ഇസ്‌ലാമോഫോബിയ: ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ദയനീയാവസ്ഥ
പ്രൊഫ. കെ. അരവിന്ദാക്ഷൻ
ഇന്ത്യയിൽ ഇസ്‌ലാമോഫോബിയക്ക് സംഘടിത രൂപത്തിൽ തുടക്കംകുറിച്ചത് യോഗി ആദിത്യനാഥ് യു.പിയിലെ ബി.ജെ.പി-ആർ.എസ്.എസ് കൂട്ടുകെട്ടിന്റെ മുഖ്യമന്ത്രിയായി എത്തിയതോടെയാണ്. അവിടെ മുസ്‌ലിം ന്യൂനപക്ഷവിഭാഗക്കാരായ വ്യാപാരികളുടെ കടകളും കച്ചവടസ്ഥാപനങ്ങളും ഇടിച്ചുതകർത്തുകൊണ്ടാണ് മുസ്‌ലിം വേട്ടക്ക് തുടക്കമാകുന്നതും. ഇതിലൊന്നും മതിവരാതെ ബുൾഡോസർ ഉപയോഗിച്ച് മുസ്‌ലിം വീടുകളുടെയും നശീകരണം തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമായും ന്യൂനപക്ഷ അനൈക്യത്തിന്റെ ഫലമായി യു.പിയിൽ യോഗി വീണ്ടും അധികാരത്തിലെത്തി. അൽപം ഇടിവോടെയുള്ള ഭൂരിപക്ഷത്തോടെയാണെങ്കിലും അധികാരത്തിലെത്തിയതിന്റെ ഗർവോടെ യോഗി തന്റെ വിജയത്തിനിടയാക്കിയത് ബുൾഡോസർ പ്രയോഗമായിരുന്നു എന്നാണ് അവകാശപ്പെടുന്നത്.ഒട്ടും വൈകാതെ ഘാർഗോണിൽ മധ്യപ്രദേശിലെ ബി.ജെ.പി മുഖ്യമന്ത്രി ചൗഹാനും വ്യാപകമായ തോതിൽ ബുൾഡോസർ പ്രയോഗം നടപ്പാക്കുകയാണ്. ഏറ്റവുമൊടുവിൽ മുസ്‌ലിംവിരുദ്ധ ബുൾഡോസർ രാഷ്ട്രീയം ഡൽഹിയിലെ ജഹാംഗീർപുരിയിലും നടപ്പാക്കി.
ഡൽഹി നഗരവികസന കോർപറേഷന്റെ വക ഇടിച്ചുനിരത്തലിന് ന്യായീകരണമായി പറയുന്നത്, ഹനുമാൻ ജയന്തി യാത്രക്കുനേരെ മുസ്‌ലിം വിഭാഗക്കാരെന്ന് സംശയിക്കപ്പെടുന്നവർ നടത്തിയ ആക്രമണത്തിനു പകരംവീട്ടലായിരുന്നു എന്നാണ്. ഈ ബുൾഡോസിങ്ങിന് ഉത്തരഡൽഹി മുനിസിപ്പൽ കോർപറേഷന് ആവേശം പകർന്നതോ? ഡൽഹി ബി.ജെ.പി അധ്യക്ഷൻ 'അനധികൃത നിർമിതികൾ' തച്ചുതകർക്കണമെന്ന ആഹ്വാനം ചെയ്തതാണെന്നും ഓർക്കണം. നിഷ്പക്ഷ മാധ്യമപ്രവർത്തകർ അഭിപ്രായപ്പെടുന്നതിങ്ങനെ: ബി.ജെ.പിയുടെ ഈ രാഷ്ട്രീയ ബുൾഡോസറാണ് സ്വന്തം രാഷ്ട്രീയവൈദഗ്ധ്യവും കുതന്ത്രങ്ങളും വിജയത്തിലെത്തിക്കാൻ ഭാവിയിലും വിനിയോഗിക്കാൻ ഉദ്ദേശിക്കുന്നത്.
