ഇന്ധനവിലകളിൽ എരിയുന്ന ജനജീവിതം
ആഭ്യന്തരോൽപാദനത്തിന്റെയും ദേശീയവരുമാനത്തിന്റെയുമൊക്കെ കണക്കുകളിൽ ലോകത്തിനു മുന്നിൽ തിളങ്ങിനിൽക്കുന്ന ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതം ഒട്ടും തിളങ്ങുന്നില്ലെന്നു മാത്രമല്ല പ്രാരാബ്ധങ്ങളുടെ പൊരിവെയിലിൽ വെന്തുരുകുകയുമാണ്. കൊവിഡ് ഏൽപ്പിച്ച ആഘാതത്തിൽനിന്ന് സമ്പദ്ഘടന പൂർണ മുക്തി നേടിയില്ലാത്തതിനാൽ സാധാരണക്കാരുടെ തൊഴിൽദിനങ്ങളുടെ എണ്ണത്തിലും അതുവഴി വരുമാനത്തിലുമുണ്ടായ വലിയ കുറവിനോടൊപ്പം കുതിച്ചുയരുന്ന വിലക്കയറ്റവും ചേരുമ്പോൾ ദുരിതങ്ങളുടെ നിലയില്ലാക്കയത്തിലേക്കാണ് ജനത തള്ളിവീഴ്ത്തപ്പെടുന്നത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തോടൊപ്പം അടിക്കടിയുണ്ടാകുന്ന എണ്ണ, പാചകവാതക വിലകളുടെ കുതിപ്പും ചേരുമ്പോൾ ദുരിതങ്ങളുടെ തീവ്രതയേറുകയാണ്.
പെട്രോൾ, ഡീസൽ വില ദിനംപ്രതിയെന്നോണം കൂടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് പാചകവാതക വിലയും കുതിക്കുന്നത്. കഴിഞ്ഞ ദിവസം സബ്‌സിഡിയില്ലാത്ത ഗാർഹിക പാചകവാതക വില ഒറ്റയടിക്ക് സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചതോടെ രാജ്യത്തെങ്ങും വില 1,000 രൂപ കടന്നിരിക്കുകയാണ്. കേരളത്തിൽ വില 1,006.50 രൂപയിലെത്തിയപ്പോൾ മറ്റു പല സംസ്ഥാനങ്ങളിലും അതിനും മുകളിലാണ്. രണ്ടു മാസത്തിനിടയിലുണ്ടായ രണ്ടാമത്തെ വർധനയാണിത്. ഈ മാസം തുടക്കത്തിൽ വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില സിലിണ്ടറിന് 102.50 രൂപ വർധിപ്പിക്കുകയുമുണ്ടായി.
എണ്ണക്കമ്പനികളാണ് വില വർധിപ്പിക്കുന്നതെന്നു പറഞ്ഞ് കേന്ദ്ര ഭരണകൂടവും ഭരണകക്ഷിയായ ബി.ജെ.പിയും കൈകഴുകുന്നുണ്ടെങ്കിലും ഈ കൊള്ളയുടെ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനു തന്നെയാണ്. എണ്ണക്കമ്പനികളുടെ കൺസോർഷ്യമാണ് പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയുമൊക്കെ വില നിശ്ചയിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖലാ എണ്ണക്കമ്പനികളുടെ തീരുമാനമാണ് ഇതിൽ നിർണായകം. കേന്ദ്ര സർക്കാരിന് അതിൽ ഇടപെടാവുന്നതാണ്. എന്നാൽ സ്വകാര്യ മേഖലയിലെ എണ്ണക്കമ്പനികളോടൊപ്പം ചേർന്ന് ജനതയെ കൊള്ളയടിക്കുകയാണ് കേന്ദ്ര ഭരണകൂടം.
ഇന്ധനവിലകൾ കേന്ദ്ര ഭരണകൂടം തന്നെ നിശ്ചയിക്കുന്ന രീതിയാണ് നേരത്തെ ഉണ്ടായിരുന്നത്. വില തീരുമാനിക്കാനുള്ള അവകാശം എണ്ണക്കമ്പനികൾക്ക് വിട്ടുകൊടുത്തത് ഡോ. മൻമോഹൻ സിങ് നേതൃത്വം നൽകിയ രണ്ടാം യു.പി.എ സർക്കാരാണ്. എങ്കിലും യു.പി.എ സർക്കാരിന്റെ കാലത്ത് വിലവർധനയെ ഒരു പരിധി വരെ പിടിച്ചുനിർത്താൻ കേന്ദ്ര സർക്കാർ ഇടപെട്ടിരുന്നു. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതോടെ ആ സ്ഥിതിയാകെ മാറി. കേന്ദ്ര സർക്കാരും എണ്ണക്കമ്പനികളും ഒത്തുകളിച്ച് ഇഷ്ടാനുസരണം വില കൂട്ടുകയാണിപ്പോൾ.
