സമാധാന ലംഘനമായി കാണേണ്ടതില്ല.
ഇരുപക്ഷവും ഉടന്‍ ആക്രമണം നിര്‍ത്തുകയും സമാധാനം പുനഃസ്ഥാപിക്കുകയും വേണം. ഇസ്‌റാഈലില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് തൊടുപുഴ കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് ഉള്‍പ്പെടെയുള്ളവരെ പരാമര്‍ശിച്ചാണ് ഇന്ത്യന്‍ പ്രതിനിധി യു.എന്‍ രക്ഷാകൗണ്‍സിലില്‍ സംസാരിച്ചത്. വെസ്റ്റ്ബാങ്ക്, ഗസ്സ എന്നിവയുടെ മറ്റുഭാഗങ്ങളിലേക്ക് കൂടി സംഘര്‍ഷം വ്യാപിക്കുമെന്ന ആശങ്കയും ഇന്ത്യ പങ്കുവച്ചു. യു.എന്‍ രക്ഷാസമിതിയില്‍ രണ്ടു സ്വകാര്യ യോഗങ്ങള്‍ക്ക് ശേഷമാണ് തുറന്ന ചര്‍ച്ച നടന്നത്. ഇരുയോഗങ്ങളിലും റമദാനില്‍ മസ്ജിദുല്‍ അഖ്‌സയില്‍നടന്ന സംഘര്‍ഷങ്ങളില്‍ ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു.
കിഴക്കന്‍ ജറൂസലേമിലെ ശൈഖ് ജാറം, സില്‍വാന്‍ എന്നിവിടങ്ങളിലെ ഒഴിപ്പിക്കലിനെ കുറിച്ചും ഇന്ത്യ ആശങ്ക രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."