ഇന്ത്യൻ രാഷ്ട്രീയത്തിൽ നിലനിന്നിരുന്ന സൽബുദ്ധി ബുൾഡോസ് ചെയ്യപ്പെട്ടിരിക്കുകയാണെന്നാണ് പരമ്പരാഗതമായി മതനിരപേക്ഷതയിൽ വിശ്വസിച്ചിരുന്നവർ തുറന്നുപ്രകടമാക്കുന്ന വികാരം. ഇതോടെ നമുക്ക് നഷ്ടമായിരിക്കുന്നത് റിപ്പബ്ലിക്ക് എന്ന ആശയവും ഇന്ത്യ എന്ന സങ്കൽപവും ജനാധിപത്യം, വൈവിധ്യം എന്നിവയെല്ലാമാണ്. ഏതായാലും ഇത്തരമൊരു ദുരന്തത്തിലേക്ക് ഗാന്ധിജിയുടെയും പണ്ഡിറ്റ്ജിയുടെയും ഇന്ത്യയെ എത്തിച്ചത് 2009 മുതൽ നരേന്ദ്രമോദി-അമിത് ഷാ കൂട്ടുകെട്ട് തുടക്കമിട്ട അവിശുദ്ധ സഖ്യവും തുടർന്ന് ബി.ജെ.പി-സംഘ്പരിവാർ ശക്തികൾ 2014ൽ അധികാരത്തിലെത്തിയതുമാണ്. അതായത്, മതനിരപേക്ഷതയിലെ ഈ മാതൃകാസംവിധാനം ഭാഗികമായെങ്കിലും ഭൂരിപക്ഷ ഹിന്ദുവർഗീയതയുടെ ബുൾഡോസർ പ്രയോഗത്തെ തുടർന്ന് തകർന്നുകഴിഞ്ഞിരിക്കുന്നു.
ഇസ്‌ലാമോഫോബിയ ഒരു യാഥാർഥ്യമാണെന്ന് അംഗീകരിക്കുമ്പോൾ തന്നെ അതിന്റെ സങ്കീർണതകളും ഒട്ടും കുറവല്ലെന്നുകൂടി ഏറ്റുപറയാതെ കഴിയില്ലെന്നായിരിക്കുന്നു. പാശ്ചാത്യരാജ്യങ്ങളിൽ കാണപ്പെടുന്ന ഇസ്‌ലാമോഫോബിയയിൽനിന്ന് വ്യത്യസ്തമായ ഒന്നാണ് ഇന്ത്യയിലേത്. അവിടങ്ങളിൽ മുസ്‌ലിംവിരുദ്ധ വികാരങ്ങൾക്കിടയാക്കുന്നത് ഇസ്‌ലാമിൻ്റെ പേരിലുള്ള ജീവിതശൈലി, പാൻ ദേശീയത തുടങ്ങിയവയാണ്. എന്നാൽ ഇന്ത്യയിലെ ഇസ്‌ലാമോഫോബിയക്കു പിന്നിൽ ബി.ജെ.പിയേതര പാർട്ടികൾ മുസ്‌ലിം മതവിഭാഗങ്ങളുമായി ചങ്ങാത്തം പുലർത്തുന്നതിനോട് സംഘ്പരിവാർ സ്വീകരിച്ചേക്കാവുന്ന ശത്രുതാമനോഭാവത്തെ തുടർന്നുണ്ടാകുന്ന ആശങ്കകളാണ്. അതേത്തുടർന്നുള്ള നിരവധി ഒറ്റപ്പെട്ട അക്രമങ്ങളും പ്രത്യാക്രമങ്ങളും അതിന്റേതായ പങ്കുവഹിച്ചിട്ടുണ്ട്. ഇത്തരം നടപടികൾ മൂലമുണ്ടാകുന്ന ഭയപ്പാട് പതിൻമടങ്ങ് പെരുകുന്നതിനിടെയാണ് ബുൾഡോസർ രാഷ്ട്രീയം വരുന്നതും.
ഈ വിഭാഗത്തിൽപെടുന്നവർ മുസ്‌ലിം സമുദായത്തെ തള്ളിപ്പറയുകയോ ക്രൂരമായ ആക്രമണങ്ങൾക്കു വിധേയമാക്കുകയോ ചെയ്‌തേക്കില്ല. അതേയവസരത്തിൽ വളരെ തന്ത്രപരമായി, സംഘ്പരിവാറിന്റെ മുസ്‌ലിം ജനതക്കെതിരേയുള്ള കൈയേറ്റങ്ങളെ അപലപിക്കുകയും ചെയ്യില്ല. പരമാവധി ഇക്കൂട്ടർ ചെയ്യുക; സംഘ്പരിവാറിനെ വിഭാഗീയത, വർഗീയത, ബഹുസ്വരവിരുദ്ധത തുടങ്ങിയവ പ്രോത്സാഹിപ്പിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നതിന്റെ പേരിൽ വിമർശനവിധേയമാക്കുക എന്നതുമാത്രമായിരിക്കും. മാത്രമല്ല, മുസ്‌ലിംകൾ സംഘടിപ്പിക്കുന്ന കൂട്ടായ്മകളിൽനിന്ന് കഴിയുന്നത്ര അകലം പാലിക്കുകയും ചെയ്‌തേക്കാം. മുസ്‌ലിം നാമധാരികൾ അതു ഷാരൂഖ് ഖാൻ ആയാൽ തന്നെ അവരുമായി സംസാരിക്കുക പോലും ചെയ്യുന്നതിൽനിന്ന് ഒഴിഞ്ഞുമാറാനിടയുണ്ട്. ഇത്തരം വികാരപ്രകടനങ്ങൾ ഇസ്‌ലാമോഫോബിയയായി വിജയിപ്പിക്കാൻ സാധ്യമല്ല. മറിച്ച് സ്വന്തം ജീവഹാനിയെ മുന്നിൽ കണ്ടുകൊണ്ടായിരിക്കണം. അതിന്റെ ആശങ്ക മുൻനിർത്തിയുമായിരിക്കാം.