ഗാർഹിക പാചകവാതകത്തിന് നേരത്തെ കേന്ദ്രം സബ്സിഡി നൽകിയിരുന്നു. ക്രൂഡ് ഓയിൽ വില കുതിച്ചുയർന്ന സാഹചര്യത്തിൽ ഗാർഹിക പാചകവാതക വില സിലിണ്ടറിന് 1,241 രൂപ വരെ എത്തിയ 2013- 2014 കാലയളവിൽ വിലയുടെ പകുതിയിലധികം സബ്സിഡിയായി ലഭിച്ചിരുന്നു. എന്നാൽ സബ്സിഡി ലഭിക്കാതായിട്ട് വർഷം രണ്ടായി. ആ ആശ്വാസവും റദ്ദാക്കിക്കൊണ്ട് ജനങ്ങളെ ദ്രോഹിക്കുകയാണ് കേന്ദ്ര സർക്കാർ.
പാചകവാതകം ഗാർഹികാവശ്യത്തിനുള്ളതായാലും വാണിജ്യാവശ്യത്തിനുള്ളതായാലും വില വർധനവിന്റെ ദുരിതമനുഭവിക്കുന്നത് സാധാരണക്കാർ തന്നെയാണ്. ഗാർഹിക പാചകവാതകത്തിന്റെ വിലയിലുണ്ടാകുന്ന വർധന കുടുംബബജറ്റിൽ നേരിട്ടു തന്നെ വർധനയുണ്ടാക്കുന്നു. വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില കൂടുമ്പോൾ അതിനനുസരിച്ച് ഭക്ഷണവില കൂട്ടാൻ തട്ടുകടകൾ മുതൽ വൻകിട ഹോട്ടലുകൾ വരെയുള്ള ഭോജനശാലകൾ നിർബന്ധിതരാകുകയും ചെയ്യുന്നു. ഇതിന്റെ ഫലമനുഭവിക്കുന്നതും സാധാരണക്കാർ തന്നെയാണ്.
വിലവർധനയെ ന്യായീകരിക്കാൻ ജനതയെ പരിഹസിക്കുന്ന വിധത്തിലുള്ള തരംതാണ പ്രചാരണങ്ങളാണ് കേന്ദ്ര സർക്കാരിനു വേണ്ടി സംഘ്പരിവാർ സംഘടനകൾ നടത്തുന്നത്. പാചകവാതകത്തിന്റെ ആവശ്യം സമ്പന്നർക്കു മാത്രമാണെന്നും സാധാരണക്കാർക്ക് വിറകുപയോഗിച്ച് ഈ വിലവർധനയിൽനിന്ന് രക്ഷ നേടാമെന്നുമൊക്കെയാണ് അവരുടെ പ്രചാരണം. ഏറെ മാറിപ്പോയ സാമൂഹ്യസാഹചര്യങ്ങളെ ബോധപൂർവം മറച്ചുവച്ചുകൊണ്ടാണ് ഇത്തരം പ്രചാരണങ്ങൾ. പഴയതുപോലെ വിറക് എല്ലായിടത്തും ലഭ്യമാകുന്ന കാലമല്ല ഇത്. മാത്രമല്ല പാചകത്തിന് വിറകിനെ ആശ്രയിച്ചാലുണ്ടാകുന്ന സമയനഷ്ടം മൂലം തൊഴിലെടുത്ത് ജീവിക്കാനാവാത്ത അവസ്ഥയുമുണ്ട്. അത്രയേറെ മാറിപ്പോയിരിക്കുന്നു തൊഴിൽ സാഹചര്യങ്ങൾ. മണ്ണെണ്ണയ്ക്കും ഇപ്പോൾ തീവിലയാണ്. സാമ്പത്തികമായി താഴേക്കിടയിലുള്ള കൂലിത്തൊഴിലാളികളുടെ കുടുംബങ്ങൾക്കു പോലും പാചകവാതകത്തെ ആശ്രയിക്കാതെ ജീവിക്കാനാവാത്ത സാഹചര്യമാണ് രാജ്യത്തുള്ളത്.
തീവ്ര വർഗീയത പ്രചരിപ്പിച്ച് ജനതയുടെ കണ്ണിൽ പൊടിയിട്ട് നേടിയെടുത്ത ജനസമ്മതിയുടെ ബലത്തിലാണ് മോദി സർക്കാർ ഇതുപോലുള്ള ജനദ്രോഹ നടപടികളുമായി മുന്നോട്ടുപോകുന്നത്. ഇതുവഴിയുണ്ടാകുന്ന ജനരോഷത്തെ മറികടക്കാൻ തെരഞ്ഞെടുപ്പുകൾ വരുമ്പോൾ എണ്ണ, പാചകവാതക വില വർധന താൽകാലികമായി നിർത്തിവയ്ക്കുകയും വ്യാജ വിവരങ്ങളും വർഗീയതയും പ്രചരിപ്പിക്കുന്നത് ആവർത്തിക്കുകയും ചെയ്യും. അത്തരം തന്ത്രങ്ങളിലൂടെ ജനവികാരത്തെ മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ് മോദി സർക്കാർ. രാഷ്ട്രീയമായി എളുപ്പത്തിൽ വഞ്ചിക്കാനാവുന്ന ജനസമൂഹങ്ങളെ ഭരണകൂടങ്ങൾക്ക് എങ്ങനെ വേണമെങ്കിലും ദ്രോഹിക്കാമെന്നാണ് മോദി ഭരണകൂടം നമുക്ക് കാട്ടിത്തരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."