ഇതെല്ലാം ഒരുഭാഗത്ത് നടക്കുമ്പോൾ തന്നെ മറുവശത്താവട്ടെ കർഷകപ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടപ്പോൾ അവരോടൊപ്പം ചേർന്ന് ബി.ജെ.പിവിരുദ്ധ നിലപാടുകളിൽ ഉറച്ചുനിൽക്കാൻ സംഘ്പരിവാർവിരുദ്ധ ഹിന്ദുസമുദായാംഗങ്ങൾ അറച്ചുനിന്നതുമില്ല. പൗരത്വ നിയമഭേദഗതി പ്രക്ഷോഭം നടന്നപ്പോൾ സമാനമായൊരു പരസ്യ നിലപാടെടുക്കാൻ സംഘ്പരിവാർവിരുദ്ധ ഹിന്ദുസമുദായാംഗങ്ങൾ മുന്നോട്ടുവരാനും തയാറായില്ല എന്നതും ഒരു വസ്തുതയാണ്. എന്നാൽ ഈ നിലപാട് ഇസ്‌ലാമോഫോബിയയായി വ്യാഖ്യാനിക്കപ്പെടുന്നതും ശരിയല്ല. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, അധികാരത്തിലെത്തുന്നതിന് മുസ്‌ലിംവോട്ടുകൾ ഇരുകൈയും നീട്ടി സ്വീകരിക്കാൻ നെട്ടോട്ടമോടുന്നവർ സംഘ്പരിവാറിന്റെ ബുൾഡോസർ രാഷ്ട്രീയത്തെ എതിർക്കാൻ ധൈര്യപ്പെടുന്നില്ല.
യോഗി ആദിത്യനാഥിന്റെ യു.പിയിലും ചൗഹാന്റെ മധ്യപ്രദേശിലും അമിത് ഷായുടെ നേരിട്ടുള്ള ഇടപെടലിലൂടെ ഡൽഹിയിലെ ജഹാംഗീർപുരിയിലും നേരത്തെ പ്രയോഗത്തിലിരുന്ന ദേശീയ സുരക്ഷാനിയമ(എൻ.എസ്.എ)ത്തേക്കാൾ കഠിനമായ ശിക്ഷാനടപടികൾക്ക് വഴിയൊരുക്കുന്ന ബുൾഡോസർ പ്രയോഗമാണിപ്പോൾ നടന്നുവരുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് രസകരമായി കാണാൻ കഴിയുന്ന മറ്റൊന്നുണ്ട്. ദിഷാ രവിക്കെതിരേ വിചാരണയില്ലാതെ തടവുശിക്ഷക്ക് ഒരുമ്പെട്ട നടപടിയെ പരസ്യമായി വിമർശിച്ചവർ തന്നെയാണ് ജെ.എൻ.യു സമരവും അലിഗഡ് മുസ്‌ലിം സർവകലാശാല സമരവും ശക്തിയാർജിച്ചിരുന്ന സമയത്ത് ഉമർ ഖാലിദ്, ഷർജീൽ ഇമാം, മീരാൻ ഹൈദർ തുടങ്ങിയവർക്ക് അനുകൂലമായ പരസ്യ നിലപാടെടുക്കാൻ തയാറാവാതെ ഒഴിഞ്ഞുമാറിയത്. സമാനമായ ഒഴിഞ്ഞുമാറൽ സമീപനമായിരുന്നു മുസ്‌ലിം സമുദായാംഗങ്ങളല്ലാതിരുന്ന ദേവാംഗന കലിത, നടാഷ നർവാൾ തുടങ്ങിയവർ എൻ.എസ്.എക്കെതിരേയും മുസ്‌ലിംവിരുദ്ധതയ്‌ക്കെതിരേയും രംഗത്തുവന്നപ്പോഴുമുണ്ടായത്. അവരെ പിന്തുണക്കാൻ മതേതരത്വത്തിന്റെ പേരിൽ ഊറ്റംകൊള്ളുന്നവർ പലരും സന്നദ്ധരാവില്ല.
മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ പൊതുവിൽ മതനിരപേക്ഷതയിൽ തങ്ങൾക്കുള്ള അടിയുറച്ച വിശ്വാസം ആണയിട്ടു പറയുമ്പോഴും മുസ്‌ലിം സമുദായത്തോട് അടുത്ത സൗഹൃദം പങ്കിടാനോ അവരുടെ താൽപര്യങ്ങൾക്കായി പരസ്യ നിലപാടെടുക്കാനോ തയാറാകുന്നില്ലെന്നതാണ് വസ്തുത. കാപട്യവും ഭീരുത്വവുമാണ് ആധുനിക ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്. ഇത്തരം വികാരങ്ങൾക്കു മുന്നിൽ മതനിരപേക്ഷത നിഷ്പ്രഭമായിത്തീരുന്നു. ഗത്യന്തരമില്ലാതാവുമ്പോൾ പ്രശ്‌നപരിഹാരം കോടതികൾക്ക് വിട്ടുകൊടുക്കുന്നു. കോടതികൾ തങ്ങളുടെ താൽപര്യാനുസൃതം വിധിപ്രസ്താവത്തിന് തയാറാവാത്തപക്ഷം അവർക്ക് നട്ടെല്ലില്ലാത്തതാണ് അതിനുള്ള കാരണമെന്ന് ആരോപണം ഉന്നയിച്ച് മാളത്തിലൊളിക്കുകയുമാണ് ചെയ്തുവരുന്നത്. ചിലപ്പോൾ ഒരു ഭരണഘടനാ സ്ഥാപനമായ തെരഞ്ഞടുപ്പ് കമ്മിഷന്റെ തലയിൽ ഇതിന്റെ പഴിചാരി ഒഴിഞ്ഞുമാറാനും ശ്രമിക്കുന്നു. സൗകര്യപ്പെടുമ്പോഴെല്ലാം മാധ്യമങ്ങളുടെ പേരിൽ കുറ്റംചുമത്താനും കപടമതനിരപേക്ഷവാദികൾ മടിച്ചുനിൽക്കാറില്ല. അതായത്, ഏതുവിധേനയും പ്രതിസന്ധികളിൽനിന്ന് സുരക്ഷിതമായി ഒഴിഞ്ഞുനിൽക്കുന്നതിനാണ് അവയെ ധൈര്യസമേതം ഏറ്റെടുക്കുന്നതിനു പകരം അവർ സ്വീകരിക്കുന്ന അടവും തന്ത്രവും.
മതനിരപേക്ഷ പ്രത്യയശാസ്ത്രത്തിൽ അടിയുറച്ച് വിശ്വസിക്കുന്നവർ ഇത്തരം അനാരോഗ്യകരമായ പ്രവണതകൾക്കെതിരേ പ്രതിരോധമുയർത്തുന്നതിൽ തീർത്തും നിസഹായരാണ്. കാരണം, ഇന്ത്യയുടെ ഹൃദയഭാഗത്തെ സമ്മതിദായകരിൽ ബഹുഭൂരിഭാഗം പ്രദേശങ്ങളും ഭൂരിപക്ഷ ഹിന്ദുവോട്ടർമാരാണ് നിർണായക സ്ഥാനത്തുള്ളത്. മുസ്‌ലിം സമുദായത്തിൽപെട്ടവരടക്കമുള്ള ന്യൂനപക്ഷം തീർത്തും അപ്രസക്തവുമാണ്. അതുകൊണ്ടുതന്നെ ന്യൂനപക്ഷത്തിനെതിരായ നീക്കങ്ങൾക്കെതിരായി ശക്തമായ നിലപാടുകളെടുക്കുന്നതും ഫലപ്രദമാവില്ല. കാരണം, ആ വിധത്തിലുള്ള ഓരോ നീക്കവും തീവ്ര ഹിന്ദുത്വവാദികൾക്ക് അനുകൂലമായി മാറുകയാണ് ചെയ്യുക. ഇത്തരമൊരു സാഹചര്യമാണ് യു.പിയിലെയും മധ്യപ്രദേശിലെയും ഗുജറാത്തിലെയും ഏറ്റവുമൊടുവിൽ ഡൽഹിയിലെ ജഹാംഗീർപുരിയിലെ ബുൾഡോസർ പ്രയോഗവുമായി ബന്ധപ്പെട്ട ഇടതുപക്ഷപാർട്ടികൾ ഒഴികെ മറ്റു മതനിരപേക്ഷ ലേബലുകളിലുള്ള ദേശീയപാർട്ടികളിലെ നേതാക്കളിൽനിന്ന് വളരെ കരുതലോടെയുള്ള വിമർശനത്തിനിടയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."